ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് വേണ്ടിയുള്ള രാജ്യത്തെ ആദ്യ പാര്‍പ്പിട സമുച്ചയം 'അപ്‌നാ ഘര്‍' ആഗസ്ത് 12ന് നാടിന് സമര്‍പ്പിക്കും
രാജ്യത്ത് ആദ്യമായി ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മാസവാടകയ്ക്ക് താമസിക്കാന്‍ സൗകര്യമുള്ള കെട്ടിടപദ്ധതിയായ 'അപ്‌നാ ഘര്‍' ആഗസ്റ്റ് 12ന് നാടിന് സമര്‍പ്പിക്കും. കഞ്ചിക്കോട് വ്യവസായമേഖലയില്‍ വൈസ് പാര്‍ക്കിലാണ് 64 മുറികളുള്ള നാലുനില കെട്ടിടം. തൊഴില്‍ വകുപ്പിന് കീഴിലുള്ള ഭവനം ഫൗണ്ടേഷനാണ് ഇതിന്റെ നടത്തിപ്പ് ചുമതല.
ഒരു മുറിയില്‍ പത്ത് പേര്‍ക്ക് താമസിക്കാനുള്ള സൗകര്യമുണ്ട്. തട്ടുകളായി തിരിച്ചിരിക്കുന്ന കട്ടിലുകളാണ് ഒരുക്കിയിട്ടുള്ളത്. രണ്ട് മുറികള്‍ ഓഫീസ് ആവശ്യങ്ങള്‍ക്കും ബാക്കിയുള്ള മുറികള്‍ താമസത്തിനുള്ളതുമാണ്. ഇതിനകം 300ലധികം പേര്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. തൊഴിലുടമ നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നിവ അടിസ്ഥാനമാക്കിയാണ് മുറികള്‍ അനുവദിക്കുന്നത്. 800 രൂപയാണ് ഒരാള്‍ക്ക് മാസവാടക.
14 കോടി രൂപ ചെലവില്‍ 44,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ നിര്‍മ്മിച്ച കെട്ടിടത്തില്‍ 32 അടുക്കള, 96 ബാത്ത് റൂം, എട്ട് ഡൈനിങ് ഹാള്‍, കുളിക്കാനും വസ്ത്രം അലക്കാനും വിശാലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്. സ്വകാര്യ വസ്തുക്കള്‍ സൂക്ഷിക്കുന്നതിന് ഓരോരുത്തര്‍ക്കും പൂട്ടിവയ്ക്കാന്‍ പറ്റുന്ന പ്രത്യേകം കബോഡുകളും സജ്ജമാക്കിയിട്ടുണ്ട്.
ഹോസ്റ്റലുകള്‍ വൃത്തിയാക്കാന്‍ പ്രത്യേകം ഏജന്‍സി, 24 മണിക്കൂറും കാവല്‍ക്കാര്‍ എന്നിവയും പ്രത്യേകതയാണ്. പാലക്കാട് കഞ്ചിക്കോട് മാതൃകയില്‍ കോഴിക്കോട് രാമനാട്ടുകര, എറണാകുളത്തെ കളമശേരി എന്നിവിടങ്ങളിലും 'അപ്‌നാഘര്‍' സമുച്ചയം നിര്‍മ്മിക്കാന്‍ പദ്ധതിയായി. രണ്ടിടത്തും ഓരോ ഏക്കര്‍ ഭൂമി വീതം ഭവനം ഫൗണ്ടേഷനുകീഴില്‍ വാങ്ങിയിട്ടുണ്ട്.
https://www.facebook.com/Malayalivartha