സംസ്‌കരിച്ച കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതി കശുവണ്ടി മേഖലയെ പ്രതിസന്ധിയിലാക്കുന്നു
കാലിത്തീറ്റയെന്ന വ്യാജേന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നും കശുവണ്ടിപ്പരിപ്പ് ഇറക്കുമതി ചെയ്യുന്നത് പരമ്പരാഗത കശുവണ്ടി വ്യവസായത്തിന്റെ നിലനില്‍പ്പിന് ഭീഷണിയാകുന്നു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നികുതിയിനത്തില്‍ കോടികള്‍ നഷ്ടമാകുന്നതിന് പുറമേ, ചെറുകിട ഇടത്തര ഫാക്ടറി ഉടമകള്‍ക്ക് കനത്ത നഷ്ടമാണ് ഉണ്ടാക്കുന്നത്. വിയറ്റ്‌നാം, മൊസാംബിക് എന്നിവിടങ്ങളില്‍ നിന്നാണ് സംസ്‌കരിച്ച കശുഅണ്ടി പരിപ്പ് വന്‍തോതില്‍ കേരളത്തിലെത്തുന്നത്. പ്രതിസന്ധി നേരിടുന്ന കശുഅണ്ടി മേഖലയുടെ തിരിച്ചുവരവിന് സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചു തുടങ്ങിയ ഘട്ടത്തിലാണ് ഇറക്കുമതി പരിപ്പ് വെല്ലുവിളിയായത്.
കുറഞ്ഞ വിലയ്ക്ക് ഇറക്കുമതി പരിപ്പ് ലഭിക്കുന്നതിനാല്‍ കൊല്ലത്ത് ഉത്പാദിപ്പിക്കുന്ന പരിപ്പിന് വിപണിയില്‍ ഡിമാന്‍ഡും കുറയുന്നു. ഇവിടെ നിന്നും പരിപ്പ് വാങ്ങിയിരുന്ന മുംബൈ, കൊല്‍ക്കത്ത, ഡല്‍ഹി, ജയ്പുര്‍ എന്നിവിടങ്ങളിലെ മൊത്തക്കച്ചവടക്കാര്‍ വിലക്കുറവു മൂലം ഇപ്പോള്‍ ഈ പരിപ്പാണ് വാങ്ങുന്നത്. ഇതോടെ, നാടന്‍പരിപ്പിന്റെ വില ഇടിഞ്ഞു. ഒരു ടിന്‍ (11.34 കിലോഗ്രാം) നാടന്‍ പരിപ്പിന് 6000 - 8000 രൂപ വിലയായിരുന്നത് 5000 രൂപയായി. തൊലിയുടെ വില മാത്രം നല്‍കി വാങ്ങുന്ന ആഫ്രിക്കന്‍ പരിപ്പ് 3500 - 3800 രൂപയ്ക്കാണ് ഇവിടെ വില്‍ക്കുന്നത്. അടഞ്ഞു കിടക്കുന്ന സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ പലതും ബാങ്കുകളുടെ ധനസഹായത്തോടെ തുറന്നു തുടങ്ങുമ്പോഴാണ് പുതിയ പ്രതിസന്ധി.
പരിപ്പിന്റെ ഇറക്കുമതി കൂടിയപ്പോള്‍ 2013ല്‍ കേന്ദ്രസര്‍ക്കാര്‍ 45 ശതമാനം നികുതി ഏര്‍പ്പെടുത്തിയിരുന്നു. ഇത് മറികടക്കാനാണ് 'കാലിത്തീറ്റ'യായുള്ള ഇറക്കുമതി. ഇത്തരം തട്ടിപ്പ് കണ്ടെത്താന്‍ പരിശോധനകളും വിരളമാണ്. വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കശുഅണ്ടി വ്യവസായത്തില്‍ പൂര്‍ണ യന്ത്രവത്കരണം നടപ്പായപ്പോള്‍ സംസ്‌കരിക്കുന്ന തോട്ടണ്ടിയുടെ 60 ശതമാനം മാത്രമേ പൂര്‍ണ പരിപ്പായി ലഭിക്കുന്നുള്ളൂ. ശേഷിക്കുന്നത് പിളര്‍പ്പ് പരിപ്പാണ്. പിളര്‍പ്പ് പരിപ്പിന് ഉത്തരേന്ത്യയില്‍ മാത്രമാണ് ഡിമാന്‍ഡ്.
ഇറക്കുമതി ചെയ്യുന്ന കശുവണ്ടി പരിപ്പ് ഗുണനിലവാരത്തിലും പിന്നിലാണ്. സള്‍ഫര്‍, ഹൈഡ്രജന്‍ പെറോക്‌സൈഡ് എന്നിവ ഉപയോഗിച്ച് ബ്ലീച്ച് ചെയ്താണ് ഇറക്കുമതി പരിപ്പിനെ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്ന കൊല്ലം പരിപ്പിനോട് സാദൃശ്യമുള്ളതാക്കുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇത്തരത്തില്‍ ബ്ലീച്ച് ചെയ്യുന്ന പരിപ്പിന് സാധാരണ പരിപ്പിനേക്കാള്‍ കൂടുതല്‍ നിറവും ലഭിക്കും.
കാലിത്തീറ്റയെന്ന പേരില്‍ പരിപ്പ് ഇറക്കുമതി ചെയ്യുന്നത് കശുവണ്ടി വ്യവസായ മേഖലയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്. ബിസ്‌കറ്റ്, ചോക്ലേറ്റ് എന്നിവയുടെ നിര്‍മ്മാണത്തിലെ പ്രധാന ഘടകമാണ് കശുഅണ്ടി പിളര്‍പ്പ് പരിപ്പ്. കേരളത്തിലെ കശുഅണ്ടി വ്യവസായികളാണ് ഇവര്‍ക്കാവശ്യമായ പരിപ്പ് നല്‍കിയിരുന്നത്. 40 ശതമാനം വരെ വിലക്കുറവില്‍ ഇറക്കുമതി പരിപ്പ് ലഭിക്കുമ്പോള്‍ കൊല്ലത്തെ കശുഅണ്ടി പരിപ്പിന് ഡിമാന്‍ഡ് കുറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള കശുഅണ്ടി വികസന കോര്‍പ്പറേഷനും കാപ്പക്‌സിനുമുണ്ടാകുന്ന നഷ്ടവും ചെറുതല്ല.
https://www.facebook.com/Malayalivartha