അത്യുഷ്ണത്തില്‍ കേരളം വിയര്‍ക്കുന്നു
കത്തിജ്വലിക്കുകയാണ് സൂര്യന്‍... വേനല്‍ച്ചൂട് ദിനംപ്രതി കുതിച്ചുയരുകയാണ്... ഫ്‌ളാറ്റുകളും കോണ്‍ക്രീറ്റ് കെട്ടിടങ്ങളും തരിശുഭൂമിയുമുള്ള പ്രദേശങ്ങളിലെ ചൂട് വളരെയേറെയാണ്. ഇവ സൂര്യനില്‍ നിന്നുള്ള ചൂട് ആഗിരണം ചെയ്യുന്നത് കൂടുകയും പുറത്തേക്ക് വിടുന്നത് കുറയുന്നതോടും കൂടി പരിസരത്ത് ചൂട് ക്രമാതീതമായി വര്‍ദ്ധിക്കും. അന്തരീക്ഷ ആര്‍ദ്രത കൂടുന്നതും ചൂട് കൂടാന്‍ കാരണമാകുന്നുണ്ട്. പ്രളയം കഴിഞ്ഞ കേരളത്തില്‍ കാര്യമായ മഴ പെയ്തില്ല. കൂടെ വടക്കേ ഇന്ത്യയില്‍നിന്ന് ചൂടുകാറ്റും എത്തുന്നുണ്ട്. ഇതെല്ലാം ചൂട് വര്‍ദ്ധിപ്പിക്കുന്ന കാരണങ്ങളാണ്. വേനല്‍മഴ എത്തിയില്ലെങ്കില്‍ സംസ്ഥാനം വരുംനാളുകളില്‍ ചുട്ടുപൊള്ളും. സൂര്യതാപമേല്‍ക്കുന്ന സംഭവങ്ങള്‍ ദിവസത്തോറും കൂടിവരികയാണ്. ഇതിനോടൊപ്പം, കുടിവെള്ള പ്രശ്‌നവും. വേനലില്‍ ആശ്വാസമായി ആശ്രയിക്കുന്ന പാനീയങ്ങളാകട്ടെ എത്രത്തോളം സുരക്ഷിതമാണ് എന്ന കാര്യത്തിലും ആശങ്കയുണ്ട്.
വേനല്‍ക്കാലത്ത് വഴിയരികുകളില്‍ ജ്യൂസ് വില്‍പ്പന കേന്ദ്രങ്ങള്‍ മുളച്ചുപൊങ്ങും. തണ്ണിമത്തന്‍, പൊട്ടുവെള്ളരി ജ്യൂസുകളാണ് പ്രധാനമായും വില്‍പ്പന നടത്തുന്നത്. എന്നാല്‍, ഇവയ്ക്കുപയോഗിക്കുന്ന വെള്ളത്തിന്റെയും ഐസിന്റെയും നിലവാരവും എത്രത്തോളമുണ്ടെന്നാണ് അറിയാത്തത്. വൃത്തിഹീനമായ ചുറ്റുപാടില്‍ തയ്യാറാക്കുന്ന ഇത്തരം പാനീയങ്ങള്‍ മഞ്ഞപ്പിത്തം, വയറിളക്കം, ഛര്‍ദി തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമാകും. ഫുഡ് സേഫ്റ്റി ലൈസന്‍സുള്ളവര്‍ ഭൂരിഭാഗവും ഭക്ഷ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഐസ് തന്നെയാണ് ഉപയോഗിക്കാറ്. എന്നാല്‍, ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ ഇതൊന്നും കാര്യമാക്കാറില്ല. വരുമാനം മാത്രമാണ് ഇവരുടെ ലക്ഷ്യം. ആരോഗ്യവകുപ്പ് അധികൃതരും മറ്റും ഇത്തരക്കാരെ ഒഴിപ്പിക്കാറുണ്ട്. എന്നാല്‍, ഉടനെ ഇവര്‍ അടുത്ത ജങ്ഷനില്‍ കച്ചവടം തുടങ്ങുന്നതാണ് രീതി.
വേനല്‍ക്കാലത്തെ അന്തരീക്ഷത്തിലെ ഉയര്‍ന്ന താപനിലയെ അതിജീവിക്കാന്‍ ശരീരം കൂടുതല്‍ വിയര്‍ക്കും. ഇത് ജലവും ലവണങ്ങളും ശരീരത്തില്‍ നിന്ന് നഷ്ടമാകാന്‍ കാരണമാകും. അതിനാല്‍, ആവശ്യത്തിന് വെള്ളം ഭക്ഷണത്തില്‍ എല്ലായ്‌േപ്പാഴും നിലനിര്‍ത്തണം. അല്ലാത്തപക്ഷം നിര്‍ജലീകരണം വരാന്‍ സാധ്യതയുണ്ട്. കുറഞ്ഞത് രണ്ടര ലിറ്റര്‍ വെള്ളം ദിവസവും കുടിക്കാന്‍ ശ്രമിക്കണം. തിളപ്പിച്ചാറ്റിയ വെള്ളം ദാഹശമനിയായി ഉപയോഗിക്കാം. വെയിലത്ത് ജോലിചെയ്യുന്നവര്‍ ഉപ്പുചേര്‍ത്ത വെള്ളം കുടിക്കുന്നത് നല്ലതാണ്.
വേനല്‍ക്കാലത്ത് ആഹാരത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണം. പോഷകങ്ങളും ജീവകങ്ങളും ധാതുലവണങ്ങളുമൊക്കെ അടങ്ങിയ ഭക്ഷണമാണ് വേനലിനെ ചെറുക്കാന്‍ നല്ലത്. വേനല്‍ക്കാലങ്ങളില്‍ സുലഭമായി ലഭിക്കുന്ന പഴങ്ങളും പച്ചക്കറികളും ധാരാളമായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വേനല്‍ക്കാല ഭക്ഷണം എളുപ്പത്തില്‍ ദഹിക്കുന്നവയാകണം. തവിടുള്ള അരി, ഗോതമ്പ്, ബാര്‍ലി തുടങ്ങിയവ ഉള്‍പ്പെടുത്തണം. എരിവ്, മസാല എന്നിവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് മാംസാഹാരവും എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും ഒഴിവാക്കണം. കാപ്പി, ചായ മുതലായവയുടെ ഉപയോഗം കുറയ്ക്കണം. വേനല്‍ക്കാലത്ത് ഫ്രിഡ്ജില്‍ തണുപ്പിച്ചെടുക്കുന്ന വെള്ളം ഉപയോഗിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. സൂര്യതാപമേറ്റ് പൊള്ളലേല്‍ക്കുന്ന സംഭവങ്ങള്‍ എല്ലാ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. കടുത്ത ദാഹം, തളര്‍ച്ച, ബോധക്ഷയം, തൊലിപ്പുറത്ത് കരുവാളിപ്പ്, ചുവന്ന പാടുകള്‍ എന്നിവയാണ് ലക്ഷണങ്ങള്‍. വെയില്‍ നേരിട്ട് ശരീരത്തില്‍ ഏല്‍ക്കാതിരിക്കുകയാണ് ഇതിനെ തടയാനുള്ള പോംവഴി.
വേനല്‍ക്കാലത്ത് സാധാരണ കണ്ടുവരുന്നതാണ് 'വൈറല്‍ പനി'. കഠിനമായ തലവേദന, ശരീരവേദന, പനി എന്നിവയാണ് ലക്ഷണങ്ങള്‍. രോഗിയുടെ ശ്വാസോച്ഛ്വാസം, ചുമ, തുമ്മല്‍ എന്നിവയിലൂടെയാണ് പകരുന്നത്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റമാണ് വൈറല്‍ പനിക്ക് പ്രധാന കാരണം. പൊടിയും ചൂടും ശരീരത്തില്‍ അടിക്കുമ്പോള്‍ വേനല്‍ക്കാലത്ത് ചര്‍മരോഗങ്ങള്‍ കൂടാനും കാരണമാകുന്നുണ്ട്. ബാക്ടീരിയ, വൈറസ് എന്നിവമൂലം ഉണ്ടാക്കുന്ന അണുബാധയാണ് വേനല്‍ക്കാലത്ത് കണ്ടുവരുന്ന നേത്രരോഗങ്ങളുടെ പ്രധാന കാരണം മേയ് അവസാനം വരെ നീണ്ടുനില്‍ക്കുന്ന വേനല്‍ക്കാലത്ത് വേണ്ടപോലെ ആരോഗ്യം കാത്തുസൂക്ഷിച്ചില്ലെങ്കില്‍ രോഗത്തിന്റെ പിടിയില്‍ പെടാം.
https://www.facebook.com/Malayalivartha