തടസമില്ലാത്ത യാത്രയൊരുക്കാന്‍ എയര്‍ലെസ് വീലുമായി മിഷെലിന്‍
ടയര്‍ പഞ്ചറാകുന്നതിലുടെ ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യവുമായി എയര്‍ലെസ് ടയറുകളുടെ മാതൃക മിഷെലിന്‍ വികസിപ്പിച്ചു. എയര്‍ലെസ് വീല്‍ ടെക്‌നോളജി എന്ന സംവിധാനത്തിലൂടെയാണ് പഞ്ചറാകാത്തതും എയര്‍ ആവശ്യമില്ലാത്തതുമായ ടയര്‍ മിഷെലിനും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് വികസിപ്പിച്ചത്. തടസമില്ലാത്ത യാത്രയൊരുക്കുക എന്ന മുദ്രാവാക്യവുമായി നിര്‍മ്മിക്കുന്ന ഈ ടയര്‍ 2024ല്‍ വിപണിയിലെത്തും.
പഞ്ചര്‍, എയറിന്റെ അഭാവം തുടങ്ങിയവ മൂലമുണ്ടാകുന്ന കേടുപാടുകളെ തുടര്‍ന്ന് ലോകത്താകമാനം പ്രതിവര്‍ഷം 200 മില്ല്യണ്‍ ടയറുകള്‍ ഉപയോഗശൂന്യമാകുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒരുപരിധി വരെ കുറയ്ക്കുന്നതിനൊപ്പം അപകടം കുറയ്ക്കാനും ഈ ടയര്‍ ഉപകരിക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്. മിഷെലിനും ജനറല്‍ മോട്ടോഴ്‌സും ചേര്‍ന്ന് വികസിപ്പിക്കുന്ന ഈ ടയറുകള്‍ വാഹനങ്ങളില്‍ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. ഷെവര്‍ലെയുടെ ഇലക്ട്രിക് വാഹനമായ ബോള്‍ട്ടിലാണ് ഈ ടയറിന്റെ പരീക്ഷണയോട്ടം പുരോഗമിക്കുന്നത്.
കഴിഞ്ഞ അഞ്ച് വര്‍ഷമായി എയര്‍ലെസ് ടയറുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലായിരുന്നു മിഷെലിന്‍. 2014ല്‍ ഇതിനുള്ള കണ്‍സെപ്റ്റ് തയ്യാറാക്കുകയും ടയര്‍ പ്ലാന്റിനായി 50 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. റബറിനൊപ്പം ഉറപ്പുള്ള മറ്റ് മെറ്റീരിയലുകളും ഉപയോഗിച്ച് വേറിട്ട രീതിയിലാണ് മിഷെലിന്‍ പഞ്ചര്‍ലെസ് ടയറുകള്‍ നിര്‍മ്മിക്കുന്നത്. മികച്ച ബ്രേക്കിങ് നല്‍കുന്ന ഗ്രിപ്പിനൊപ്പം ടയര്‍ ഡ്രെമ്മിന്റെ സുരക്ഷയും ഈ ടയര്‍ ഉറപ്പാക്കുമെന്നാണ് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നത്.
https://www.facebook.com/Malayalivartha