ഹോട്ടല്‍ ജീവനക്കാരെ വൃത്തി പഠിപ്പിക്കാന്‍ പുതിയ കോഴ്‌സുമായി ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റി
സംസ്ഥാനത്തെയും ഇതര സംസ്ഥാനക്കാരായ ഹോട്ടല്‍ തൊഴിലാളികളും ഉള്‍പ്പെടെ വൃത്തിയെപ്പറ്റിയും ഭക്ഷണം സൂക്ഷിക്കേണ്ടരീതിയെപ്പറ്റിയും ശാസ്ത്രീയപരിശീലനം നല്‍കുന്ന ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ ്എസ് എസ് എ ഐ) യുടെ പദ്ധതി കേരളത്തില്‍ അടുത്തമാസം ആരംഭിക്കും. ഫോസ്റ്റാക് (ഫുഡ് സേഫ്റ്റി ട്രെയിനിങ് ആന്‍ഡ് സര്‍ട്ടിഫിക്കേഷന്‍) എന്നതാണ് പദ്ധതിയുടെ പേര്. ഇതിനായി ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ), കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സി ഐ ഐ) ഉള്‍പ്പെടെ 25 ഏജന്‍സികളെയാണ് നിയോഗിച്ചത്.
2018ല്‍ പരിശോധന നടത്തിയ 80% ഹോട്ടലുകളുടെയും അടുക്കളകള്‍ വൃത്തിഹീനമായിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് കാണാന്‍ കഴിയുന്ന തരത്തില്‍ 'ഓപ്പണ്‍ അടുക്കള'യുമായി ഹോട്ടലുകള്‍ വരുമ്പോള്‍ തന്നെയാണ് ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ ഞെട്ടിക്കുന്ന കണക്കുകള്‍. അടുക്കളയില്‍ മാലിന്യം കൂട്ടിയിടുക, ഇറച്ചിയുടെ അവശിഷ്ടങ്ങള്‍ അടുക്കളയില്‍ തന്നെ സൂക്ഷിക്കുക, വൃത്തിയില്ലാതെ വെള്ളവും ഭക്ഷണസാധനങ്ങളും സൂക്ഷിക്കുക, റഫ്രിജറേറ്ററിന്റെ വൃത്തി, അടുക്കളയുടെ തറയുടെയും ഭിത്തിയുടെയും വൃത്തിയൊക്കെയാണ് പരിശോധിച്ചത്. ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട സാധനങ്ങള്‍ പുറത്ത് സൂക്ഷിക്കുന്നത് അടുക്കളയിലെ നിത്യകാഴ്ചയാണെന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. വൃത്തിഹീനമാണെന്ന് കണ്ടാല്‍ പിഴ 5,000 രൂപ മുതല്‍ ഒരു ലക്ഷം രൂപ വരെയാണ്. ഈ കണക്കില്‍ 2018 ല്‍ മാത്രം 1.44 കോടി രൂപ സര്‍ക്കാരിന് പിഴയായി ലഭിച്ചു. 165 ഹോട്ടല്‍ പൂട്ടിച്ചു. കഴിഞ്ഞ വര്‍ഷം പരിശോധന നടത്തിയ 5,200 ഹോട്ടലുകളില്‍ 4,000 എണ്ണത്തിന്റെ അടുക്കളകളും വൃത്തിഹീനമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഫുഡ് ആന്റ് സേഫ്റ്റി അതോറിറ്റിയുടെ പുതിയ തീരുമാനം
ഓരോ ഹോട്ടല്‍ തൊഴിലാളിയും ഈ കോഴ്‌സ് പൂര്‍ത്തിയാക്കണമെന്നും സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കണമെന്നുമാണ് പുതിയ വ്യവസ്ഥ. ഒരു ഹോട്ടലില്‍ 25 തൊഴിലാളികളില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ ഒരു സൂപ്പര്‍വൈസര്‍കോഴ്‌സില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കിയിരിക്കണം. 25ല്‍ താഴെ തൊഴിലാളികളാണെങ്കില്‍ ഒന്നോ രണ്ടോ ദിവസത്തേക്കുള്ള കോഴ്‌സില്‍ എല്ലാ ഹോട്ടല്‍ തൊഴിലാളികളും പങ്കെടുക്കണം. ഭാവിയില്‍ ഹോട്ടല്‍ ലൈസന്‍സിന് ഇത് നിര്‍ബന്ധമാക്കാനാണ് ആലോചന. ഹോട്ടലുടമയാണ് കോഴ്‌സിന് പണം മുടക്കേണ്ടത്. ആദ്യഘട്ടത്തില്‍ തട്ടുകടക്കാരെ പരിശീലനത്തില്‍ നിന്നും ഒഴുവാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha