ഇനി ചെലവ് കുറഞ്ഞ റെഡ് ഐ വിമാന സര്‍വീസുകള്‍
ഹോട്ടല്‍ താമസം ഒഴിവാക്കാനും നഗരത്തിലെ പകല്‍ സമയത്തെ ഗതാഗത കുരുക്കുകളില്‍പ്പെടാതെ യാത്ര ചെയ്യാനുള്ള അവസരമൊരുക്കി റെഡ് ഐ വിമാന സര്‍വീസുകള്‍. രാത്രിയില്‍ 9നു ശേഷം പുറപ്പെട്ട് പുലരും മുമ്പ് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരുന്ന സര്‍വീസുകളെയാണ് റെഡ് ഐ വിമാനങ്ങള്‍ എന്നു വിളിക്കുന്നത്. ഇനി വരാനിരിക്കുന്നതും റെഡ് ഐ വിമാന സര്‍വീസുകളുടെ കാലമാണ്. അസമയത്തുളള സര്‍വീസായതിനാല്‍ നിരക്ക് കുറയുമെന്ന പ്രത്യേകതയും ഇതിനുണ്ട്. രാത്രി വൈകിയുളള യാത്രകള്‍ മൂലം കണ്ണു ചുവക്കുന്നതില്‍ നിന്നാണ് ഇത്തരം സര്‍വീസിന് റെഡ് ഐ എന്ന പേര് വീണത്.
വിമാനങ്ങളുടെ എണ്ണം കൂടിയത് രാജ്യത്തെ പല ടെര്‍മിനലുകളിലും കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അധികമാണ്. ടെര്‍മിനലുകളിലെ തിരക്ക് കുറയ്ക്കാന്‍ കൂടിയാണ് വിമാനങ്ങള്‍ രാത്രിയില്‍ മറ്റു തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളിലേക്ക് ഓപ്പറേറ്റ് ചെയ്യുന്നത്. 2015ല്‍ സ്‌പൈസ് ജെറ്റാണു റെഡ് ഐ സര്‍വീസുകള്‍ക്കു തുടക്കം കുറിച്ചത്. 2020ല്‍ രാജ്യത്തെ പ്രധാന വിമാനത്താവളങ്ങള്‍ പലതും ശേഷിയുടെ 100 ശതമാനം കൈവരിക്കുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളിലേക്ക് ആഭ്യന്തര സര്‍വീസുകളുടെ ഒഴുക്കു കൂടുമെന്നാണു പ്രതീക്ഷ.
ആഭ്യന്തര സെക്ടറില്‍ കൊച്ചിയില്‍ നിന്നും ശൈത്യകാല ഷെഡ്യൂളില്‍ ഒട്ടേറെ പുതിയ റെഡ് ഐ സര്‍വീസുകള്‍ വന്നിട്ടുണ്ട്. ഇന്‍ഡിഗോയുടെ പുതിയ കൊച്ചി ഗോവ സര്‍വീസ് രാത്രി 9.40ന് പുറപ്പെട്ട് രാത്രി 11ന് ഗോവയിലെത്തും. അവിടെ നിന്നു രാത്രി 11.30ന് പുറപ്പെട്ട് പുലര്‍ച്ചെ ഒന്നിന് കൊച്ചിയിലെത്തും. ഡിസംബര്‍ 9ന് ആരംഭിക്കുന്ന ലക്‌നൗ സര്‍വീസ് രാത്രി 9.20ന് പുറപ്പെട്ടു പുലര്‍ച്ചെ 1.15ന് ലക്‌നൗവിലെത്തും. ഗോ എയര്‍ ഗോവയിലേക്ക് പുറപ്പെടുന്നത് പുലര്‍ച്ചെ 3.20നാണ്. ഇന്‍ഡിഗോയുടെ നാഗ്പുര്‍ വിമാനം രാത്രി 9ന് പുറപ്പെട്ട് 11 മണിക്ക് നാഗപുരിലെത്തും. തിരിച്ച് നാഗ്പുരില്‍ നിന്നും രാത്രി 11.30ന് പുറപ്പെട്ട് പുലര്‍ച്ചെ 1.30ന് കൊച്ചിയിലെത്തും. രാത്രി 10.50നുളള എയര്‍ ഏഷ്യയുടെയും രാത്രി 12.15നുളള എയര്‍ ഇന്ത്യയുടെയും ബെംഗളൂരു സര്‍വീസും റെഡ് ഐ തന്നെ. പുലര്‍ച്ചെ 2.25, 3.15 എന്നിങ്ങനെയുളള സമയത്ത് കൊച്ചിയില്‍ നിന്നു ആഭ്യന്തര സര്‍വീസുകളുണ്ട്.
https://www.facebook.com/Malayalivartha