എയര്‍ ഇന്ത്യയെ പൂര്‍ണമായും കയ്യൊഴിയാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം
നഷ്ടത്തില്‍ പറക്കുന്ന എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. 74 ശതമാനം ഓഹരി വിറ്റഴിക്കാന്‍ കഴിഞ്ഞമാസം താത്പര്യപത്രം ക്ഷണിച്ചിരുന്നെങ്കിലും ആരും പങ്കെടുക്കാത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. 24 ശതമാനം ഓഹരികള്‍ സര്‍ക്കാരിന്റെ കൈവശം വയ്ക്കണമെന്ന കടുംപിടുത്തം ഒഴുവാക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചുവെന്നാണ് സൂചന.
നിലവില്‍ എയര്‍ ഇന്ത്യക്ക് 50,000 കോടി രൂപയുടെ കടബാദ്ധ്യതയാണുള്ളത്. സര്‍ക്കാരിന്റെ സാമ്പത്തിക പാക്കേജിന്റെ പിന്‍ബലത്തിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 30,000 കോടിരൂപയോളം വരും. എയര്‍ ഇന്ത്യയ്ക്കായി വന്‍തുക ചെലവാക്കേണ്ടി വരുന്നത് ഒഴിവാക്കാനാണ് മോദി സര്‍ക്കാരിന്റെ ഈ തീരുമാനം. മേയ് 14ല്‍ നിന്ന് 31ലേക്ക് അവസാനതീയതി നീട്ടിയിട്ടും കമ്പനിയെ ഏറ്റെടുക്കുന്നത് സംബന്ധിച്ച് താത്പര്യപത്രം സമര്‍പ്പിക്കാന്‍ ആരും താല്പര്യം കാണിച്ചില്ല. തുടര്‍ന്ന്, മറ്റ് പോംവഴികള്‍ സര്‍ക്കാര്‍ ആലോചിക്കുന്നതിനിടെയാണ് 100 ശതമാനം ഓഹരികളും വിറ്റഴിക്കാമെന്ന ആശയം ഉയര്‍ന്നുവന്നത്.
ഇതോടൊപ്പം തന്നെ എയര്‍ ഇന്ത്യയുടെ ഉപ ബ്രാന്‍ഡുകളുടെ ഓഹരികളും വിറ്റഴിക്കുന്നുണ്ട്. തുടക്കത്തില്‍ ഇന്‍ഡിഗോ, ജെറ്റ് എയര്‍വെയ്‌സ് എന്നിവ എയര്‍ ഇന്ത്യ ഓഹരികള്‍ വാങ്ങാന്‍ താല്പര്യം കാണിച്ചിരുന്നെങ്കിലും പിന്നീടവര്‍ പിന്‍ മാറുകയാണ് ഉണ്ടായത്.
https://www.facebook.com/Malayalivartha