പെട്രോള്‍- ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി... ജൂണ്‍ ഒന്നു മുതല്‍ ഇന്ധനവില ഒരു രൂപ കുറയും
പെട്രോള്‍, ഡീസല്‍ വില കുത്തനെ ഉയരുന്നതിനിടെ സംസ്ഥാന സര്‍ക്കാരിന്റെ ആശ്വാസ നടപടി. പെട്രോളിന്റെ വില്‍പ്പന നികുതി 1.69 ശതമാനവും ഡീസലിന്റെ നികുതി 1.75 ശതമാനവും കുറയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. നികുതിയിളവ് നാളെ മുതല്‍ പ്രാബല്യത്തിലാകുന്നതോടെ പെട്രോളിനും ഡീസലിനും ലിറ്ററിന് ഒരു രൂപ കുറയും. നികുതി കുറച്ചതിലൂടെ സംസ്ഥാനത്തിന്റെ പ്രതിവര്‍ഷ നികുതി വരുമാനത്തില്‍ 509 കോടി രൂപയുടെ കുറവുണ്ടാകുമെന്നു മന്ത്രിസഭായോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
കേരളം സാമ്പത്തികമായി അത്ര മെച്ചമായ സ്ഥിതിയിലല്ല, കാര്യമായ പരിമിതിയുമുണ്ട്. എങ്കിലും കേന്ദ്രസര്‍ക്കാരിനു സന്ദേശമെന്ന നിലയിലാണ് ഈ തീരുമാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. പെട്രോളിനു 31.8 ശതമാനവും ഡീസലിന് 24.52 ശതമാനവുമാണു കേരളത്തില്‍ ഇപ്പോഴുള്ള വില്‍പ്പന നികുതിയെന്നു ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഒരു ലിറ്റര്‍ പെട്രോളിന് 9.20 രൂപയായിരുന്ന എക്‌സൈസ് നികുതി ഇപ്പോള്‍ 19.48 രൂപയാണ്.
ഒരു ലിറ്റര്‍ ഡീസലിന്റെ വിലയില്‍ 15.33 രൂപയാണു കേന്ദ്രത്തിന്റെ എക്‌സൈസ് നികുതി. ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിനു സംസ്ഥാനത്തിന് ഒരു ലിറ്റര്‍ പെട്രോള്‍ 54.60 രൂപയ്ക്കാണു കിട്ടിയത്. വില്‍പ്പന നികുതിയും ഡീലര്‍ കമ്മിഷനുമടക്കം 21.84 രൂപ കൂടി ചേരുന്നതാണു വില്‍പ്പനവില. ഇന്നലെ ഒരു ലിറ്റര്‍ പെട്രോള്‍ കേരളത്തിനു ലഭിച്ചത് 58.25 രൂപയ്ക്കാണ്. വില്‍പ്പന നികുതിയും ഡീലര്‍ കമ്മിഷനുമായി ഇവിടെ കൂട്ടിച്ചേര്‍ത്തത് 23.01 രൂപ. കേന്ദ്രം ഏകദേശം നാലു രൂപ വര്‍ധിപ്പിക്കുമ്പോഴാണു കേരളത്തിന്റെ നികുതിഘടന പ്രകാരം ഒരു രൂപ കൂടി കൂടുന്നത്.
ഏപ്രില്‍ ഒന്നിന് 52.67 രൂപയ്ക്കു ലഭിച്ചിരുന്ന ഡീസല്‍ ഇന്നലെ കിട്ടിയത് 56.71 രൂപയ്ക്കാണ്. ഇക്കാലയളവില്‍ കേരളം നികുതിനിരക്ക് വര്‍ധിപ്പിച്ചിട്ടിെല്ലന്നും തോമസ് ഐസക് പറഞ്ഞു. കൊച്ചിയില്‍ പെട്രോളിന് 81.17 രൂപയും ഡീസലിന് 73.77 രൂപയുമായിരുന്നു ഇന്നലത്തെ വില. തിരുവനന്തപുരത്ത് പെട്രോളിനും ഡീസലിനും യഥാക്രമം 82.61 രൂപയും 75.19 രൂപ. കോഴിക്കോട്ട് പെട്രോളിന് ഇന്നലെ 81.53 രൂപയും ഡീസലിന് 74.11 രൂപയുമായിരുന്നു. ഏപ്രില്‍ 26 നുശേഷം സംസ്ഥാനത്ത് പെട്രോളിന് 4.05 രൂപയും ഡീസലിന് 3.67 രൂപയുമാണു കൂടിയത്.
https://www.facebook.com/Malayalivartha