വാര്‍ത്താ അവതരണ രംഗത്ത് റോബോട്ടുകളെ ഇറക്കി ചൈനീസ് കമ്പനി
മനുഷ്യന് ചെയ്യാവുന്നതെല്ലാം യന്ത്രങ്ങളെകൊണ്ട് ചെയ്യിപ്പിക്കാനുള്ള ശ്രമത്തിലാണ് സാങ്കേതിക ലോകം. ഫാക്ടറികളിലും ഓട്ടോമൊബൈല്‍ മേഖലയിലും റോബോട്ടുകളുടെ സാന്നിധ്യം വളരെക്കാലം മുമ്പേ ഉണ്ട്. കായികാധ്വാനം കൂടാതെ മനുഷ്യബുദ്ധികൂടി യന്ത്രങ്ങള്‍ കയ്യടക്കിക്കൊണ്ടിരിക്കുന്നു. റോബോട്ടിക്‌സിനൊപ്പം നിര്‍മ്മിത ബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കൂടി ചേര്‍ന്നപ്പോള്‍ പല തൊഴിലുകളിലും മനുഷ്യര്‍ക്ക് പകരം റോബോട്ടുകള്‍ വന്നുതുടങ്ങി. ഇപ്പോള്‍ മാധ്യമ ലോകത്തേക്കും എത്തിയിരിക്കുകയാണ് ഇവര്‍. കെട്ടിലും മട്ടിലും ശബ്ദത്തിലും മനുഷ്യരെപ്പോലെയിരിക്കുന്ന മെഷിനുകള്‍.
ചൈനയിലെ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയും ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി സോഗുവും ചേര്‍ന്നാണ് ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിവുള്ള നിര്‍മിതബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് വാര്‍ത്താ അവതാരകരെ അവതരിപ്പിച്ചത്. ദൈനം ദിന ടിവി ന്യൂസ് റിപ്പോര്‍ട്ട് അവതരണത്തിലെ ചെലവ് കുറയ്ക്കാന്‍ ഈ സംവിധാനം സഹായിക്കും. കാരണം ദിവസം 24 മണിക്കൂറും ഇടവേളയില്ലാതെ പ്രവര്‍ത്തിക്കാന്‍ ഈ സാങ്കേതിക വിദ്യയ്ക്കാവും. ബ്രേക്കിങ് വാര്‍ത്തകള്‍ പെട്ടെന്ന് തയ്യാറാക്കാനും അവതരിപ്പിക്കാനും ഇതിന് കഴിവുണ്ട്.
മനുഷ്യ അവതാരകരുടെ ചിത്രങ്ങളും ശബ്ദവും ഉപയോഗിച്ചാണ് നിര്‍മിത ബുദ്ധി സാങ്കേതിക വിദ്യ യാഥാര്‍ത്ഥ്യമാക്കിയത്. അതായത് ടെലിവിഷനില്‍ കാണുക മനുഷ്യ അവതാരകരുടെ രൂപവും ശബ്ദവുമാണെങ്കിലും അത് നിര്‍മിത ബുദ്ധിയിലാണ് പ്രവര്‍ത്തിക്കുന്നത്. മെഷീന് ലേണിങ് സംവിധാനം ഉപയോഗിച്ച് യഥാര്‍ത്ഥ വാര്‍ത്താ അവതാരകരെ പോലെ ചുണ്ടുകളനക്കാനും ഭാവങ്ങള്‍ പ്രകടിപ്പിക്കാനും ഈ സാങ്കേതിക വിദ്യയ്ക്ക് കഴിയും. മനുഷ്യന് പകരം വെക്കാന്‍ സാധിക്കും വിധം ഈ സാങ്കേതിക വിദ്യ വളര്‍ച്ച പ്രാപിച്ചുകൊണ്ടിരിക്കുകയാണ്.
ചൈനക്ക് മുമ്പേ 2014 ല്‍ ജപ്പാന്‍ രണ്ട് വാര്‍ത്ത അവതാരകരെ അവതരിപ്പിച്ചിരുന്നു. ആന്‍ഡ്രോയിഡ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്നവയായിരുന്നു ഇവ. ജപ്പാനിലെ ഒരു ടിവി ചാനല്‍ ഇവയിലൊന്നിന് ന്യൂസ് റീഡറായി ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എറീക്ക എന്നാണ് ഇതിന്റെ പേര്. ലോകത്തിലെ ഏറ്റവും പ്രശസ്തയായ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ നിര്‍മിത ബുദ്ധിയിലാണ് പ്രവര്‍ത്തിക്കുന്നത്.
https://www.facebook.com/Malayalivartha