ഇന്ത്യന്‍ സംഗീത വിപണിയില്‍ ചരിത്രം കുറിച്ച് സ്‌പോട്ടിഫൈ; ചുരുങ്ങിയ ദിവസം കൊണ്ട് നേടിയത് 10 ലക്ഷം വരിക്കാരെ
ഇന്ത്യന്‍ സംഗീതവിപണിയില്‍ അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് മ്യൂസിക് സ്ട്രീമിംഗ് സര്‍വ്വീസായ സ്‌പോട്ടിഫൈ. ലോഞ്ച് ചെയ്ത് ഒരാഴ്ച്ചക്കുള്ളില്‍ ഇന്ത്യയില്‍ നിന്നുള്ള 10 ലക്ഷം സംഗീതപ്രേമികളാണ് വരിക്കാരായത്. ജിയോ സാവന്‍, ആമസോണ്‍ മ്യൂസിക്, ഷവോമിയുടെ ഹംഗാമ, ടൈംസ് ഇന്റര്‍നെറ്റിന്റെ ഗാന, ഭാരതി എയര്‍ടെല്ലിന്റെ വിങ്ക് എന്നിവയുമായി മത്സരിച്ചാണ് സ്‌പോട്ടിഫൈ ഈ നേട്ടം കൊയ്യ്തത്. കമ്പനി ഓഫര്‍ ചെയ്യുന്ന സംഗീതവിരുന്ന് വച്ചുനോക്കുമ്പോള്‍ വരും ദിനങ്ങളില്‍ വരിക്കാരുടെ എണ്ണം കുത്തനെ വര്‍ദ്ധിക്കുമെന്നാണ് നിരീക്ഷകരുടെ കണക്കുകൂട്ടല്‍.
നാലു കോടിയിലേറെ പാട്ടുകളാണ് സ്‌പോട്ടിഫൈ ഇന്ത്യന്‍ വരിക്കാര്‍ക്ക് ഓഫര്‍ ചെയ്യുന്നത്. ബോളിവുഡിലേതുള്‍പ്പെടെ പുതിയ പാട്ടുകള്‍ ജനങ്ങളിലെത്തിക്കാന്‍ ടി സീരീസുമായി സ്‌പോട്ടിഫൈ ധാരണയിലെത്തിയിട്ടുണ്ട്. ഇന്ത്യയിലെ ശരാശരി ഇന്റര്‍നെറ്റ് ഉപയോക്താവ് ആഴ്ചയില്‍ ശരാശരി 21.5 മണിക്കൂര്‍ സംഗീതം ശ്രവിക്കാന്‍ വേണ്ടി ചെലവഴിക്കുന്നുണ്ടെന്നാണ് ഐ എം ഐയുടെ കണക്ക്.
രാജ്യത്തിന് അകത്തും പുറത്തുമുള്ള പാട്ടുകള്‍ മൊബൈല്‍ ആപ്പിലൂടെ സൗജന്യമായാണ് സ്‌പോട്ടിഫൈ നല്‍കുന്നത്. കൂടുതല്‍ മികച്ചതും പുതിയതുമായ പാട്ടുകള്‍ വേണ്ടവര്‍ക്ക് മാസത്തില്‍ 59 രൂപ മുതല്‍ നല്‍കി സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രൈബ് ചെയ്യാം. ഇന്ത്യയില്‍ പ്രാദേശിക ഭാഷാ സംഗീതവും സ്‌പോട്ടിഫൈ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദിക്കു പുറമെ തെലുങ്കു, തമിഴ്, പഞ്ചാബി ഭാഷകളിലുള്ള പാട്ടുകളും ഇപ്പോള്‍ ലഭ്യമാണ്.
ഇന്ത്യയിലെ 15 കോടിയിലേറെ വരുന്ന മ്യൂസിക് സ്ട്രീമിംഗ് സേവനങ്ങളുടെ ഉപയോക്താക്കളില്‍ 14 ശതമാനം പേരും ഏതെങ്കിലും ടെലകോം സേവനവുമായി ബന്ധപ്പെട്ടാണ് ഇവ ഉപയോഗിക്കുന്നത്. ഉദാഹരണമായി റിലയന്‍സ് ജിയോയുടെ റീചാര്‍ജ്ജ് പായ്ക്കിനൊപ്പമാണ് ജിയോ സാവന്‍ വരുന്നത്. ഭാരതി എയര്‍ട്ടെല്ലിന്റെ വിങ്കും ഇങ്ങനെ തന്നെ. എന്നാല്‍ വിങ്കിന്റെ സ്വതന്ത്ര ആപ്പും നിലവിലുണ്ട്.
https://www.facebook.com/Malayalivartha