വിപണി കീഴടക്കിയ ഫുല്‍ജാര്‍ സോഡ ആരോഗ്യത്തിന് ഹാനീകരമെന്ന് വിദഗ്ധര്‍
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം കുലുക്കി സര്‍ബത്തും ജ്യൂസുമൊന്നും അല്ല ഫുല്‍ജാര്‍ സോഡയാണ്. സംഭവം നമ്മുടെ കുലുക്കി സര്‍ബത്തിന്റെ വകഭേദമാണെങ്കിലും ഇവനെ അകത്താക്കുന്ന രീതിക്ക് ഇത്തിരി പ്രത്യേകതയുണ്ട്. ഇതിലെ ചേരുവകളും ഇത് ഗ്ലാസില്‍ ഒഴിച്ച് സോഡ ചേര്‍ക്കുന്ന രീതിയും അല്പം വ്യത്യസ്തമാണ്. ഫുല്‍ജാര്‍ സോഡ തയ്യാറാക്കുന്നതിനായി ചേരുവകള്‍ എല്ലാം ഒരു ചെറിയ ഗ്ലാസില്‍ മിക്‌സ് ചെയ്ത ശേഷം സോഡ ഒഴിച്ച വലിയ ഗ്ലാസിലേക്ക് ഇടുകയാണ് ചെയ്യുന്നത്. ഡിമാന്‍ഡ് അനുസരിച്ച് 30 രൂപ മുതല്‍ 40 രൂപ വരെ വില ഈടാക്കുന്ന കച്ചവടക്കാരുമുണ്ട്. വിപണിയിലെ താരമായിരുന്ന കുലുക്കി സര്‍ബത്തിനെ വരെ മറികടന്നാണ് ഫുല്‍ജാര്‍ സോഡ വിപണി കീഴടക്കിയിരിക്കുന്നത്.
ഇപ്പോഴിതാ ഫുല്‍ജാര്‍ സോഡയുടെ ചുവടുപിടിച്ച് നിരവധി ടിക് ടോക് വീഡിയോകളാണ് ഇറങ്ങിയിരിക്കുന്നത്. അത്തരത്തില്‍ ഇറങ്ങിയ ഒരു ടിക് ടോക് വീഡിയോയാണ് സോഷ്യല്‍ മീഡിയോയില്‍ വൈറലായിരിക്കുന്നത്. ഇത്തരം വീഡിയോകള്‍ കാണുന്നവര്‍ക്ക് ഒരു തവണയെങ്കിലും ഫുല്‍ജാര്‍ സോഡ പരീക്ഷിക്കാന്‍ തോന്നുന്നത് സ്വാഭാവികം. എന്നാല്‍ ഫുള്‍ജാര്‍ സോഡ ആരോഗ്യത്തിന് അത്ര ഗുണകരമല്ലെന്നാണ് വിദഗ്ധരായ ഡോക്ടര്‍മാരുടെ അഭിപ്രായം. കാര്‍ബണ്‍ ഡൈയോക്‌സൈഡ് വാതകം അടങ്ങിയ സോഡയും എരിവും ചേര്‍ന്ന ഈ മിശ്രിതം ശരീരത്തിന് ദോഷകരമാണെന്നാണ് ഡോക്ടര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. പലരും ഇത്തരം അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ തന്നെ ജനങ്ങളിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം കച്ചവടങ്ങളെ കൊഴുപ്പിക്കുന്നതും വൈറലാക്കുന്നതും സോഷ്യല്‍ മീഡിയകളാണ്. അതുകൊണ്ട് ഫുല്‍ജാര്‍ കുടിക്കണമെന്ന് അത്രയ്ക്ക് മോഹമുള്ളവര്‍ വീട്ടില്‍ തന്നെ സംഗതി പരീക്ഷിക്കുന്നതാകും കൂടുതല്‍ നല്ലത്.
എന്നാല്‍ വൃത്തിഹീനമായ ചുറ്റുപാടുകളിലുണ്ടാക്കുന്ന ഇത്തരം പാനീയങ്ങള്‍ തീര്‍ത്തും അനാരോഗ്യകരമാണ്. മഞ്ഞപ്പിത്തം പോലുള്ള അസുഖങ്ങള്‍ വ്യാപകമാകാനും ഇത് കാരണമാകും. ഫുല്‍ജാര്‍ സോഡയേക്കാള്‍ എന്തുകൊണ്ടും നല്ലത് വെറും നാരാങ്ങാ വെള്ളമാണെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
https://www.facebook.com/Malayalivartha