ഓണത്തിന് ഹോട്ടലുകളില്‍ സദ്യയുണ്ണാന്‍ മലയാളികള്‍ ചെലവഴിക്കുന്നത് 100 കോടിയോളം രൂപ
ഓണമെന്നാല്‍ സദ്യയാണ് അല്ലെങ്കില്‍ സദ്യകൂടിയാണ് ഓണം. ഉത്രാടം, തിരുവോണം, അവിട്ടം, ചതയം എന്നീദിവസങ്ങളിലാണ് സാധാരണ സദ്യ ഉണ്ടാക്കാറുള്ളത്. ഓണത്തിന് വീട്ടില്‍ കുടുംബാംഗങ്ങളോടൊപ്പം തൂശനിലയില്‍ സദ്യയുണ്ണുന്നത് മലയാളികളുടെ ശീലമായിരുന്നു. എന്നാല്‍ ഇപ്പോള്‍ വീട്ടിലെ ഓണസദ്യയൊരുക്കല്‍ പലരും ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട്. പകരം ഓണസദ്യക്കായി ഹോട്ടലുകളെ ആശ്രയിക്കുകയാണ് മലയാളികള്‍.
10 ലക്ഷത്തോളം ആളുകള്‍ ഇപ്രാവശ്യം തിരുവോണത്തിന് ഹോട്ടലുകളെ ആശ്രയിക്കുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഒരാഴ്ച മുമ്പുതന്നെ പല റെസ്‌റ്റോറന്റുകളും നക്ഷത്ര ഹോട്ടലുകളും സദ്യ ലഭ്യമാക്കാന്‍ തുടങ്ങിയിരുന്നു. ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്നതാണ് പരമ്പരാഗതമായ ഓണസദ്യ. വിഭവങ്ങളുടെ എണ്ണം പഴയകാലത്ത് ഇതിലും അധികമായിരുന്നു. തൂശനിലയില്‍ ഉപ്പേരികളും ഉപ്പിലിട്ടതും പപ്പടവും പായസവും കറികളും തോരനും മെഴുക്കുപുരട്ടിയും അവിയലും ഓലനും കൂട്ടുകറിയും തൊടുകറികളും പഴവും നെയ്യും ഉപ്പും ചേരുമ്പോള്‍ ഓണസദ്യ പൂര്‍ണമാകും. മിക്ക ഹോട്ടലുകളിലും ഓണസദ്യ നേരത്തേ ബുക്ക് ചെയ്യുന്ന രീതിയാണുള്ളത്.
ഓണസദ്യക്കായി കൂടുതല്‍ പേര്‍ ഇപ്പോള്‍ ഹോട്ടലുകളില്‍ വരുന്നുണ്ടെന്നും അതിന്റെ എണ്ണം ഓരോ വര്‍ഷവും വന്‍തോതില്‍ വര്‍ദ്ധിക്കുകയാണെന്നും ഈ മേഖലയിലുള്ളവര്‍ പറയുന്നു. അണുകുടുംബങ്ങളെ സംബന്ധിച്ച് സദ്യ ഉണ്ടാക്കുക അത്ര എളുപ്പമുള്ള പണിയല്ല. അതാണ് ഹോട്ടലുകളിലെ സദ്യക്ക് സ്വീകാര്യത കൂട്ടുന്നത്.
ജനങ്ങളുടെ ഇടയില്‍ തങ്ങളുടെ ബ്രാന്‍ഡ് ഇമേജ് കൂട്ടുന്നതിന്റെ മാര്‍ഗമായിട്ടും ഹോട്ടലുകാര്‍ ഓണസദ്യയെ കാണുന്നുണ്ട്. മുന്‍ക്കാലങ്ങളില്‍ ഓണസദ്യ ഒരുക്കുന്നത് കൂടുതലും വെജിറ്റേറിയന്‍ ഹോട്ടലുകളായിരുന്നെങ്കിലും ഇപ്പോള്‍ സാധാരണ റെസ്‌റ്റോറന്റുകള്‍ക്ക് പുറമെ നക്ഷത്ര ഹോട്ടലുകളും പ്രത്യേക പാക്കേജുകളും സാംസ്‌കാരിക പരിപാടികളുമൊക്കെയായി ഓണസദ്യയൊരുക്കുന്നുണ്ട്. ഇതോടെ, മലയാളി ഈ ഓണക്കാലത്ത് 50 കോടി രൂപയെങ്കിലും ഓണസദ്യയുണ്ണാന്‍ ഹോട്ടലുകളില്‍ ചെലവഴിക്കുമെന്നാണ് കണക്കാക്കുന്നത്. കാറ്ററിങ് സ്ഥാപനങ്ങളുടെ കണക്ക് കൂടി എടുത്താല്‍ ഇത് 100 കോടി രൂപ കടക്കും.
https://www.facebook.com/Malayalivartha