അത്യാധുനിക സംവിധാനങ്ങളുള്ള ലുലു സൈബര്‍ ടവര്‍ 2 നാളെ തുറക്കും
ഐടി മേഖലയില്‍ കൂടുതല്‍ അവസരങ്ങള്‍ തുറന്ന് ലുലു ഗ്രൂപ്പിന്റെ രണ്ടാം സൈബര്‍ ടവര്‍ കാക്കനാട് ഇന്‍ഫോപാര്‍ക്കില്‍ പ്രവര്‍ത്തനസജ്ജമായി. 20 നിലകളില്‍ അത്യാധുനിക സംവിധാനങ്ങളോടെ ഒരുക്കിയിട്ടുള്ള ഇന്‍ഫോപാര്‍ക്കിലെ ലുലു സൈബര്‍ ടവര്‍ ടുവിലെ കോണ്‍ഫറന്‍സ് ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേന്ദ്ര സഹമന്ത്രി എസ്.എസ്. അലുവാലിയ മുഖ്യാതിഥിയായിരിക്കും. ഈ ടവറില്‍ 11,000 മുതല്‍ 13,000 വരെ ഐടി പ്രഫഷണലുകള്‍ക്ക് തൊഴില്‍ ചെയ്യാന്‍ സൗകര്യമുണ്ടാകും.
ഇന്‍ഫോപാര്‍ക്ക് കാമ്പസില്‍ ലുലു സൈബര്‍ ടവര്‍ 1ന് സമീപമാണ് 400 കോടി രൂപ മുതല്‍മുടക്കി രണ്ടാംടവര്‍ സ്ഥാപിച്ചിട്ടുള്ളത്. ആകെയുള്ള 20 നിലകളില്‍ 11 നിലകളിലാണ് ഓഫീസ് സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഓരോ നിലകളിലും 84,000 ചതുരശ്ര അടി തൊഴില്‍ ഇടമുണ്ട്. ലോക നിലവാരത്തിലുള്ള വിശാലമായ ആട്രിയമാണ് ലുലു സൈബര്‍ടവര്‍ 2വിലെത്തുന്നവരെ സ്വാഗതം ചെയ്യുന്നത്.
അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ഓഡിറ്റോറിയം, ട്രെയിനിംഗ് സെന്റര്‍, 900 സീറ്റുള്ള അതിവിശാലമായ ഫുഡ് കോര്‍ട്ട്, രണ്ട് ഡൈനിംഗ് റസ്റ്ററന്റുകള്‍, കോഫിഷോപ്പുകള്‍, ബിസിനസ് സെന്റര്‍, ഇലോബികള്‍, പ്രമുഖ ബാങ്കുകളുടെ ശാഖകള്‍, എടിഎമ്മുകള്‍, മള്‍ട്ടി സ്‌പെഷാലിറ്റി ജിംനേഷ്യം, യോഗ, മെഡിറ്റേഷന്‍ സെന്റര്‍ എന്നീ പൊതുസൗകര്യങ്ങളും ടവറിലുണ്ട്. അകത്തും പുറത്തുമായി 400 സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.
20 നിലകളില്‍ താഴെയുള്ള എട്ടും കാര്‍ പാര്‍ക്കിംഗിനായി പൂര്‍ണമായും മാറ്റിവച്ചിട്ടുണ്ട്. 1400 കാറുകള്‍ ഒരേസമയം പാര്‍ക്ക് ചെയ്യാം. രണ്ടു ഗേറ്റുകളുള്ള ടവറില്‍ ഒരു ഗേറ്റിലൂടെയാണ് പാര്‍ക്കിംഗ് ഏരിയയിലേക്ക് പ്രവേശനം.
https://www.facebook.com/Malayalivartha