ആക്കുളം കായലിന്റെ വികസനത്തിന് 128 കോടിയുടെ പുനരുജ്ജീവന പദ്ധതി
തികച്ചും പരിസ്ഥിതി സൗഹാര്‍ദപരമായ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ആക്കുളം കായലിന്റെ പുനരുജ്ജീവനം ലക്ഷ്യമിടുന്ന പദ്ധതിയുടെ രൂപരേഖ മന്ത്രി കടകംപള്ളി സുരേന്ദ്രന് കൈമാറി. മാലിന്യ നിക്ഷേപം മൂലം ദുര്‍ഗന്ധപൂരിതമായ ആക്കുളം കായലിനെ രക്ഷിക്കാന്‍ 128 കോടി രൂപയുടെ പുനരുജ്ജീവന പദ്ധതിയാണ് നടപ്പാക്കുന്നത്. ആക്കുളം കായലിലെ മാലിന്യങ്ങളും, പായലും നീക്കി തെളിഞ്ഞ ജലമുള്ള നിലയിലേക്ക് മാറ്റുന്നതിന് മുന്‍ഗണന നല്‍കുന്നതാണ് പദ്ധതി.
പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങളാകെ നീക്കം ചെയ്യുന്നതിനൊപ്പം റീ സൈക്ലിംഗ് സംവിധാനത്തിലൂടെ ജലം ശുചീകരിക്കും. ജലത്തിന്റെ ഗുണനിലവാരം ഉറപ്പ് വരുത്താന്‍ അത്യാധുനികമായ ഇന്റലിജന്റ് ഓണ്‍സൈറ്റ് വാട്ടര്‍ ക്വാളിറ്റി മോണിട്ടറിംഗ് സംവിധാനവും , ലിവിംഗ് ലാബും സ്ഥാപിക്കും. കായലിലെ വെള്ളത്തിന്റെ സാമ്പിള്‍ എടുത്ത് പുറത്ത് കൊണ്ടുപോയി പരിശോധിക്കാതെ തന്നെ വെള്ളത്തിന്റെ ഗുണനിലവാരം അപ്പപ്പോള്‍ തന്നെ അറിയാനും, ജല ശുചീകരണ മാര്‍ഗങ്ങള്‍ അവലംബിക്കാനും ഇത് വഴി സാധിക്കും.
ആക്കുളം കായലില്‍ നിലവില്‍ മണ്ണ് ഉയര്‍ന്ന് കിടക്കുന്ന ഭാഗം ഹരിതാഭമായ ചെറുദ്വീപാക്കി മാറ്റി അതിനുള്ളില്‍ സ്വാഭാവികമായ ജലശുചീകരണ മാര്‍ഗങ്ങള്‍ ഒരുക്കും. ബാംബു ബ്രിഡ്ജ്, ഗ്രീന്‍ ബ്രിഡ്ജ്, പരിസ്ഥിതി മതിലുകള്‍, ഇടനാഴികള്‍, കല്ലുകള്‍ പാകിയ നടപ്പാതകള്‍, സൈക്കിള്‍ ട്രാക്ക്, പൂന്തോട്ടത്തിന് നടുവില്‍ വിശ്രമത്തിനായുള്ള ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും ആക്കുളത്ത് ഈ പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
നിലവില്‍ ആക്കുളത്ത് നടന്നുവരുന്ന വികസന പദ്ധതികള്‍ക്ക് പുറമെ കായല്‍ പുനരുജ്ജീവന പദ്ധതി കൂടി നടപ്പാക്കുന്നതോടെ ആക്കുളം കായലിനും, ആക്കുളം ടൂറിസം കേന്ദ്രത്തിനും ശാപമോക്ഷമാകും. കോയമ്പത്തൂരിലെ എട്ട് തടാകങ്ങള്‍ ശുചീകരിച്ച പരിസ്ഥിതി സൗഹാര്‍ദപരമായ പദ്ധതിയുടെ മാതൃക അവലംബിച്ചാണ് ആക്കുളം പുനരുജ്ജീവന പദ്ധതി നടപ്പാക്കുന്നത്.
https://www.facebook.com/Malayalivartha