ഇകോമേഴ്‌സ് വിപണി പിടിക്കാന്‍ 'സൂപ്പര്‍ ആപ്പ്'മായി ജിയോ
ഒരു പ്ലാറ്റ് ഫോമില്‍ തന്നെ 100ല്‍ പരം സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴുയും വിധം ഒരു 'സൂപ്പര്‍ ആപ്ലിക്കേഷന്‍' പുറത്തിറക്കാനുള്ള തയ്യാറെടിപ്പിലാണ് റിലയന്‍സ് ജിയോ. ഇതോടെ ഇകോമേഴ്‌സ് വിപണിയില്‍ ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് എന്നീ കമ്പനികള്‍ക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നതിന് പുറമേ, ജിയോയുടെ 'സൂപ്പര്‍ ആപ്പി'ന് സ്‌നാപ്ഡീല്‍, പേറ്റിഎം, ഫ്രീ ചാര്‍ജ്, ഹൈക്ക് തുടങ്ങിയവരുടെ വിപണിയിലേക്കും കടന്ന് ചെല്ലാന്‍ കഴിയും. ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നത് കൂടാതെ ഓണ്‍ലൈന്‍ ബുക്കിംഗ്, ഓണ്‍ലൈന്‍ പേയ്‌മെന്റ്‌സ് എന്നിവ ഒരു പ്ലാറ്റ് ഫോമില്‍ ഒരുക്കാനാണ് ജിയോ പദ്ധതിയിടുന്നത്. നിലവില്‍ ജിയോയ്ക്ക് 30 കോടി സബ്‌സ്‌ക്രൈബേഴ്‌സാണുള്ളത്.
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ പ്ലാറ്റ് ഫോമാണ് കമ്പനി ലക്ഷ്യമിടുന്നത്. രാജ്യത്തെ മൂന്നു കോടി വ്യാപരികള്‍ക്കിത് പ്രയോജനപ്പെടുമെന്നാണ് കരുതുന്നത്. പുതിയ സംരംഭം ഒരുക്കുന്നതിന്റെ ഭാഗമായി നിരവധി സ്റ്റാര്‍ട്ടപ്പുകളെ കമ്പനി സ്വന്തമാക്കിയിരുന്നു . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ ഐ ), പ്രാദേശിക ഭാഷ വോയ്‌സ് ടെക്‌നോളജി, എ ഐ അധിഷ്ഠിത എഡ്യൂക്കേഷന്‍ എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകള്‍ ഇതിലുള്‍പ്പെടും. ഇപ്പോഴും ചില ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്.
2021 ആകുമ്പോഴേക്കും ഇന്ത്യന്‍ ഇകോമേഴ്‌സ് വിപണി 84 ബില്യണ്‍ ഡോളര്‍ മൂല്യമുള്ളതാകുമെന്നാണ് കരുതുന്നത്. ഓഗ്മെന്റഡ് റിയാലിറ്റി, ഹോളോഗ്രാഫ്, വെര്‍ച്വല്‍ റിയാലിറ്റി എന്നിവ ഉപയോഗിച്ച് ഒരു കിടിലന്‍ യുസര്‍ എക്‌സ്പീരിയന്‍സ് നല്‍കുന്ന പ്ലാറ്റ് ഫോമായിരിക്കും റിലയന്‍സ് ഒരുക്കുക. 2018 ജൂലൈയിലാണ് കമ്പനിയുടെ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ സംരംഭത്തെപ്പറ്റി ജിയോ പ്രഖ്യാപിച്ചത്. റിലയന്‍സ് ഇന്‍ഫോകോം, റിലയന്‍സ് റീറ്റെയ്ല്‍ എന്നീ രണ്ട് സ്ഥാപനങ്ങളുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കും പുതിയ സംരംഭത്തില്‍ പ്രതിഫലിക്കുക.
https://www.facebook.com/Malayalivartha