റാഫേലുമായുള്ള മിസൈല്‍ കരാറില്‍ നിന്നും ഇന്ത്യ പിന്‍മാറി
ഇസ്രയേല്‍ പ്രതിരോധ കമ്പനിയായ റാഫേലില്‍ നിന്നും ടാങ്കുകളെ തകര്‍ക്കുന്ന സ്‌പൈക്ക് മിസൈലുകള്‍ വാങ്ങാനുള്ള തീരുമാനത്തില്‍ നിന്നും ഇന്ത്യ പിന്‍വാങ്ങി. 3477 കോടിയുടെ മിസൈല്‍ വാങ്ങാനുള്ള കരാറില്‍ നിന്നാണ് സര്‍ക്കാര്‍ പിന്‍വാങ്ങിയത്. ഇസ്രയേല്‍ സര്‍ക്കാറിന്റെ നേരിട്ടുള്ള ഉടമസ്ഥതയിലുള്ള കമ്പനിയാണ് റാഫേല്‍. ഇവരുമായുള്ള കരാറില്‍ നിന്നും പിന്‍മാറുന്നതായി ഇന്ത്യ ഔദ്യോഗികമായി ഇസ്രയേലിനെ അറിയിച്ചു കഴിഞ്ഞു. തദ്ദേശീയമായ പ്രതിരോധ ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കാന്‍ കൂടിയാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.
സ്‌പൈക് മിസൈലുകള്‍ പലപ്പോഴും പരാജയപ്പെട്ട ഒരു മിസൈലാണെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് ഇന്ത്യയുടെ പിന്‍മാറ്റം. ഉയര്‍ന്ന താപനിലയുള്ള ഇന്ത്യന്‍ അവസ്ഥയില്‍ സ്‌പൈക്ക് മിസൈലുകള്‍ ഫലിക്കുമോ എന്നതായിരുന്നു പ്രധാനമായും ഉയര്‍ന്ന സംശയം. കരാറിന്റെ ഭാഗമായി ഇന്‍ഫ്രാറെഡ് സംവിധാനം ഫലപ്രദമാണ് എന്ന് തെളിയിക്കുന്നതിനായി കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ ഇന്ത്യ ഇസ്രയേലിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യയുടെ കരാറില്‍ നിന്നുള്ള പിന്‍മാറ്റം.
മിസൈലുകള്‍ കരാര്‍ തുകയില്‍ നിന്നും കുറഞ്ഞ തുകയ്ക്ക് ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാം എന്ന് വ്യക്തമായതോടെയാണ് കരാര്‍ അവസാനിപ്പിക്കാന്‍ ഒരു കാരണം. കഴിഞ്ഞ സെപ്റ്റംബറില്‍ അഹമ്മദ് നഗര്‍ മേഖലയില്‍നിന്ന് ടാങ്ക് വേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചിച്ച് ഡി ആര്‍ ഡി ഒ തങ്ങളുടെ കരുത്ത് വ്യക്തമാക്കിയതോടെ സൈന്യം ഇവര്‍ക്ക് കരാര്‍ നല്‍കാന്‍ തീരുമാനിച്ചുവെന്നാണ് റിപ്പോര്‍ട്ട്. 2021ഓടെ ആയിരത്തോളം ടാങ്ക് വേധ മിസൈലുകള്‍ നിര്‍മ്മിച്ചുനല്‍കി സൈന്യത്തിന് കൈമാറാമെന്നാണ് ഡി ആര്‍ ഡി ഒ യുടെ വാഗ്ദാനം.
https://www.facebook.com/Malayalivartha