ഡാറ്റകളില്‍ സര്‍ക്കാര്‍ നിയന്ത്രണം; കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഇ കൊമേഴ്‌സ് നയം വിമര്‍ശിക്കപ്പെടുന്നു
ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍, സോഷ്യല്‍ മീഡിയ തുടങ്ങിയവയിലെ ഇന്ത്യക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ രാജ്യാതിര്‍ത്തി വിട്ടുപോവരുതെന്നും അത് ഇന്ത്യയിലെ തന്നെ സര്‍വറുകളില്‍ സൂക്ഷിക്കണമെന്നുമുള്ള നിര്‍ദ്ദേശമാണ് കൂടുതലായി വിമര്‍ശിക്കപ്പെടുന്നത്. കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുതിയ ഇ കൊമേഴ്‌സ് നയത്തിന്റെ കരടിലാണ് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്ളത്. ഇന്നത്തെ സ്വതന്ത്ര ലോകത്ത് പ്രാദേശികമായി ഡാറ്റകള്‍ സൂക്ഷിച്ചുവയ്ക്കുന്നത് ശരിയല്ല. ഡാറ്റയുടെ വികേന്ദ്രീകരണമാണ് ദുരുപയോഗം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം. ഓണ്‍ലൈന്‍ ഡാറ്റകളെല്ലാം രാജ്യത്തിനകത്ത് സൂക്ഷിക്കപ്പെട്ടാല്‍ അതിന്റെ നിയന്ത്രണം സര്‍ക്കാരിന് ലഭിക്കുമെന്നും ഇത് വ്യക്തിസ്വാതന്ത്ര്യങ്ങള്‍ക്കു മേലുള്ള കടന്നാക്രമണമായി വ്യാഖ്യാനിക്കപ്പെടുമെന്നുമാണ് കരടു നയത്തിനെതിരേ ഉയരുന്ന പ്രധാന ആരോപണങ്ങളിലൊന്ന്.
ബിസിനസ് സ്ഥാപനങ്ങളും ഉപഭോക്താക്കളും തമ്മിലുള്ള വ്യാപാരമാണ് ഇ കൊമേഴ്‌സില്‍ പ്രധാനം. അതില്‍ ഡാറ്റ മൂന്നാമത്തെ ഘടകം മാത്രമാണ്. ഇത് കരട് ഇ കൊമേഴ്‌സ് നയത്തില്‍ ഉള്‍പ്പെടുത്തേണ്ട കാര്യമില്ല. പ്രാദേശിക കുത്തകകള്‍ക്ക് കാര്യങ്ങള്‍ അനുകൂലമാകുന്ന വിധത്തിലാണ് കരട് ഇ കൊമേഴ്‌സ് നയം രൂപീകരിച്ചിരിക്കുന്നതെന്നാണ് മറ്റൊരു ആരോപണം. നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവര്‍ക്കും ഒരു പോലെയാവണം. അല്ലാത്ത പക്ഷം അത് വിവേചനപരമായി വ്യാഖ്യാനിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോര്‍ട്ട് അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുമ്പാകെ വരാനിരിക്കെയാണ് വിമര്‍ശനം.
വിദേശ നിക്ഷേപമുള്ള കമ്പനികള്‍ക്ക് ഓണ്‍ലൈന്‍ വ്യാപാരത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ആരോഗ്യകരമായ മല്‍സരത്തിനുള്ള സാധ്യത ഇല്ലാതാക്കും. റിലയന്‍സ് ഉടമ മുകേഷ് അംബാനി റീട്ടെയില്‍ രംഗത്തേക്ക് പ്രവേശിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചതിനു പിന്നാലെ വിദേശ കമ്പനികള്‍ക്ക് ഇത്തരമൊരു നിയന്ത്രണം വരുന്നത് ദുരുദ്ദേശത്തോടെയാവാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
https://www.facebook.com/Malayalivartha