ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്... വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി
ഹജ്ജ് സബ്‌സിഡി പിന്‍വലിച്ചെങ്കിലും ഇത്തവണത്തെ ഹജ്ജ് വിമാന ടിക്കറ്റ് നിരക്കില്‍ കുറവ്. അതേസമയം, വിമാനത്താവള നിരക്കില്‍ വന്‍ വര്‍ധന വന്നതിനാല്‍ തീര്‍ഥാടകര്‍ക്ക് ടിക്കറ്റ് നിരക്ക് കുറഞ്ഞതിന്റെ ആനുകൂല്യം നഷ്ടമായി. നെടുമ്പാശ്ശേരിയില്‍നിന്ന് പുറപ്പെടുന്ന കേരളത്തിലെ തീര്‍ഥാടകര്‍ ഇത്തവണ വിമാന ടിക്കറ്റ് നിരക്കും വിമാനത്താവള നിരക്കുമുള്‍പ്പെടെ നല്‍കേണ്ടത് 74,450 രൂപയാണ്. ഇതില്‍ 59,871.61 രൂപ വിമാന ടിക്കറ്റ് നിരക്കും 14,571.38 രൂപ വിമാനത്താവള നിരക്കുമായാണ് നിശ്ചയിച്ചത്.
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ 12,941 രൂപ കുറഞ്ഞെങ്കിലും വിമാനത്താവള നിരക്കില്‍ 11,011 രൂപയുടെ വര്‍ധനയാണ് വന്നത്. 2017ല്‍ 72,812 രൂപയായിരുന്നു നെടുമ്പാശ്ശേരിയില്‍ നിന്നുള്ള നിരക്കായി നിശ്ചയിച്ചത്. ഇതില്‍ 10,750 രൂപ സബ്ഡിഡി കിഴിച്ച് തീര്‍ഥാടകര്‍ 62,065 രൂപയാണ് ടിക്കറ്റ് നിരക്കായി നല്‍കിയത്. ഇതിനോടൊപ്പം വിമാനത്താവള നിരക്കായ 3,560 ഉള്‍പ്പെടെ 65,625 രൂപയായിരുന്നു അന്തിമമായി ഈടാക്കിയത്.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വര്‍ഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ട തീര്‍ഥാടകരുടെ യാത്രനിരക്ക് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചു. അസീസിയ കാറ്റഗറിയില്‍ ഹജ്ജിന് പുറപ്പെടുന്ന തീര്‍ഥാടകന്‍ ഇത്തവണ 2,22,200 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,41,200 രൂപയാണ് ഇനി അടക്കേണ്ടത്. ഈ വിഭാഗത്തില്‍ ഇക്കുറി 20,450 രൂപയുടെ വര്‍ധനവുണ്ട്. അസീസിയയില്‍ 2017ല്‍ 2,01,750 രൂപയും 2016ല്‍ 1,83,300 രൂപയുമായിരുന്നു.
ഗ്രീന്‍ കാറ്റഗറിയിലും സമാന രീതിയിലുള്ള വര്‍ധനവാണ് വന്നിരിക്കുന്നത്. ഈ വിഭാഗത്തില്‍ ഇത്തവണ 2,56,350 രൂപയാണ് അടക്കേണ്ടത്. ആദ്യഗഡുവായ 81,000 രൂപ കിഴിച്ച് 1,75,350 രൂപ ഗ്രീന്‍ കാറ്റഗറിക്കാര്‍ ഇനി അടക്കണം. ഗ്രീന്‍ കാറ്റഗറിയില്‍ ഇക്കുറി 21,200 രൂപയുടെ വര്‍ധനവാണുള്ളത്. 2017ല്‍ ഈ വിഭാഗത്തില്‍ 2,35,150 രൂപയും 2016ല്‍ 2,17,150 രൂപയുമായിരുന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി നിശ്ചയിച്ചത്. ബലികര്‍മങ്ങള്‍ ആവശ്യമുള്ളവര്‍ അധികമായി 8000 രൂപ നല്‍കണം. നേരത്തെ ഹജ്ജ്, ഉംറ നിര്‍വഹിച്ചവരാണെങ്കില്‍ 2000 സൗദി റിയാലും ഈടാക്കും
https://www.facebook.com/Malayalivartha