പിയാജിയോ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ ഉടന്‍ വിപണിയില്‍
ഒരു ടണ്ണില്‍ താഴെ ശേഷിയുള്ള കൊമേഴ്‌സ്യല്‍, പാസഞ്ചര്‍ വാഹനങ്ങളുടെ ഏറ്റവും വലിയ നിര്‍മാതാക്കളായ പിയാജിയോ ഈ വര്‍ഷം പകുതിയോടെ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ നിരത്തിലിറക്കുന്നു. ഇലക്ട്രിക് വാഹനങ്ങളില്‍ കൂടുതലായി ശ്രദ്ധ കേന്ദ്രീകരിക്കുന്ന രാജ്യമാണ് ഇന്ത്യ. ഇത് മുന്നില്‍ക്കണ്ടാണ് പിയാജിയോയുടെ നീക്കം. നിലവില്‍ ഇലക്ട്രിക് ഓട്ടോറിക്ഷകള്‍ക്ക് ആവശ്യക്കാര്‍ അത്ര കൂടുതലല്ല. എന്നാല്‍ ഭാവിയിലേയ്ക്കുള്ള ആവശ്യം കണക്കിലെടുത്താണ് ഈ വര്‍ഷം തന്നെ വൈദ്യുത ഓട്ടോറിക്ഷകള്‍ പുറത്തിറക്കുന്നത്. നിലവില്‍ പിയാജിയോയ്ക്ക് ഹൈബ്രിഡ് വാഹനങ്ങള്‍ യൂറോപ്യന്‍ വിപണിയില്‍ ഉണ്ടെന്നും ഇവ ഇന്ത്യയിലേയ്ക്ക് കൂടി അവതരിപ്പിക്കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും കമ്പനി അറിയിച്ചു.
പുറത്തു നിന്നുള്ള ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് പിയാജിയോ സ്വന്തമായിട്ടായിരിക്കും പുതിയ ഉത്പന്നങ്ങള്‍ തയ്യാറാക്കുകന്നത്. വൈദ്യുത വാഹനങ്ങള്‍ക്കാവശ്യമായ ലിഥിയം ബാറ്ററികള്‍ ഇറക്കുമതി ചെയ്യാനും ഇലക്ട്രിക് മോട്ടറും ബാറ്ററി മാനേജ്‌മെന്റ് സംവിധാനവും അടക്കമുള്ള സംവിധാനങ്ങള്‍ രാജ്യത്ത് തയ്യാറാക്കാനാണ് കമ്പനിയുടെ നീക്കം. ഈ വര്‍ഷം അവസാനത്തോടെ കമ്പനിയുടെ എല്ലാ വാഹനങ്ങളും ബിഎസ് 6 നിലവാരത്തിലേയ്ക്ക് മാറ്റാന്‍ പിയാജിയോ തയ്യാറെടുക്കുകയാണ്.
സര്‍ക്കാര്‍ മാനദണ്ഡപ്രകാരം ബിഎസ് 6 മലിനീകരണ നിലവാരത്തിലേയ്ക്ക് മാറാന്‍ ആവശ്യമായ ഫ്യൂവല്‍ ആപ്ലിക്കേഷന്‍ മെക്കാനിസം തയ്യാറാണ്. 2020 ഏപ്രില്‍ 1 വരെ സര്‍ക്കാര്‍ സമയം നല്‍കിയിട്ടുണ്ടെങ്കിലും അതിന് 45 മാസം മുന്‍പേ ഉത്പന്നങ്ങള്‍ തയ്യാറാകുമെന്നും കമ്പനി അറിയിച്ചു. ഇതൊരു തുടക്കം മാത്രമാണെന്നും ഭാവിയില്‍ കാര്‍ഗോ വാഹനങ്ങളിലേയ്ക്കും വലിയ വാഹനങ്ങളിലേയ്ക്കും ഇലക്ട്രിക് സംവിധാനം വ്യാപിപ്പിക്കും. എന്നാല്‍ ഹൈബ്രിഡ് ഉത്പന്നങ്ങള്‍ പുറത്തിറക്കാന്‍ തത്കാലം കമ്പനി ഉദ്ദേശിക്കുന്നില്ല.
https://www.facebook.com/Malayalivartha