പാളത്തിലെ വിള്ളലുകള്‍ കണ്ടെത്താന്‍ പുതിയ സാങ്കേതികവിദ്യയുമായി ഇന്ത്യന്‍ റെയില്‍വേ
റെയില്‍വേയുടെ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ നീണ്ടു കിടക്കുന്ന ട്രാക്കിലെ വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ സഹായിക്കുന്ന ലൈറ്റ് ഡിറ്റെക്ഷന്‍ ആന്റ് റേഞ്ചിംഗ് ടെകിനോളജിയാണ് (ലിഡാര്‍) റെയില്‍വേ നടപ്പിലാക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വരവോടെ പാളത്തിലെ വിള്ളലുകളും മറ്റും കാരണം ട്രെയിനുകള്‍ അപകടത്തില്‍ പെടുന്നത് പൂര്‍ണമായും ഇല്ലാതാക്കാനാവുമെന്നാണ് പ്രതീക്ഷ.
നിലവില്‍ ഗാംഗ്മാന്‍മാരും കീമാന്‍മാരുമാണ് റെയില്‍വേ ട്രാക്കിലെ വിള്ളലുകളും മറ്റും കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുന്നത്. പലപ്പോഴും ഇവര്‍ക്ക് വിള്ളലുകള്‍ അപ്പപ്പോള്‍ കണ്ടെത്തി അധികൃതരെ വിവരമറിയിക്കാന്‍ സാധിച്ചുകൊള്ളണമെന്നില്ല. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായാണ് ലിഡാര്‍ എന്നു വിളിക്കുന്ന പുതിയ സാങ്കേതികവിദ്യയുടെ സഹായം തേടുന്നത്. ഇതിലൂടെ ട്രാക്കിലെ വിള്ളലുകള്‍, പൊട്ടലുകള്‍ എന്നിവയ്ക്ക് പുറമെ, ഏതെങ്കിലും കീ ഇളകിപ്പോയിട്ടുണ്ടോ എന്ന കാര്യവും കണ്ടെത്താനാവും. വിള്ളല്‍ പരിശോധനയ്ക്കായുള്ള റെയില്‍ കാറില്‍ ലിഡാര്‍ സെന്‍സര്‍ ഘടിപ്പിച്ച് യാത്ര ചെയ്യുന്നതാണ് പുതിയ രീതി. ഇതില്‍ പതിയുന്ന ഇമേജുകള്‍ ഉപയോഗിച്ച് രണ്ട് ട്രാക്കുകളുടെയും ത്രിമാന ചിത്രങ്ങള്‍ പ്രിന്റ് ചെയ്‌തെടുത്ത് പ്രശ്‌നങ്ങളുണ്ടോ എന്ന് പരിശോധിക്കാം. മിനുട്ടികള്‍ക്കകം തന്നെ ഇവ കണ്ടെത്താനും പരിഹാരം വേഗത്തിലാക്കാനും ഈ സാങ്കേതികവിദ്യയുടെ സഹായത്തോടെ സാധിക്കും.
ഇതോടൊപ്പം ഈ രംഗത്തെ മനുഷ്യാദ്ധ്വാനം കുറയ്ക്കാനും ട്രാക്ക് പരിശോധനാ വേളയിലുണ്ടാവുന്ന അപകടങ്ങള്‍ ഒഴിവാക്കാനും സാധിക്കും. ആദ്യഘട്ടത്തില്‍ സെന്‍ട്രല്‍ റെയില്‍വേയിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
https://www.facebook.com/Malayalivartha