അതിവേഗ ഇന്റര്‍നെറ്റ് സംവിധാനമായ ജിയോ ജിഗാ ഫൈബറുമായി റിലയന്‍സ് ജിയോ
ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത സൗജന്യ ഡാറ്റയും കോളുകളുമായി ടെലികോം രംഗത്ത് വിപ്‌ളവത്തിന് തിരികൊളുത്തിയ റിലയന്‍സ് ജിയോ വിസ്മയ വാഗ്ദാനങ്ങളുമായി ഒപ്റ്റിക്കല്‍ ഫൈബര്‍ വഴിയുള്ള ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും ചുവടുവയ്ക്കുന്നു. റിലൈന്‍സ് ഇന്റസ്ട്രീസിന്റെ 41ാം വാര്‍ഷിക പൊതുയോഗത്തിലാണ് റിലൈന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി പുതിയ ഫൈബര്‍ ടു ഹോം( എഫ്ടിടിഎച്ച്) അതിവേഗ ബ്രോഡ്ബാന്‍ഡ് സര്‍വ്വീസ് പ്രഖ്യാപിച്ചത്.
സെക്കന്‍ഡില്‍ ഒരു ജിബി ഡൗണ്‍ലോഡ് വേഗം, 100 എം.ബി.പി.എസ് അപ്‌ലോഡ് വേഗം എന്നിവ നല്‍കുന്ന 'ജിയോ ജിഗാ ഫൈബര്‍' പദ്ധതി ആഗസ്റ്റ് 15 മുതല്‍ മൈജിയോ ആപ്പ്, ജിയോ.കോം എന്നിവയിലൂടെ രജിസ്‌ട്രേഷന്‍ ആരംഭിക്കും. തുടക്കത്തില്‍ രാജ്യത്തെ 1100 നഗരങ്ങളിലാണ് ആദ്യഘട്ടത്തില്‍ ജിയോ ഫൈബര്‍ സേവനം ലഭ്യമാക്കുന്നത്. സെറ്റ് ടോപ്പ് ബോക്‌സുമായെത്തുന്ന ജിയോ ജിഗാ ഫൈബര്‍ സംവിധാനം അള്‍ട്രാ എച്ച്ഡി ടെലിവിഷന്‍ പരിപാടികളും ടിവി വിഡിയോ, വോയിസ് കോളുകളും ലഭ്യമാക്കും. ജിയോ ജിഗാ ഫൈബറിന് നിലവില്‍ ഇന്‍സ്റ്റലേഷന്‍ ചാര്‍ജില്ല. എന്നാല്‍ 4,500 രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കുന്നുണ്ട്.
നിലവില്‍ ഫിക്‌സഡ് ലൈന്‍ ബ്രോഡ്ബാന്‍ഡ് രംഗത്ത് 134ാം സ്ഥാനത്തുള്ള ഇന്ത്യയെ ആദ്യ അഞ്ചിലെത്തിക്കുകയാണ് ഫൈബര്‍ ടു ദ ഹോം (എഫ്.ടി.ടി.എച്ച്) ബ്രോഡ്ബാന്‍ഡ് സംവിധാനമായ ജിയോ ജിഗാ ഫൈബറിന്റെ ദൗത്യം. ഇന്ത്യയിലെ ഓരോ വീട്ടിലും ജിയോയുടെ സാന്നിദ്ധ്യമുറപ്പിക്കുന്നതും ലക്ഷ്യമാണ്. മൊത്തം 2.50 ലക്ഷം കോടി രൂപയാണ് പദ്ധതിക്കായി റിലയന്‍സ് ചെലവഴിക്കുന്നത്. വീടുകള്‍ക്ക് പുറമേ ബിസിനസ് സ്ഥാപനങ്ങളെയും ജിയോ ബ്രോഡ്ബാന്‍ഡ് ലക്ഷ്യംവയ്ക്കുന്നു. ജിയോയ്ക്ക് നിലവില്‍ 21.5 കോടി വരിക്കാരുണ്ട്. റീട്ടെയില്‍ വിഭാഗത്തിലാണ് റിലയന്‍സ് ഏറ്റവുമധികം വളര്‍ച്ച കാണുന്നത്. കഴിഞ്ഞവര്‍ഷം 4000 പുതിയ സ്‌റ്റോറുകളാണ് കമ്പനി തുറന്നത്.
ഇതോടൊപ്പം ജിയോ ഫോണിന്റെ രണ്ടാം പതിപ്പായ ജിയോ ഫോണ്‍2 അംബാനി പുറത്തിറക്കി. 2999 രൂപയാണ് ഫോണിന്റെ വില. ഫേസ്ബുക്ക് , വാട്‌സ് ആപ്പ് ഫീച്ചറുകളും ഫോണില്‍ ലഭ്യമാണ്. ആഗസ്റ്റ് 15നു ബുക്കിംഗ് ആരംഭിക്കും.
https://www.facebook.com/Malayalivartha