മാരുതി നെക്‌സയുടെ ചെറു ഷോറൂമുകള്‍ ഇനി ഗ്രാമപ്രദേശങ്ങളിലേക്കും
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് നെക്‌സ ഷോറൂമുകളുടെ ചെറു മാതൃകകള്‍ വരുന്നു. നിലവില്‍ പ്രമുഖ നഗരങ്ങളില്‍ മാത്രമെ നെക്‌സ ഡീലര്‍ഷിപ്പുകള്‍ പ്രവര്‍ത്തിക്കുന്നുള്ളൂ. പുതിയ പദ്ധതിയുടെ ഭാഗമായി ഇനി ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലുമാണ് നെക്‌സയുടെ ഷോറൂമുകള്‍ തുടങ്ങും. നിലവില്‍ 200ലേറെ നഗരങ്ങളിലായി 360 നെക്‌സ ഔട്ട്‌ലെറ്റുകളാണ് രാജ്യത്ത് സ്ഥിതിചെയ്യുന്നത്.
വില്‍പ്പനയില്‍ നേരിട്ട ഇടിവാണ് കമ്പനിയെ ചെറു പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കേന്ദ്രീകരിക്കാനുള്ള ഈ നീക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. പരമാവധി രണ്ട് കാറുകളായിരിക്കും ഈ നെക്‌സ ഷോറൂമുകളില്‍ മാരുതി പ്രദര്‍ശിപ്പിക്കുക. എന്നാല്‍, സാധാരണ നെക്‌സ ഷോറൂമുകളില്‍ ലഭിക്കുന്ന എല്ലാ സേവനങ്ങളും പുതിയ ഷോറൂമുകളിലും കമ്പനി ലഭ്യമാക്കും. മാരുതി സുസുക്കിയുടെ ആകെ വില്‍പ്പനയില്‍ 20 ശതമാനത്തോളം പങ്ക് വരുന്നത് നെക്‌സ ഷോറൂമുകളില്‍ നിന്നാണ്.
നിലവില്‍ പുതിയ ഷോറൂമുകള്‍ നിര്‍മ്മിക്കുന്നതിന്റെ തിരക്കുകളിലാണ് കമ്പനി. ഡീലര്‍മാര്‍ക്ക് നേരിടേണ്ടി വരുന്ന വന്‍ സാമ്പത്തിക ബാധ്യത ഒഴിവാക്കാനായി കമ്പനി സ്വന്തം ചെലവില്‍ ഡീലര്‍ഷിപ്പുകള്‍ നിര്‍മ്മിക്കുകയും ശേഷം ലീസ്/ വാടക വ്യവസ്ഥയില്‍ ഡീലര്‍മാര്‍ക്ക് നല്‍കുകയുമാണ് നിലവില്‍ ചെയ്യുന്നത്. സാധാരണ നെക്‌സ ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ ആവശ്യമാവുന്നതിനെക്കാള്‍ താരതമ്യേന കുറഞ്ഞ ചെലവില്‍ ചെറു ഔട്ട്‌ലെറ്റുകള്‍ സജ്ജീകരിക്കാമെന്നുള്ളതും കമ്പനിയ്ക്ക് മുതല്‍ക്കൂട്ടാവും.
കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഉപയോക്താക്കളുടെ വിശ്വാസം ആര്‍ജിക്കുകയും മികച്ച ബന്ധം സ്ഥാപിക്കുകയും ചെയ്ത കമ്പനിയാണ് മാരുതി സുസുക്കി. ആ ബന്ധം കൂടുതല്‍ ദൃഢമാക്കാനുള്ള ശ്രമത്തിലാണ്. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ പരിഗണിച്ച് പുതുതലമുറ ഉപയോക്താക്കളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും മാരുതി സുസുക്കി നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha