ജി.എസ്.ടി നടപ്പിലാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വര്‍ണവ്യാപാരികള്‍ നെട്ടോട്ടമോടുന്നു
ചരക്ക് സേവന നികുതി നടപ്പാകാന്‍ ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ, പുതിയ ബില്‍ മാതൃക ലഭിക്കാത്തത് സ്വര്‍ണ വ്യാപാരികളെ വളരെയധികം ആശങ്കയിലാഴ്ത്തുകയാണ്. ജി.എസ്.ടിയില്‍ സ്വര്‍ണത്തിന്റെ നികുതി മൂന്നു ശതമാനമാണ്. ഇതിനു പുറമേ പണിക്കൂലിക്ക് അഞ്ച് ശതമാനവും നികുതിയുണ്ട്.
സ്വര്‍ണവിലയ്‌ക്കൊപ്പം മൂന്നു ശതമാനം നികുതിയും പണിക്കൂലിയും പണിക്കൂലിയുടെ നികുതിയായ അഞ്ച് ശതമാനവും ചേര്‍ത്താണോ വാങ്ങേണ്ടത് അതോ, എല്ലാ നികുതിയും ഉള്‍പ്പെടെ മൊത്തം മൂന്നു ശതമാനം നികുതിയാണോ വാങ്ങേണ്ടത് എന്നറിയണമെങ്കില്‍ ബില്ലിന്റെ മാതൃക ലഭിക്കണം. പുതിയ ബില്‍ ഫോര്‍മാറ്റ് ലഭിച്ചാലേ വ്യാപാര ശാലകളില്‍ ബില്ലിംഗ് സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് ചെയ്യാനും കഴിയൂ. പുതിയ ബില്ലിംഗ് രീതി സംബന്ധിച്ച് ജീവനക്കാരെ പരിശീലിപ്പിക്കുകയും വേണം. ഇതിനു സമയമെടുക്കും.
ബില്‍ മാതൃക ലഭിക്കാന്‍ വൈകുന്നതിനനുസരിച്ച് വില്പന പ്രതിസന്ധിയിലാകുമെന്ന് കച്ചവടക്കാര്‍ പറയുന്നു. ഉപഭോക്താവിന്റെ മേല്‍വിലാസം, വില്പന നടത്തുന്ന സ്ഥലം, എച്ച്.എസ്.എന്‍ കോഡ് എന്നിവ പുതിയ ബില്ലില്‍ ചേര്‍ക്കണമെന്നാണ് സൂചന. ഡെലവറി ഉപഭോക്താവ് ആവശ്യപ്പെടുന്ന സ്ഥലത്താണെങ്കില്‍ ഇ വേ ബില്ലാണ് നല്‍കേണ്ടത്. ഇതിന്റെ മാതൃകയും ഇനിയും ലഭ്യമായിട്ടില്ല.
https://www.facebook.com/Malayalivartha