സിമന്റ് വില കുതിക്കുന്നു ; നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയില്‍
സംസ്ഥാനത്ത് സിമന്റ് വിലയിലുണ്ടായ വന്‍ വര്‍ദ്ധനവ് പുതിയ ഉയരത്തിലേക്ക് കുതിക്കുമ്പോള്‍ നിര്‍മ്മാണ മേഖല വന്‍ പ്രതിസന്ധിയാണ് നേരിടുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇപ്പോഴുള്ളത്. 380 രൂപയുണ്ടായിരുന്ന 50 കിലോ ചാക്കിന് ഇപ്പോഴത്തെ വില 415, 420 രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇത് 300 രൂപയും ഈവര്‍ഷം ജനുവരിയില്‍ 328 രൂപയുമായിരുന്നു വില. ജി.എസ്.ടി നടപ്പാക്കിയതോടെ നിര്‍മ്മാണ മേഖല നേരിട്ട പ്രതിസന്ധി സിമന്റ് വില്പനയെ കാര്യമായി ബാധിച്ചിരുന്നു. ഇത് സിമന്റ് വിലയില്‍ കുറവുണ്ടാക്കി. നിര്‍മ്മാണരംഗം വീണ്ടും പച്ചപിടിച്ചുവരുന്ന സാഹചര്യത്തിലാണ് ഇപ്പോള്‍ എല്ലാ സിമന്റ് കമ്പനികളും വില വര്‍ദ്ധിപ്പിച്ചത്.
രാംകോ, ഡാല്‍മിയ, ചെട്ടിനാട്, ജെ.ഡബ്‌ള്യു കമ്പനികള്‍ 395 രൂപയ്ക്കാണ് ഡീലര്‍മാര്‍ക്ക് സിമന്റ് നല്‍കുന്നത്. അംബുജ, എ.സി.സി., അള്‍ട്രാടെക് എന്നിവയുടെ വില 400, 405 രൂപയാണ്. ചെറുകിട കച്ചവടക്കാര്‍ ഇതില്‍ 25 രൂപ വരെ അധികം ഈടാക്കുന്നതാണ് വിലക്കയറ്റത്തിന്റെ ആക്കം കൂട്ടുന്നത്. ഭവന, ഫ്‌ളാറ്റ്, വില്ല നിര്‍മ്മാണങ്ങളെയും സര്‍ക്കാര്‍ കരാര്‍ ജോലികളെയും സിമന്റ് വില വര്‍ദ്ധന വളരെ അധികം ദോഷകരമായി ബാധിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha