17 ലക്ഷം കുടുംബങ്ങളില്‍ പാചക വാതകം ലഭ്യമാകുന്നതിനുള്ള 'സിറ്റി ഗ്യാസ് പദ്ധതി ഈ വര്‍ഷം അവസാനത്തോടെ
കേരളത്തിലെ ഏഴു ജില്ല കളില്‍ക്കൂടി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നതിനുള്ള ലൈസന്‍സ് ഇന്ത്യന്‍ ഓയില്‍അദാനി ഗ്യാസ് ലിമിറ്റഡിന്. കൊച്ചിമംഗളൂരു വാതക പൈപ് ലൈന്‍ കടന്നുപോകുന്നതോ സാമീപ്യമുള്ളതോ ആയ ജില്ലകളിലാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പെട്രോളിയം ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് റഗുലേറ്ററി അതോറിറ്റി (പിഎന്‍ജിആര്‍ബി) രാജ്യത്തെ 86 മേഖലകളില്‍ പദ്ധതി നടപ്പാക്കുന്നതിനായി വിളിച്ച ടെന്‍ഡറിലാണ് ഇന്ത്യന്‍ ഓയില്‍–അദാനി ഗ്രൂപ് സംയുക്ത സംരംഭമായ ഐഒഎജിപിഎല്‍ കേരളം പിടിച്ചത്. കേരളത്തിലെ ആദ്യ സിറ്റി ഗ്യാസ് പദ്ധതി എറണാകുളത്തു നടപ്പാക്കുന്നതും ഐഒഎജിപിഎല്ലാണ്.
പൈപ് ലൈന്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ. ഇതോടെ 17 ലക്ഷം അടുക്കളകളില്‍ വാതകം ലഭ്യമാകുന്നതിനാണ് സാധ്യത തെളിയുന്നത്. പാചക ആവശ്യത്തിനുള്ള പ്രകൃതിവാതകം പൈപ്പിലൂടെ (പിഎന്‍ജിപൈപ്ഡ് നാച്ചുറല്‍ ഗ്യാസ്) അടുക്കളകളില്‍ എത്തിക്കുന്നതിനൊപ്പം വാഹനങ്ങള്‍ക്ക് സിഎന്‍ജി ലഭ്യമാക്കുന്നതും സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമാണ്.
പാലക്കാട്, കണ്ണൂര്‍, തൃശൂര്‍, കാസര്‍കോട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്ക് പുറമേ കണ്ണൂരിനെ തൊട്ടുകിടക്കുന്ന മാഹിയിലും കമ്പനി സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കും. വാഹന ഇന്ധനമായ സിഎന്‍ജി ലഭ്യമാക്കുന്നതിനായി ഈ ജില്ലകളില്‍ 597 ഗ്യാസ് സ്‌റ്റേഷനുകളും സ്ഥാപിക്കും
പദ്ധതിക്കായി ടെന്‍ഡര്‍ വിളിച്ച മറ്റ് ഏഴു ജില്ലകളിലെക്കൂടി ലൈസന്‍സ് സ്വന്തമാക്കിയതോടെ കേരളത്തില്‍ സിറ്റി ഗ്യാസ് പദ്ധതിയുടെ കുത്തകയാണ് കമ്പനിക്ക് ലഭിക്കുന്നത്. 2016 ഫെബ്രുവരിയില്‍ തന്നെ കൊച്ചിയില്‍ സിറ്റി ഗ്യാസ് പദ്ധതി ആരംഭിച്ചെങ്കിലും ഇതുവരെ 1500ല്‍ താഴെ ഗാര്‍ഹിക കണക്ഷന്‍ മാത്രമാണ് നല്‍കാനായത്.
2020തോടെ രാജ്യത്ത് ഒരു കോടി വീടുകളില്‍ സിറ്റി ഗ്യാസ് എത്തിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 86 മേഖലകളില്‍ കൂടി ടെന്‍ഡര്‍ നല്‍കിയതോടെ 70,000 കോടി രൂപയുടെ നിക്ഷേപമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. അദാനി ഗ്യാസിനാണ് ഏറ്റവും കൂടുതല്‍ മേഖലകളില്‍ ലൈസന്‍സ് ലഭിച്ചത്. കേരളം ഉള്‍പ്പെടെ മറ്റ് ഒന്‍പതു മേഖലകളില്‍ ഇന്ത്യന്‍ ഓയിലുമായി ചേര്‍ന്നും അദാനി ലൈസന്‍സ് നേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha