മഴമാറിയതോടെ ഓണവിപണി സജീവമാകുന്നു
ഓണമെത്താന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ ഓണവിപണി സജീവമാകുന്നു. വസ്ത്രശാലകളിലും ഗൃഹോപകരണ വിപണിയികളിലുമാണ് ആദ്യ ഉണര്‍വ് പ്രകടമാകുന്നത്. ഇതോടെ ഉപഭോക്താക്കള്‍ക്കായി ഓഫറുകളും ഡിസ്‌കൗണ്ടുകളും മറ്റ് സമ്മാനങ്ങളുമായി വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. ടെലിവിഷന്‍, വാഷിങ് മെഷിന്‍, റഫ്രിജറേറ്റര്‍ എ.സി. തുടങ്ങി ഒട്ടുമിക്ക ഇലക്ട്രോണിക്‌സ് ഉപകരണങ്ങളും വാങ്ങാന്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതല്‍ വലിപ്പമുള്ള ടി.വി. ആളുകളെ കൂടുതല്‍ ആകര്‍ഷിക്കുന്നുവെന്നാണ് വിപണിയിലെ ആദ്യസൂചനകള്‍ കാണിക്കുന്നത്. വീട്ടില്‍ത്തന്നെ തീയ്യറ്റര്‍ അനുഭവം പ്രദാനം ചെയ്യുന്നുയെന്നതാണ് ഇതിന് കാരണം. സിനിമ, ലൈവ് മത്സരങ്ങള്‍ എന്നിവയും ബിഗ്‌സ്‌ക്രീനില്‍ കാണാന്‍ ആളുകള്‍ക്ക് താത്പര്യം വര്‍ദ്ധിച്ചിട്ടുണ്ട്. ഇത്് ഏറ്റവും കൂടുതല്‍ സ്വാധീനിക്കുന്നത് പുതുതലമുറയെയാണ്. ഇവരാണ് ഇലക്ട്രോണിക്‌സ് ഉത്പന്നങ്ങളുടെ പ്രധാന ഉപഭോക്താക്കള്‍. ഓരോ ഉത്പന്നത്തെക്കുറിച്ചും മുന്‍കൂട്ടി മനസ്സിലാക്കിയാവും ഇവരുടെ വരവ്. ഓണക്കാല വില്‍പ്പന എല്ലാ കമ്പനികളെ സംബന്ധിച്ചും നിര്‍ണായകമാണ്. അതിനാല്‍ തന്നെ അവരുടെ ഏറ്റവും പുതിയ ഉത്പന്നങ്ങളുമായാണ് വിപണിയില്‍ എത്തിയിട്ടുള്ളത്.
ഫ്രിഡ്ജുകളുടെ വലിപ്പം ഒരു പ്രധാന ഘടകമായിക്കഴിഞ്ഞു. കൂടുതല്‍ ടെക്‌നോളജിയും സൗകര്യങ്ങളുമുള്ളവ വാങ്ങാനാണ് ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ താത്പര്യം. കുടുംബത്തിലെ അംഗങ്ങളുടെ എണ്ണം, ജോലിയുള്ളവര്‍, സൂക്ഷിക്കേണ്ട സാധനങ്ങളുടെ അളവ് എന്നിവ കണക്കാക്കിയാണ് ഫ്രിഡ്ജുകള്‍ ആളുകള്‍ വാങ്ങിയിരുന്നതെങ്കിലും ഇപ്പോള്‍ കൂടുതല്‍ സൗകര്യങ്ങളും നോക്കുന്നുണ്ട്. സ്റ്റാര്‍ റേറ്റിങ്, ബ്രാന്‍ഡ്, വാറന്റി എന്നിവയ്ക്ക് പ്രാധാന്യമേറി. പുതുതലമുറയ്ക്ക് നിറവും പ്രധാനമാണ്. മൈക്രോവേവ് ഓവന്റെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ഭക്ഷണം ചൂടാക്കാന്‍ മാത്രമാണ് മിക്കവരും ഓവന്‍ ഉപയോഗിച്ചിരുന്നത്. ഇപ്പോള്‍ ഇതും മാറിയിട്ടുണ്ട്. കൂടുതല്‍ സൗകര്യങ്ങളുള്ള ഇനങ്ങള്‍ തേടി ഉപഭോക്താക്കള്‍ എത്തുന്നതായി വ്യാപാരികളും ചൂണ്ടിക്കാട്ടുന്നു. മികച്ച ബ്രാന്‍ഡ്, വാറന്റി, വില്‍പ്പനാനന്തര സേവനം, ഇഷ്ടമുള്ള കടകല്‍ എന്നിവയും ആളുകള്‍ പരിഗണിക്കുന്നു.
തിരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങള്‍ക്ക് എക്സ്റ്റന്‍ഡഡ് വാറന്റിയും ക്യാഷ്ബാക്കും മറ്റ് ഓഫറുകളും കമ്പനികള്‍ നല്‍കുന്നുണ്ട്. ഇത്തവണ പരിസ്ഥിതി സൗഹൃദ ഉത്പന്നങ്ങളുമായാണ് മിക്കവരും വിപണിയില്‍ എത്തിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ ഉപഭോക്താക്കളും ശ്രദ്ധിക്കുന്നുണ്ടെന്നാണ് അവരുടെ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha