ചൈനയ്‌ക്കെതിരേ ഇറക്കുമതിച്ചുങ്കം ചുമത്താനൊരുങ്ങി അമേരിക്ക
ചൈനയ്‌ക്കെതിരേ ഇറക്കുമതിച്ചുങ്കം ചുമത്തുന്നതടക്കമുള്ള നടപടികള്‍ അമേരിക്ക ആലോചിക്കുന്നു. ചൈന ബൗദ്ധിക സ്വത്തവകാശ ലംഘനം നടത്തി എന്നുള്ള പരാതിയുടെകൂടി പശ്ചാത്തലത്തിലാണിത്. അമേരിക്കയിലെ ചൈനീസ് മൂലധന നിക്ഷേപത്തിനു നിയന്ത്രണം കൊണ്ടുവരാനും ഡോണള്‍ഡ് ട്രംപ് ആലോചിക്കുന്നുണ്ട്.
കഴിഞ്ഞയാഴ്ച സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്കു പ്രഖ്യാപിച്ച ചുങ്കത്തില്‍നിന്നു വ്യത്യസ്തമാണ് പുതിയ നടപടികള്‍. ആ ചുങ്കം ചുമത്തല്‍ ഏതെങ്കിലും രാജ്യത്തിനെതിരേയല്ല. എല്ലാ രാജ്യത്തുനിന്നുമുള്ള ഇറക്കുമതിക്കു ബാധകമാണ്. ആ പ്രഖ്യാപനംതന്നെ വാണിജ്യയുദ്ധത്തെപ്പറ്റി ഭീതി ജനിപ്പിച്ചു കഴിഞ്ഞു. ചുങ്കം ചുമത്തുന്ന ഉത്തരവ് ഇറങ്ങിയശേഷമേ മറ്റു രാജ്യങ്ങളുടെ പ്രതികരണമറിയൂ.
ചൈനയെ വാണിജ്യമേഖലയിലും മറ്റു രംഗങ്ങളിലും ഒതുക്കണമെന്നു ട്രംപ് പലതവണ പറഞ്ഞിട്ടുള്ളതാണ്. ഇലക്‌ട്രോണിക് സാധനങ്ങള്‍, വസ്ത്രങ്ങള്‍, ഷൂസ് തുടങ്ങിയവയുടെ ഇറക്കുമതി നിരുത്സാഹപ്പെടുത്താനാണു ട്രംപിന്റെ നോട്ടം.
ട്രംപ് ഭരണകൂടത്തില്‍ ഇതേപ്പറ്റി ഭിന്നാഭിപ്രായമുണ്ട്. ചുങ്കം ചുമത്തലിന്റെ പേരില്‍ മുഖ്യ സാന്പത്തിക ഉപദേഷ്ടാവ് ഗാരി കോഹന്‍ രാജി പ്രഖ്യാപിച്ചു. വേറേ പലരുമുണ്ട് ആ ജോലിക്ക് എന്നു പറഞ്ഞു ട്രംപ് രാജിയെ നിസാരവത്കരിച്ചു. ചൈനീസ് ഇറക്കുമതിക്കു ചുങ്കം ചുമത്തുമ്പോള്‍ രാജ്യത്തു വിലക്കയറ്റത്തോത് കൂടുമെന്നു പലരും മുന്നറിയിപ്പുനല്കുന്നു. സൂപ്പര്‍ മാര്‍ക്കറ്റുകളിലെ സാധനങ്ങളില്‍ മിക്കവയും ചൈനീസ് ആണെന്നത് അവര്‍ ചൂണ്ടിക്കാട്ടുന്നു.
എന്നാല്‍, ചൈനയുമായുള്ള വാണിജ്യത്തില്‍ അമേരിക്കയ്ക്കുള്ള ഭീമമായ കമ്മി ട്രംപ് എടുത്തുപറയുന്നു. 37,500 കോടി ഡോളര്‍ (24.38 ലക്ഷം കോടി രൂപ) കമ്മിയാണു ചൈനയുമായുള്ള വ്യാപാരത്തില്‍ കഴിഞ്ഞവര്‍ഷം ഉണ്ടായത്.
https://www.facebook.com/Malayalivartha