അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം വാങ്ങണോ? വേണം തിരിച്ചറിയല്‍ രേഖ
അര ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയവ വാങ്ങുന്നവര്‍ ഇനി വ്യാപാരിക്കു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പു നല്‍കണം. പഴയ സ്വര്‍ണം വില്‍ക്കുന്നതിനും ഇതു ബാധകമാണ്. നിലവില്‍, രണ്ടു ലക്ഷം രൂപയില്‍ കൂടുതല്‍ തുകയ്ക്കു സ്വര്‍ണം വാങ്ങിയാല്‍ ആദായ നികുതി നിയമ പ്രകാരം പാന്‍ കാര്‍ഡ് നിര്‍ബന്ധമാണ്. പുതിയ വിജ്ഞാപനമനുസരിച്ച് രണ്ടു പവനിലേറെ സ്വര്‍ണം വാങ്ങുന്നവര്‍ തിരിച്ചറിയല്‍ രേഖ നല്‍കേണ്ടി വരും. 50,000 രൂപയില്‍ കൂടുതലുള്ള ബാങ്ക് ഇടപാടുകള്‍ക്കു തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയതിനു സമാനമായ നിര്‍ദേശമാണിത്.
കള്ളപ്പണം വെളുപ്പിക്കുന്നതു തടയാനുള്ള നിയമത്തില്‍ സ്വര്‍ണം, വെള്ളി ഉള്‍പ്പെടെയുള്ള ലോഹങ്ങളുടെ വ്യാപാരത്തെ സംബന്ധിക്കുന്ന ചട്ടത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വിജ്ഞാപനം പുറത്തിറക്കി. ഇതുപ്രകാരം സംസ്ഥാനത്തു സ്വര്‍ണ വ്യാപാരികള്‍ ഉപയോക്താക്കളില്‍ നിന്നു തിരിച്ചറിയല്‍ രേഖകള്‍ വാങ്ങിത്തുടങ്ങി.
സ്വര്‍ണം ഉള്‍പ്പെടെയുള്ള വിലപിടിപ്പുള്ള ലോഹങ്ങളുടെ വ്യാപാരം സംബന്ധിച്ച രേഖകളുടെ പരിശോധനയ്ക്കായി ജി എസ് ടി ഡയറക്ടര്‍ ജനറല്‍ ഇന്റലിജന്‍സ് (ജെംസ് ആന്‍ഡ് ജ്വല്ലറി) എന്ന ഓഫിസറെ ചുമതലപ്പെടുത്തിയെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു.
എല്ലാ സ്വര്‍ണ ഇടപാടുകള്‍ക്കും പാന്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ ധനമന്ത്രാലയത്തിന്റെ വിദഗ്ധ സമിതി കഴിഞ്ഞ ദിവസം ശുപാര്‍ശ നല്‍കിയിരുന്നു. പണം നല്‍കിയുള്ള ഇടപാടുകള്‍ക്കു പരിധി നിശ്ചയിക്കാനും ശുപാര്‍ശയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha