സ്വര്‍ണാഭരണങ്ങളില്‍ ഹാള്‍മാര്‍ക്ക്: മൂന്നുമാസം അനുവദിച്ച് ഹൈക്കോടതി
സ്വര്‍ണാഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് പതിപ്പിക്കുന്നതില്‍ മൂന്നുമാസം കൂടി സമയം അനുവദിച്ച് ഹൈക്കോടതി. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്റെ ഹര്‍ജിയിലാണ് തീരുമാനം. ശനിയാഴ്ച മുതല്‍ വില്‍ക്കുന്ന ആഭരണങ്ങളില്‍ പുതിയ ഹാള്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയിരുന്നു. ഹാള്‍മാര്‍ക്ക് പതിപ്പിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടായിരുന്നു ഹര്‍ജി.
പഴയ ഗുണമേന്മാ മുദ്രയുള്ള ലക്ഷക്കണക്കിന് ആഭരണങ്ങള്‍ ഇപ്പോഴും സംസ്ഥാനത്തെ വ്യാപാരികളുടെ പക്കല്‍ സ്റ്റോക്കുണ്ട്. ഇവയിലുള്ള മുദ്ര മായ്ച്ചുകളഞ്ഞ് എച്ച്യുഐഡി പതിപ്പിക്കുമ്പോള്‍ സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും വ്യാപാരികള്‍ പറയുന്നു. പഴയ ഹാള്‍മാര്‍ക്കിനൊപ്പം എച്ച്യുഐഡി കൂടി പതിപ്പിച്ച് വില്‍ക്കാനാകുമോയെന്ന് കേന്ദ്ര ഉപഭോക്തൃകാര്യ സെക്രട്ടറിയോട് വ്യാപാരികള്‍ ചോദിച്ചെങ്കിലും വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല.
കേന്ദ്രം അനുവദിച്ച 2 വര്‍ഷത്തെ സമയപരിധിയില്‍ പഴയ ഹാള്‍മാര്‍ക്കുള്ള സ്വര്‍ണാഭരണങ്ങള്‍ വിറ്റുതീര്‍ത്തുവെന്നാണ് ബിഐഎസിന്റെ വിലയിരുത്തല്‍. എന്നാല്‍ ഏറ്റവുമധികം ഹാള്‍മാര്‍ക്കിങ് സെന്ററുകളുള്ള സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ മാത്രം ഇനിയും ഏതാണ്ട് 50 ശതമാനത്തോളം ആഭരണങ്ങള്‍ ഈ മുദ്രകളുള്ളവയാണ്. എച്ച്യുഐഡി കൊണ്ടു വന്നതിനുശേഷം ഉപയോക്താക്കള്‍ പുതിയ മുദ്രയുള്ള ആഭരണങ്ങള്‍ ചോദിച്ചുവാങ്ങുന്നതും ഇതിനു കാരണമായി. അതേസമയം, നിലവിലുള്ള സ്റ്റോക്ക് വെളിപ്പെടുത്തിയ 16,000 കടകളുടെ കണക്കു പരിശോധിച്ചാണ് ബിഐഎസിന്റെ ഈ അനുമാനം.
പഴയ ഹാള്‍മാര്‍ക്കിങ്ങുള്ള ആഭരണങ്ങളുടെ കണക്കു സമര്‍പ്പിക്കാന്‍ ബിഐഎസ് 2021 ഓഗസ്റ്റ് 31 വരെ സമയം നല്‍കിയിരുന്നു. അന്ന് ഡിക്ലറേഷന്‍ നല്‍കിയവര്‍ക്കു മാത്രമാകും സാവകാശം ലഭിക്കുക. 16000 കടകള്‍ മാത്രമാണ് സ്റ്റോക്കിന്റെ കണക്ക് ബിഐഎസിനു നല്‍കിയത്. നിലവില്‍ 1,57,000 വ്യാപാര സ്ഥാപനങ്ങളാണ് ബിഐഎസ് ലൈസന്‍സ് എടുത്തിട്ടുള്ളത്. എച്ച്യുഐഡി പ്രാബല്യത്തില്‍ വരുമ്പോള്‍ കേരളത്തില്‍ 2800 സ്ഥാപനങ്ങള്‍ക്കു മാത്രമായിരുന്നു ലൈസന്‍സ് ഉണ്ടായിരുന്നത്. ഇവയില്‍ ഡിക്ലറേഷന്‍ നല്‍കിയ ജ്വല്ലറികള്‍ക്കു മാത്രമാകും ആനുകൂല്യം ലഭിക്കുക. നിലവില്‍ കേരളത്തില്‍ 6,200 സ്ഥാപനങ്ങള്‍ക്ക് ബിഐഎസ് ലൈസന്‍സ് ഉണ്ട്.
2 -5 മില്ലിഗ്രാം നഷ്ടം
നിലവിലെ മുദ്ര മായ്ച്ചുകളഞ്ഞ് പുതിയതു പതിപ്പിക്കുമ്പോള്‍ ഓരോ ആഭരണത്തിലും 2 മുതല്‍ 5 മില്ലിഗ്രാം വരെ സ്വര്‍ണത്തിന്റെ നഷ്ടമുണ്ടാകുന്നുണ്ടെന്ന് വ്യാപാരികള്‍ ആരോപിക്കുന്നു. ഇത്തരത്തില്‍ 1,000 ആഭരണങ്ങള്‍ പുതിയ ഹാള്‍മാര്‍ക്കിലേക്കു മാറ്റുമ്പോള്‍ 2 മുതല്‍ 5 ഗ്രാം വരെയാണു നഷ്ടം. രണ്ടു ഹാള്‍മാര്‍ക്കുമുള്ള ആഭരണം വില്‍ക്കാനാകുമെങ്കില്‍ അത് ഉപയോക്താക്കള്‍ക്ക് ആശയക്കുഴപ്പമുണ്ടാക്കാത്ത തരത്തില്‍ മന്ത്രാലയമോ ബിഐഎസോ ഔദ്യോഗികമായി ഉത്തരവിറക്കുകയും വേണം.
https://www.facebook.com/Malayalivartha