ബെംഗളുരു റൂട്ടുകള്‍ സ്വകാര്യ ബസുകളുടെ കുത്തകയാകുന്നു
പത്തുലക്ഷത്തോളം മലയാളികളുള്ള ബെംഗളുരുവില്‍ നിന്നും കേരളത്തിലേക്ക്് വരാന്‍ നല്ലൊരു ശതമാനവും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഉത്സവകാലങ്ങളില്‍ കടുത്ത ചൂഷണമാണ് ഈ മേഖലയില്‍ നടക്കുന്നത്. യാത്രക്കാരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് തോന്നുംവിധമാണ് നിരക്ക്. ആയിരക്കണക്കിന് മലയാളികള്‍ ഒന്നിച്ച് നാട്ടില്‍ പോകുന്ന ഈ സമയത്ത് സ്വകാര്യ ബസുകളില്‍ എറണാകുളത്തേക്ക് 4000 രൂപയ്ക്കടുത്താണ് നിരക്ക്. സാധാരണ 1000 1500 രൂപയാണ് നിരക്ക്. തീവണ്ടികളില്‍ ഇതേദൂരത്തിന് തേഡ് എ.സി. നിരക്ക് 950 രൂപയില്‍ താഴെയേ വരൂ. സെക്കന്‍ഡ് എ.സി.ക്ക് 1400 രൂപ, ഫസ്റ്റ്ക്ലാസ് എ.സി.ക്ക് 2300 രൂപ എന്നിങ്ങനെയാണ് ഏകദേശ നിരക്ക്. സ്ലീപ്പര്‍ നിരക്ക് 345 രൂപമാത്രം. തീവണ്ടികളില്‍ മാസങ്ങള്‍ക്ക് മുമ്പുതന്നെ ടിക്കറ്റ് തീരും. കേരളം കണാടക ആര്‍.ടി.സി. ബസുകളിലും ബുക്കിങ് തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ടിക്കറ്റുതീരും. പിന്നെയുള്ളത് സ്വകാര്യ ബസുകള്‍ മാത്രമാണ്. യാത്രക്കാരുടെ നിസ്സഹായാവസ്ഥ ചൂഷണംചെയ്ത് തോന്നുംവിധമാണ് ബസുകള്‍ നിരക്ക് ഈടാക്കുന്നത് . കേരളത്തിലേക്ക് കൂടുതല്‍ തീവണ്ടികള്‍ അനുവദിക്കുന്നതിന് തടസ്സംനില്‍ക്കുന്നതും സ്വകാര്യ ബസ് ലോബിയാണ്.
കെ.എസ്.ആര്‍.ടി.സി.യുടെ വീഴ്ചയും പരിമിതിയും മുതലെടുത്താണ് അന്തര്‍സ്സംസ്ഥാന പാതകളില്‍ സ്വകാര്യബസുകാര്‍ പിടിമുറുക്കിയത്. എപ്പോള്‍ വേണമെങ്കിലും ബസ് റദ്ദാക്കാം. ഡ്രൈവറുണ്ടെങ്കില്‍ കണ്ടക്ടര്‍ കാണില്ല. കണ്ടക്ടറും ഡ്രൈവറും ഉണ്ടെങ്കില്‍ ബസ് ഉണ്ടാകില്ല. റദ്ദാക്കുന്ന ബസിന് പകരം ബസ് പ്രതീക്ഷിക്കേണ്ടതില്ല. ഡ്രൈവര്‍ കണ്ടക്ടര്‍ വിഭാഗം ജീവനക്കാര്‍ തമ്മിലുള്ള ഡ്യൂട്ടി തര്‍ക്കം കാരണം ഒരുദിവസം പത്ത് അന്തര്‍സ്സംസ്ഥാന ബസുകള്‍വരെ മുടക്കിയ ചരിത്രം തമ്പാനൂര്‍ സെന്‍ട്രല്‍ ഡിപ്പോയ്ക്കുണ്ട്.
ബസ് മുടക്കിയാല്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നാണ് നിയമം. അതിനുള്ള ധൈര്യം കെ.എസ്.ആര്‍.ടി.സി. കാട്ടിയിട്ടില്ല. വിഷു അവധിക്ക് തമ്പാനൂര്‍ സെന്‍ട്രലില്‍നിന്ന് ഫുള്‍ ടിക്കറ്റ് റിസര്‍വേഷനുള്ള മൂകാംബിക, ബെംഗളൂരു ബസുകളാണ് റദ്ദാക്കിയത്. പകരം ബസ് നല്‍കിയതുമില്ല. പ്രതിഷേധിച്ച യാത്രക്കാരെ അനുനയിപ്പിക്കാന്‍ സമീപത്തെ സ്വകാര്യ ഏജന്‍സിക്കാരുടെ ബസാണ് എത്തിച്ചത്. ബെംഗളൂരു യാത്രക്കാരെ സ്വകാര്യബസുകാര്‍ കൊണ്ടുപോയപ്പോള്‍ മൂംകാബികയിലേക്കുള്ളവര്‍ വഴിയാധാരമായി.
കേരളത്തില്‍ നിന്ന് ബെംഗളൂരുവിലേക്ക് നിത്യേന പോകുന്നത് മൂന്നുതീവണ്ടികള്‍ മാത്രമാണ്. ഒരുമണിക്ക് തിരുവനന്തപുരത്തുനിന്ന് പോകുന്ന ഐലന്‍ഡ് എക്‌സ്പ്രസ്, വൈകീട്ട് 4.45ന് കൊച്ചുവേളിയില്‍െിന്ന് പോകുന്ന എക്‌സ്പ്രസ്, എറണാകുളത്തുനിന്ന് രാവിലെ ഒന്‍പതിന് പുറപ്പെടുന്ന ഇന്റര്‍ സിറ്റി എക്‌സ്പ്രസ് എന്നിവ. ബാക്കിയുള്ള തീവണ്ടികളെല്ലാം ആഴ്ചയിലൊരിക്കല്‍ മാത്രം. ഇപ്പോഴത്തെ തിരക്കനുസരിച്ച് ഇതുപോരാ.
ബെംഗളുരു റൂട്ട് സ്വകാര്യ ബസുകളുടെ കുത്തകയായതിന്റെ ഫലമാണ് കണ്ണൂരില്‍ നിന്നും യെശ്വന്ത്പുരിലേക്കുള്ള ട്രെയില്‍ ഒട്ടും സൗകര്യങ്ങളില്ലാത്ത ബാനസവാടി സ്‌റ്റേഷനില്‍ യാത്ര അവസാനിപ്പിക്കുന്ന സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് നേരത്തേ ആരോപണമുണ്ടായിരുന്നു. ഈ ട്രെയിന്‍ വീണ്ടും യെശ്വന്ത്പുരില്‍ നിന്നും സര്‍വീസ് തുടങ്ങിയത് അടുത്ത ദിവസമാണ്. കേരളത്തില്‍ നിന്ന് ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പുതിയ ട്രെയിനുകള്‍ വേണമെന്ന് നിരന്തരം ആവശ്യമുയരുമ്പോഴും അനുവദിക്കാത്തത് സ്വകാര്യബസ് ലോബിയുടെ ഇടപെടല്‍ കാരണമാണെന്ന് ആരോപണമുയരുന്നുണ്ട്. പുതിയ വണ്ടികളുടെ ആവശ്യം നിരന്തരം ഉന്നയിക്കാറുണ്ടെന്ന് റെയില്‍വേ തിരുവനന്തപുരം ഡിവിഷന്‍ അധികൃതര്‍ അറിയിച്ചു. എന്നാല്‍ ബെംഗളൂരു സിറ്റിക്കുള്ളിലേക്ക് സൗത്ത് വെസ്‌റ്റേണ്‍ റെയില്‍വേ പുതിയ വണ്ടികള്‍ അനുവദിക്കുന്നില്ല. കടുത്ത തിരക്കാണ് കാരണം. ബാനസവാഡി, ബയ്യപ്പനഹള്ളി, കൃഷ്ണരാജപുരം എന്നിവിടങ്ങളിലേക്ക് അവര്‍ തീവണ്ടികള്‍ മാറ്റിവിടുകയാണ്.
തെക്കന്‍ കേരളത്തില്‍നിന്നും വടക്കന്‍ കേരളത്തില്‍നിന്നും ബെംഗളൂരുവിലേക്കുള്ള യാത്രക്കാരുടെ എണ്ണം തുല്യമാണ്. അവധി ദിവസങ്ങളില്‍ ശരാശരി 12,500 യാത്രക്കാരും അല്ലാത്തദിവസങ്ങളില്‍ 10,000 യാത്രക്കാരുമാണ് ഇരുമേഖലയില്‍ നിന്നും ഉണ്ടാവാറുള്ളത്. വേണ്ടത്ര ട്രെയിനുകളില്ലാത്തതും ഉള്ള ട്രെയിനുകളില്‍ സീറ്റു കിട്ടാത്തതുമാണ് സ്വകാര്യ ബസ് ലോബികള്‍ പിടിമുറുക്കാന്‍ കാരണമായത്. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ബെംഗളുരുവിലേക്ക് ബസുണ്ട്. അതുകൊണ്ടു തന്നെ അവിടത്തെ മലയാളികള്‍ ആശ്രയിക്കുന്നതും സ്വകാര്യ ബസുകളെ തന്നെ. തീവണ്ടി നിരക്കിന്റെ നാലും അഞ്ചും ഇരട്ടിയാണ് സ്വകാര്യബസുകളില്‍ നല്‍കേണ്ടി വരുന്നത്.
https://www.facebook.com/Malayalivartha