ചൈനക്ക് പിന്നാലെ അമേരിക്കയ്ക്ക് എതിരെയുള്ള വ്യാപാരയുദ്ധത്തില്‍ ഇന്ത്യയും
ആഭ്യന്തരവിപണി സംരക്ഷിക്കാനായി അലുമിനിയം, ഉരുക്ക് ഉത്പന്നങ്ങള്‍ക്ക് ഇറക്കുമതിത്തീരുവ ഉയര്‍ത്തി ആഗോള വ്യാപാരയുദ്ധത്തിന് വഴിയൊരുക്കിയ അമേരിക്കയ്ക്ക് ഇന്ത്യയുടെ തിരിച്ചടി. അമേരിക്കയില്‍നിന്നുള്ള മുപ്പത് ഇനം സാധനങ്ങള്‍ക്ക് ചുങ്കം വര്‍ധിപ്പിച്ചുകൊണ്ടാണ് ഇന്ത്യയും പങ്കാളിയായത്. അവിടെനിന്നും ഇറക്കുമതി ചെയ്യുന്ന 30 ഉത്പന്നങ്ങളുടെ തീരുവ 50 ശതമാനം വരെ കൂട്ടാന്‍ ഇന്ത്യ തീരുമാനിച്ചു. ഈ 30 ഉത്പന്നങ്ങളുടെ പട്ടിക ഇന്ത്യ ബുധനാഴ്ച ലോകവ്യാപാര സംഘടനയ്ക്കു (ഡബ്ല്യു.ടി.ഒ.) നല്‍കി. മേയില്‍ നല്‍കിയ 20 ഉത്പന്നങ്ങളുടെ പട്ടിക പരിഷ്‌കരിച്ചതാണിത്.
ഇന്ത്യയില്‍നിന്നുള്ള സ്റ്റീല്‍, അലുമിനിയം ഉത്പന്നങ്ങള്‍ക്ക് അമേരിക്ക ചുങ്കം കൂട്ടിയിരുന്നു. 24.1 കോടി ഡോളര്‍ ചുങ്കമാണ് അമേരിക്ക അവയില്‍നിന്നു പിരിക്കുക. അത്രയും തുക ചുങ്കം ലഭിക്കാവുന്നതാണ് ഇന്ത്യ ചുങ്കം വര്‍ദ്ധിപ്പിച്ച ഇനങ്ങള്‍. നേരത്തേ 20 ഇനങ്ങള്‍ക്കു പിഴച്ചുങ്കം ചുമത്താനാണ് ഇന്ത്യ ലോകവ്യാപാര സംഘടന (ഡബ്ല്യുടിഒ) വഴി നോട്ടീസ് നല്കിയത്. പിന്നീടു നടന്ന ഇന്ത്യഅമേരിക്ക ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തിലാണു 30 ഇനങ്ങളാക്കി പട്ടിക വര്‍ദ്ധിപ്പിച്ചത്്. ഇതുവഴി 23.80 കോടി ഡോളറിന്റെ (1630 കോടി രൂപ) നികുതി ലഭിക്കുമെന്നാണ് ഇന്ത്യ കണക്കാക്കുന്നത്. ഈ മാസം 21 മുതല്‍ ഇവയുടെ പിഴച്ചുങ്കം പ്രാബല്യത്തില്‍ വരും
ഡബ്ല്യു.ടി.ഒ.യുടെ സംരക്ഷണക്കരാര്‍ അനുസരിച്ചാണ് ഇന്ത്യയുടെ നടപടി. ഏതെങ്കിലും ഉത്പന്നങ്ങള്‍ കൂടുതലായി ഇറക്കുമതി ചെയ്യുകയും അത് ആ രാജ്യത്തിന്റെ ആഭ്യന്തരവിപണിക്ക് ആഘാതമുണ്ടാക്കുകയും ചെയ്താല്‍ സ്വീകരിക്കാവുന്ന നടപടികളാണ് ഈ കരാറിലുള്ളത്. ഈ കരാര്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കയും ഇറക്കുമതി തീരുവ ഉയര്‍ത്തിയത്.
മോട്ടോര്‍ സൈക്കിളുകള്‍, കലിഫോര്‍ണിയന്‍ ബദാം, വാഷിംഗ്ടണ്‍ ആപ്പിള്‍, വാള്‍നട്ട് എന്നിവയ്ക്കു പിഴച്ചുങ്കം വരും. മോട്ടോര്‍ സൈക്കിളിന് 50 ശതമാനം, ബദാമിനും വാള്‍നട്ടിനും 20 ശതമാനം, ആപ്പിളിന് 25 ശതമാനം എന്നിങ്ങനെയാണു പിഴച്ചുങ്കം. മോട്ടോര്‍സൈക്കിളിനു ചുങ്കം ഈയിടെ 50ല്‍ നിന്ന് 25 ശതമാനമായി കുറച്ചിരുന്നു. നിലക്കടല, കറിക്കടല, ഗോതമ്പ്, സോയാബീന്‍ എണ്ണ, ശുദ്ധീകരിച്ച പാമൊലീന്‍, കൊക്കോ പൗഡര്‍, കോഫി പൗഡര്‍, ചോക്കലേറ്റ് ഉത്പന്നങ്ങള്‍ തുടങ്ങിയവയ്ക്കും ചുങ്കം കൂടും.
ചൈനയില്‍നിന്നുള്ള 1102 ഇനം സാധനങ്ങള്‍ക്കു പിഴച്ചുങ്കം ചുമത്തിക്കൊണ്ടു വെള്ളിയാഴ്ചയാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപനം നടത്തിയത്. തുടര്‍ന്ന് ചൈനയും തത്തുല്യചുങ്കത്തിനുള്ള അമേരിക്കന്‍ സാധനങ്ങള്‍ക്കു പിഴച്ചുങ്കം പ്രഖ്യാപിച്ചു തിരിച്ചടിച്ചു. അമേരിക്ക പിഴച്ചുങ്കം പ്രഖ്യാപിച്ചതു പ്രധാനമായും വ്യാവസായിക, സാങ്കേതിക ഉത്പന്നങ്ങള്‍ക്കാണ്. ചൈനയാകട്ടെ അമേരിക്കയിലെ കാര്‍ഷികോത്പന്നങ്ങളെയാണു പ്രധാനമായും പട്ടികയില്‍ പെടുത്തിയത്. ട്രംപിന് വോട്ട് ചെയ്ത വിഭാഗങ്ങളെ ബുദ്ധിമുട്ടിക്കുന്ന വിധമാണ് ചൈനയുടെ ചുങ്കംചുമത്തല്‍.
ചൈനയോടും ഇന്ത്യയോടും മാത്രമല്ല, സുഹൃത്തുക്കളായ കാനഡ, യൂറോപ്യന്‍ യൂണിയന്‍, മെക്‌സിക്കോ എന്നിവിടങ്ങളില്‍നിന്നുള്ള ഉത്പന്നങ്ങള്‍ക്കും ഇറക്കുമതിത്തീരുവ ഏര്‍പ്പെടുത്തുമെന്ന നിലപാടിലാണ് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞയാഴ്ച നടന്ന ജി7 രാഷ്ട്രത്തലവന്‍മാരുടെ സമ്മേളനത്തില്‍ ട്രംപും മറ്റുനേതാക്കളും തമ്മില്‍ ഇതിനെച്ചൊല്ലി കടുത്ത ഭിന്നത ഉടലെടുത്തിരുന്നു.
https://www.facebook.com/Malayalivartha