'പഴം' വിവാദം പരസ്യവിപണിയില്‍ തരംഗമാകുന്നു
നടന്‍ രാഹുല്‍ ബോസ് പഴത്തിന്റെ വില സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ രാജ്യവ്യാപകമായി ചര്‍ച്ചചെയ്യപ്പെട്ടതിന് പിന്നാലെ ഈ മൂവ്‌മെന്റ് ഹോട്ടല്‍ താജ് ഉള്‍പ്പെടെയുള്ള പത്തോളം മുന്‍നിര ബ്രാന്‍ഡുകളാണ് അവരുടെ പരസ്യത്തിലുപയോഗിച്ചത്. രണ്ടുപഴത്തിന് 442 രൂപ ഈടാക്കിയ മാരിയറ്റ് പഞ്ചനക്ഷത്ര ഹോട്ടലിന് 25,000 രൂപ പിഴശിക്ഷ ലഭിച്ച വാര്‍ത്തയും ഈ പരസ്യങ്ങള്‍ക്ക് ആക്കം കൂട്ടി. പിസ ഹട്ട്, ഗോദ്‌റേജ് നേച്വേഴ്‌സ് ബാസ്‌കറ്റ്, അരേ ന്യൂസ് പോര്‍ട്ടല്‍, ആമസോണ്‍, റിലയന്‍സ് ജിയോ, ഓയോ റൂം, ദ പാര്‍ക്ക് തുടങ്ങിയ ബ്രാന്‍ഡുകളാണ് ഇതിന്റെ പശ്ചാത്തലത്തില്‍ പരസ്യങ്ങളുമായെത്തിയത്.
രണ്ട് പഴത്തിന് 442 രൂപ നല്‍കുന്നതിനുപകരം രുചിയേറിയ പിസ 99 രൂപയ്ക്ക് ഞങ്ങള്‍ നല്‍കുമെന്നതാണ് പിസ ഹട്ടിന്റെ പരസ്യം. ഞങ്ങള്‍ ആ വിലയ്ക്ക് ഒരു മുറി വാടകയ്ക്ക് നല്‍കുകയാണ് ഓയോ റൂംസ് എന്ന ഓണ്‍ലൈന്‍ ഹോട്ടല്‍ ശൃംഖലയുടെ പുതിയ പരസ്യമാണിത്. പഴത്തെ വേണ്ടെന്നുവെക്കാന്‍ ഒരു കാരണവുമില്ലെന്ന ടാഗ് ലൈനോടെയാണ് ഗോദ്‌റേജിന്റെ ഭക്ഷ്യവിതരണ ശൃംഖലയായ നേച്വേഴ്‌സ് ബാസ്‌കറ്റ് പരസ്യമിറക്കിയത്. 442 രൂപയ്ക്കുപകരം 14 രൂപ മാത്രം നല്‍കിയാല്‍ മതിയെന്നും ഇവര്‍ വ്യക്തമാക്കിയിട്ടുണ്ട്. നിങ്ങള്‍ ആഗ്രഹിക്കുന്ന പഴം പുതുമയോടെ സൗജന്യമായി തരാമെന്നതാണ് ഹോട്ടല്‍രംഗത്ത് മാരിയറ്റിന്റെ എതിരാളിയായ താജിന്റെ പ്രഖ്യാപനം. 399 രൂപയ്ക്ക് 84 ദിവസത്തേക്ക് ദിവസം 1.5 ജി.ബി. ഇന്റര്‍നെറ്റ് നല്‍കാമെന്നതാണ് റിലയന്‍സ് ജിയോയുടെ പോസ്റ്റ്.
442 രൂപയ്ക്ക് രണ്ട് പഴം ലഭിക്കുമ്പോള്‍ മൂന്നുമാസത്തെ പ്രൈം വീഡിയോ, സൗജന്യ എത്തിക്കല്‍, ഉടനടി ഷിപ്പിങ്, മ്യൂസിക് സ്ട്രീമിങ്, ഇബുക്‌സ് എന്നിവയും 55 രൂപയുടെ ഇളവും നല്‍കാമെന്നതാണ് ആമസോണ്‍ പ്രൈമിന്റെ പരസ്യം. ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലായ അരേ, പി.വി.ആര്‍. ഗ്രൂപ്പ് ജെ.ഡബ്‌ള്യു. മാരിയറ്റിന് ഫ്രന്‍ഡ് റിക്വസ്റ്റ് അയച്ചുവെന്ന പരിഹാസമാണ് ചൊരിഞ്ഞത്. നികുതി ഈടാക്കുന്നതിന് കുപ്രസിദ്ധരായ പി.വി.ആര്‍. സമാനരീതിയില്‍ നികുതി ചുമത്തുന്ന മറ്റൊരാളെ കണ്ടപ്പോള്‍ സൗഹൃദം കൂടാനെത്തിയെന്നതാണ് ഇതിന്റെ സാരം.
രണ്ട് പഴത്തിന് നികുതിയടക്കം 442 രൂപ നല്‍കേണ്ടിവന്ന ബോളിവുഡ് നടന്‍ രാഹുല്‍ ബോസിനുണ്ടായ അനുഭവത്തിന്റെ ചുവടുപിടിച്ച് രാഹുല്‍ ബോസ് മൂവ്‌മെന്റ് സാമൂഹിക മാധ്യമങ്ങളിലും വിപണിയിലും വന്‍ ഹിറ്റായിരുന്നു. ജി.എസ്.ടി.യുടെ പേരില്‍ നക്ഷത്രഹോട്ടലുകള്‍ ഉള്‍പ്പെടെ വന്‍ചൂഷണം നടത്തുന്നുവെന്ന പ്രചാരണം ഒരുവശത്ത് ചൂടുപിടിക്കുന്നതിനിടെ, ഈ പഴം വിവാദം സ്വന്തം ബ്രാന്‍ഡുകളുടെ മേന്മകൂട്ടാനാണ് പല വന്‍കിടകമ്പനികളും ശ്രമിക്കുന്നത്.
https://www.facebook.com/Malayalivartha