കേരളത്തില്‍ പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും. കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെര്‍വറിലെ പ്രശ്‌നം മൂലം എച്ച്യുഐഡി പതിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും നേരിടുന്നു
6 മുദ്രകളുള്ള എച്ച്യുഐഡിയിലേക്ക് (ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍) പൂര്‍ണമായി മാറാന്‍ കേന്ദ്രം അനുവദിച്ച സമയപരിധി അവസാനിക്കാന്‍ 14 ദിവസം മാത്രം ബാക്കിയുള്ളപ്പോഴും രാജ്യത്ത് സ്വര്‍ണാഭരണങ്ങളില്‍ എച്ച്യുഐഡി പതിപ്പിക്കല്‍ മന്ദഗതിയില്‍. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സിന്റെ (ബിഐഎസ്) കണക്കുപ്രകാരം രാജ്യത്ത് പ്രതിദിനം എച്ച്യുഐഡി പതിപ്പിക്കുന്നത് ഏതാണ്ട് 3 ലക്ഷം ആഭരണങ്ങള്‍ക്കു മാത്രം.
കേരളത്തില്‍ പ്രതിദിനം പുതിയ മുദ്രയിലേക്കു മാറ്റാനാകുന്നത് ഏതാണ്ട് 23000 ആഭരണങ്ങളും. കഴിഞ്ഞ നാലു ദിവസങ്ങളായി ബിഐഎസിന്റെ സെര്‍വറിലെ പ്രശ്‌നം മൂലം എച്ച്യുഐഡി പതിപ്പിക്കുന്നതില്‍ വലിയ തോതിലുള്ള സാങ്കേതിക പ്രശ്‌നങ്ങളും നേരിടുന്നു. കേരളത്തില്‍ ബിഐഎസ് ലൈസന്‍സുള്ള 6100 വ്യാപാരശാലകളിലായി ഇനിയും കോടിക്കണക്കിന് ആഭരണങ്ങള്‍ പുതിയ എച്ച്യുഐഡി ഹാള്‍മാര്‍ക്കിലേക്കു മാറാനുണ്ട്. കേരളത്തില്‍ നിലവിലുള്ളതിന്റെ ഏതാണ്ട് പകുതിയോളം ആഭരണങ്ങളും പഴയ ഹാള്‍മാര്‍ക്ക് മുദ്രയുള്ളവയാണ്.
ബിഐഎസിന്റെ കണക്കുകള്‍ പ്രകാരം ഒരു ദിവസം ഒരു ഹാള്‍മാര്‍ക്കിങ് സെന്ററില്‍ എച്ച്യുഐഡി മുദ്ര പതിപ്പിക്കാനാവുന്ന ആഭരണങ്ങളുടെ എണ്ണം 221 ആണ്. രാജ്യത്താകെ നിലവില്‍ 1358 ഹാള്‍മാര്‍ക്കിങ് സെന്ററുകളാണുള്ളത്. ഇത്തരത്തില്‍ 3,00,118 ആഭരണങ്ങളാണു പ്രതിദിനം മാറ്റാനാകുക. കേരളത്തില്‍ 105 ഹാള്‍മാര്‍ക്കിങ് സെന്ററുകളുണ്ട്. കേന്ദ്രത്തിന്റെ ഉത്തരവ് വന്നതിനു ശേഷം കേരളത്തില്‍ ഇതുവരെ എച്ച്യുഐഡി പതിപ്പിക്കാനായത് ഏതാണ്ട് 3.5 ലക്ഷം ആഭരണങ്ങള്‍ക്കു മാത്രം. രാജ്യത്താകെ ഏതാണ്ട് 45 ലക്ഷം ആഭരണങ്ങളിലും പുതിയ മുദ്ര പതിപ്പിച്ചു. നാലു മുദ്രകളുള്ള ഹാള്‍മാര്‍ക്ക്ഡ് ആഭരണങ്ങള്‍ ഏപ്രില്‍ 1 മുതല്‍ വില്‍ക്കാനാവില്ല.
നാലു മുദ്രകളുള്ള സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്നും എച്ച്യുഐഡിയിലേക്കു മാറാന്‍ നിലവിലുള്ള സെര്‍വര്‍ സാങ്കേതിക പ്രശ്‌നങ്ങള്‍ കൂടി കണക്കിലെടുക്കണമെന്നും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 4 മുദ്ര പതിച്ച സ്വര്‍ണാഭരണങ്ങളുടെയും 6 മുദ്ര പതിച്ച ആഭരണങ്ങളുടെയും പരിശുദ്ധി ഒന്നുതന്നെയായതിനാലും ഇവ കണക്കില്‍ ഉള്‍പ്പെട്ടവയായതിനാലും തുടര്‍ന്നും വില്‍പന അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയത്തിന് സംസ്ഥാനത്തെ വ്യാപാരികള്‍ 15000 ഇ-മെയിലുകള്‍ അയച്ചു.
https://www.facebook.com/Malayalivartha