പുതിയ സംഘടനയുമായി ഇന്ത്യയിലെ ഇ കൊമേഴ്‌സ് സ്ഥാപനങ്ങള്‍; ആമസോണിനും ഫഌപ്കാര്‍ട്ടിനും അംഗത്വമില്ല
ഇന്ത്യയില്‍ ഇ കൊമേഴ്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ചേര്‍ന്ന് രൂപീകരിച്ച പ്രഥമ സംഘടനയായ ദി ഇ കൊമേഴ്‌സ് കൗണ്‍സില്‍ ഓഫ് ഇന്ത്യ (ടി ഇ സി ഐ) നിലവില്‍വന്നു. ഈരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ യു എസ് കമ്പനിയായ ആമസോണിനും വാള്‍മാര്‍ട്ടിന്റെ കീഴിലുള്ള ഫഌപ്കാര്‍ട്ടിനും സ്ഥാനമില്ല. ഇന്ത്യന്‍ ഓണ്‍ലൈന്‍ ബിസിനസ് സ്ഥാപനങ്ങളായ സ്‌നാപ്ഡീല്‍, ഷോപ്ക്ലൂസ്, ഫിന്റ്, അര്‍ബന്‍ ക്ലാപ്, ബേവകൂഫ്, മാമഎര്‍ത്ത്, ഷോപ്പ് 101 തുടങ്ങിയവ ചേര്‍ന്നാണ് 12 അംഗ അസോസിയേഷന് രൂപം നല്‍കിയത്. ഇകൊമേഴ്‌സ് രംഗത്ത് രാജ്യത്തുണ്ടായ വളര്‍ച്ചയും ഇതുമായി ബന്ധപ്പെട്ട് സുപ്രധാന നിയമനിര്‍മാണങ്ങള്‍ നടക്കാനിരിക്കുന്നതും പരിഗണിച്ചാണ് ഇത്തരമൊരു സംഘടനയ്ക്ക് രൂപം നല്‍കിയത്.
രാജ്യത്തിന് പുറത്തുള്ള നിക്ഷേപകരാല്‍ നിയന്ത്രിക്കപ്പെടാത്ത ഇന്ത്യന്‍ കമ്പനികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവിടത്തെ കമ്പനികള്‍ ഒന്നിച്ചു ചേര്‍ന്ന് ഈ രംഗത്തെ പ്രതിനിധികളായി മാറുകയെന്നതാണ് അസോസിയേഷന്റെ ലക്ഷ്യം. മറ്റു കമ്പനികളുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ ആയതിനാലാണ് ഫഌപ്കാര്‍ട്ടിനെയും ആസമോണിനെയും കൗണ്‍സിലിലേക്ക് പരിഗണിക്കപ്പെടാതിരുന്നത്. അവര്‍ക്ക് ഏതു സമയത്തും കൗണ്‍സിലില്‍ അംഗത്വമെടുക്കാമെന്നും അസോസിയേഷന്‍ അംഗങ്ങള്‍ പറഞ്ഞു.
കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച 41 പേജുള്ള ഇകൊമേഴ്‌സ് കരട് നിയമം പരിശോധിച്ചുവരികയാണെന്നും ഇതുമായി ബന്ധപ്പെട്ട് ഉടന്‍ തന്നെ അസോസിയേഷന്‍ പ്രസ്താവന ഇറക്കുമെന്നും അസോസിയേഷന്‍ അറിയിച്ചു. കരട് നിയമത്തെ കുറിച്ച് ഓരോ കമ്പനിയും വെവ്വേറെ അഭിപ്രായങ്ങള്‍ സമര്‍പ്പിക്കുന്നതിനേക്കാള്‍ എല്ലാവരും ഒന്നിച്ച് അസോസിയേഷന്റെ പേരില്‍ പ്രതികരണം അറിയിക്കുന്നതാണ് നല്ലതെന്നുള്ള തിരിച്ചറിവും ഇതിന്റെ രൂപികരണത്തിന് കാരണമായി ചൂണ്ടികാട്ടുന്നു.
https://www.facebook.com/Malayalivartha