ഇന്ത്യന്‍ റെയില്‍വേ അതിവേഗപാതയില്‍; ട്രെയിന്‍ 18 പ്രയാണം തുടങ്ങി
മേക്ക് ഇന്‍ ഇന്ത്യ പ്രൊജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച 'ട്രെയിന്‍ 18' യാത്രക്കാര്‍ക്ക് ലോകോത്തര സൗകര്യങ്ങള്‍ നല്‍കുകയാണ് റെയിവേയുടെ ലക്ഷ്യം. ഇന്ത്യന്‍ എന്‍ജിനീയര്‍മാരുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച വന്ദേഭാരത് എക്‌സ്പ്രസ് രാജ്യത്ത് ലോക നിലവാരത്തിലുള്ള ട്രെയിനുകള്‍ നിര്‍മിക്കാമെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണ്. സമയ നഷ്ടം കൂടാതെ ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാമെന്നതാണ് ട്രെയിന്‍ 18ന്റെ പ്രധാന സവിശേഷത. എട്ട് മണിക്കൂര്‍ കൊണ്ടാണ് ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും വാരണാസിയില്‍ എത്തിച്ചേരുന്നത്. ചെന്നൈയിലെ ഇന്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയില്‍ പൂര്‍ണ്ണമായും തദ്ദേശീയമായി നിര്‍മ്മിച്ച ട്രെയിനിന് 180 കിലോമീറ്ററാണ് പരമാവധി വേഗം. 97 കോടി രൂപ ചെലവില്‍ 18 മാസം കൊണ്ടാണ് നിര്‍മാണം പൂര്‍ത്തീകരിച്ചത്.
പൂര്‍ണ്ണമായും ശീതീകരിച്ച കോച്ചുകളുള്ള ട്രെയിന്‍ ഓടാന്‍ പ്രത്യേക എന്‍ജിന്റെ ആവശ്യമില്ല. മെട്രോ ട്രെയിനുകളുടെ മാതൃകയില്‍ കോച്ചുകള്‍ക്ക് അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ഇലക്ട്രിക് മോട്ടോറുകളുടെ സഹായത്തോടെയാണ് ട്രെയിന്‍ ചലിക്കുന്നത്. ഓരോ കോച്ചിനും അടിയില്‍ ഘടിപ്പിച്ചിരിക്കുന്ന ട്രാക്ഷന്‍ മോട്ടോറുകളാണ് ലോക്കോമോട്ടീവ് എഞ്ചിനുകള്‍ക്ക് പകരം പ്രവര്‍ത്തിക്കുക. ഓട്ടോമാറ്റിക് ഡോറുകളും, സ്‌റ്റെപ്പുകളും ഉള്ള കോച്ചുകളില്‍ വൈ ഫൈ, ജി പി എസ് അടിസ്ഥാന പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍, ബയോ വാക്വം സിസ്റ്റത്തിന്റെ സഹായത്തോടെയുള്ള ടോയ്‌ലെറ്റ് സംവിധാനം എന്നിവ ഉണ്ടാകും. നിലവില്‍ നഗരങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ശതാബ്ദി ട്രെയിനുകള്‍ക്ക് പകരമായിരിക്കും പുതിയ വന്ദേഭാരത് ട്രെയിന്‍ സര്‍വീസ് നടത്തുക.
എക്‌സിക്യുട്ടീവ് ക്ലാസ്, ചെയര്‍ കാര്‍ എന്നിങ്ങനെ രണ്ട് തരം ടിക്കറ്റുകളാണ് ട്രെയിന്‍ 18 ല്‍ നിലവില്‍ ഉള്ളത്. ചെയര്‍കാര്‍ നിരക്ക് 1,760 രൂപയും എക്‌സിക്യുട്ടീവ് ക്ലാസില്‍ 3,310 രൂപയുമാണ്. റെയില്‍വേയുടെ ഔദ്യോഗിക വിഭാഗമായ ഐ ആര്‍ സി ടി സിക്കാണ് ട്രെയിന്‍ 18 ലെ ഫൈവ് സ്റ്റാര്‍ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനുള്ള ചുമതല. മികച്ച ഭക്ഷണം നല്‍കുന്നതിന് പുറമേ ഹാന്‍ഡ് സാനിറ്റൈസറുകളും യാത്രക്കാര്‍ക്ക് ലഭ്യമാക്കും.
യാത്രക്കാര്‍ക്ക് പ്രഭാത ഭക്ഷണമായി മഫിനുകളും ഡോണറ്റും നല്‍കാനാണ് റെയില്‍വേ തീരുമാനം. കാണ്‍പൂരിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിന്നുള്ള ആവി പറക്കുന്ന രാത്രി ഭക്ഷണവും ട്രെയിന്‍ യാത്രക്കാര്‍ക്ക് ലഭ്യമാക്കും. അലഹബാദില്‍ നിന്നാവും ഉച്ചഭക്ഷണം. ഇതിനായുള്ള ഭക്ഷണശാലയുടെ കാര്യത്തില്‍ ഉടന്‍ തന്നെ തീരുമാനം കൈക്കൊള്ളും. രാവിലെ പുറപ്പെടുന്ന ട്രെയിന്‍ ആണെങ്കില്‍ പ്രഭാതഭക്ഷണത്തിനും ഉച്ചഭക്ഷണത്തിനും പുറമേ സ്‌നാക്‌സ് കൂടി ലഭ്യമാക്കും. ബംഗളുരു ഹൈദരാബാദ് പാതയിലും മുംബൈ അഹമ്മദാബാദ്, മുംബൈ കൊല്‍ക്കൊത്ത പാതയിലും വൈകാതെ ട്രെയിന്‍ 18 ഓടിത്തുടങ്ങും.
https://www.facebook.com/Malayalivartha