മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്ക് ആധാര്‍ രേഖയാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വീണ്ടും രംഗത്ത്
മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് എന്നിവയ്ക്കുള്ള രേഖയായി ആധാര്‍ അംഗീകരിച്ചുകൊണ്ട് പുതിയ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. ടെലഗ്രാഫ് ആക്ട്, കള്ളപണം വെളുപ്പിക്കന്‍ നിരോധനം എന്നീ നിയമങ്ങളില്‍ ഭേദഗതി വരുത്തിയാണ് മൊബൈല്‍ സിം കാര്‍ഡ് എടുക്കാനും ബാങ്ക് അക്കൗണ്ട് തുടങ്ങാനുമുള്ള രേഖയായി ആധാറിനെ അംഗീകരിച്ചത്. മൊബൈല്‍ സിം, ബാങ്ക് അക്കൗണ്ട് എന്നീ കാര്യങ്ങള്‍ക്ക് ആധാര്‍ ആവശ്യമില്ലെന്ന സുപ്രീംകോടതി ഉത്തരവ് മറികടക്കാനാണ് പുതിയ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ബില്ല് ലോകസഭ പാസ്സാക്കിയിരുന്നുവെങ്കിലും രാജ്യസഭയില്‍ അത് കുടുങ്ങിക്കിടക്കുകയായിരുന്നു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബില്ല് കാലഹരണപ്പെടും എന്നതിനാലാണ് ധൃതി പിടിച്ച് ഓര്‍ഡിനന്‍സിലൂടെ പുതിയ നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്.
എന്നാല്‍ ഈ രണ്ട് സന്ദര്‍ഭങ്ങളിലും ആധാര്‍ നിര്‍ബന്ധമാണെന്ന് ഓര്‍ഡിനന്‍സില്‍ പറയുന്നില്ല. മറിച്ച് സ്വമേധയാ ഒരാള്‍ ആധാര്‍ ഹാജരാക്കുകയാണെങ്കില്‍ അത് അംഗീകരിക്കണമെന്നാണ് ആധാര്‍ നിയമത്തിലെ പുതിയ ഭേദഗതി. അതേസമയം, ആധാര്‍ ഹാജരാക്കിയില്ല എന്ന കാരണത്താല്‍ ഒരു സേവനവും നിഷേധിക്കപ്പെടുന്ന സാഹചര്യം ഉണ്ടാവരുതെന്നും ഓര്‍ഡിനന്‍സ് വ്യക്തമാക്കുന്നു. പുതിയ ഭേദഗതിയില്‍ 18 വയസ്സ് പൂര്‍ത്തിയാവുമ്പോള്‍ ആധാര്‍ വഴിയുള്ള ബയോമെട്രിക് തിരിച്ചറിയല്‍ രേഖയില്‍ നിന്ന് പിന്‍മാറാന്‍ വ്യക്തികള്‍ക്ക് അധികാരമുണ്ട്.
ഇതുകൂടാതെ ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നവര്‍ക്കുള്ള ശിക്ഷ പുതിയ ഭേദഗതിയോടെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ആധാര്‍ ആക്ടിലെ നിയമങ്ങള്‍ ലംഘിച്ച് വ്യക്തിയുടെ സ്വകാര്യത ഹനിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഒരു കോടി രൂപയാണ് പിഴ. നിയമലംഘനം തുടരുകയാണെങ്കില്‍ ഒരോ ദിവസത്തിനും 10 ലക്ഷം രൂപ വച്ച് അധിക പിഴ ഈടാക്കുകയും ചെയ്യും. അനധികൃതമായി ആധാര്‍ വിവരങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് മൂന്നു വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. കമ്പനിയാണെങ്കില്‍ ഒരു ലക്ഷം രൂപ പിഴ നല്‍കണം.
https://www.facebook.com/Malayalivartha