മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ ഇന്ത്യന്‍ വിപണിയില്‍
മിനി കൂപ്പറിന്റെ 2018 മോഡലുകള്‍ കമ്പനി പുറത്തിറക്കി. മൂന്ന് ഡോറുള്ള കൂപ്പറിന്റെ എസ്, ഡി, അഞ്ച് ഡോറുള്ള ഡി, കണ്‍വേര്‍ട്ടിബള്‍ മോഡല്‍ എസ് എന്നിവയാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പുറത്തിറക്കുന്നവ. പൂര്‍ണമായും വിദേശത്ത് നിര്‍മിച്ച് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ ജൂണ്‍ മുതല്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും.
പുതിയ എല്‍.ഇ.ഡി ഹെഡ്‌ലൈറ്റ്, അലോയ് വീലുകള്‍ എന്നിവ മോഡലില്‍ മിനി നല്‍കിയിട്ടുണ്ട്. പുതിയ മൂന്ന് നിറങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇന്റീരിയറില്‍ പ്രീമിയം തുകലിന്റെ സാന്നിധ്യം കാണാം. പുതുമയുള്ള രീതിയിലാണ് ത്രീ സ്‌പോക് സ്റ്റിയറിങ് വീലിന്റെ ഡിസൈന്‍. മോഡലിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത പുതിയ ലോഗോയോട് മിനി കൂപ്പര്‍ വിപണിയിലെത്തുന്നു എന്നതാണ്.
എന്‍ജിനില്‍ കാര്യമായ മാറ്റങ്ങളൊന്നും മിനിയിലില്ല. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് കൂപ്പര്‍ എസിനും കണ്‍വര്‍ട്ടബിളിനും. 189 ബി.എച്ച്.പി കരുത്താണ് എന്‍ജിന്‍ നല്‍കുക. കൂപ്പറിന്റെ ഡി വകഭേദത്തില്‍ 1.5 ലിറ്റര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനാണ് ഉണ്ടാവുക. മുന്‍ മോഡലുകളുമായി താരത്മ്യം ചെയ്യുമ്പോള്‍ ഇന്ധന ഉപഭോഗം അഞ്ച് ശതമാനം കുറക്കാന്‍ കമ്പനിക്ക് ആയിട്ടുണ്ട്. ഡ്യൂവല്‍ ഫ്രണ്ട് എയര്‍ബാഗ്, ബ്രേക്ക് അസിസ്റ്റ്, ക്രാഷ് സെന്‍സര്‍, എ.ബി.എസ്, ഡി.എസ്.സി, പാര്‍ക്കിങ് സെന്‍സര്‍, കോര്‍ണറിങ് ബ്രേക്ക് കംട്രോള്‍ തുടങ്ങിയ സുരക്ഷ സംവിധാനങ്ങളെല്ലാം മിനി കൂപ്പറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
മൂന്ന് ഡോറുള്ള മിനി കുപ്പര്‍ ഡി വകഭേദത്തിന് 29 ലക്ഷവും എസിന് 33.20 ലക്ഷവുമായിരിക്കും വില. അഞ്ച് ഡോറുള്ള മോഡലിന്റെ ഡി വകഭേദത്തിന് 35.00 ലക്ഷവും കണ്‍വെര്‍ട്ടബിള്‍ മോഡലിന് 37.10 ലക്ഷവുമായിരിക്കും വില.
https://www.facebook.com/Malayalivartha