2020ഓടെ നിരത്തുകളെ പ്രകൃതി സൗഹാര്‍ദ്ദമാക്കാന്‍ കേരളാസര്‍ക്കാര്‍
15 വര്‍ഷം പൂര്‍ത്തിയാക്കിയ പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് 2020 ഏപ്രില്‍ ഒന്നുമുതല്‍ വൈദ്യുതോര്‍ജ്ജം, എല്‍.പി.ജി., സി.എന്‍.ജി., എല്‍.എന്‍.ജി എന്നീ ഇന്ധനം ഉപയോഗിക്കുന്ന ഓട്ടോറിക്ഷാള്‍ക്ക് മാത്രം പെര്‍മിറ്റ് നല്‍കിയാല്‍ മതിയെന്ന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. സംസ്ഥാനത്തെ പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദ ഗതാഗത സംവിധാനത്തിലേക്ക് മാറ്റാനുള്ള നടപടികളുടെ ഭാഗമായാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. 15 വര്‍ഷത്തില്‍ താഴെ പഴക്കമുള്ള പെട്രോള്‍/ഡീസല്‍ ഓട്ടോറിക്ഷകള്‍ക്ക് തത്സ്ഥിതിയില്‍ തുടരാം. അവയും 15 വര്‍ഷം കഴിയുന്ന മുറയ്ക്ക് പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറണം. അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്ന വാഹനങ്ങളില്‍ മുന്‍പന്തിയില്‍ പെട്രോള്‍/ഡീസല്‍ ഓട്ടോകളാണെന്നും ഇവയെ പ്രകൃതി സൗഹാര്‍ദ്ദ ഇന്ധനത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ഇതിനായി അടിസ്ഥാന സൗകര്യമൊരുക്കാന്‍ ഒമ്പത് കോടി രൂപയുടെ നിര്‍ദ്ദേശം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ഇ വണ്ടികള്‍ക്ക് സബ്‌സിഡിക്ക് പുറമേ റോഡ് നികുതിയില്‍ മികച്ച ഇളവുകള്‍ ലഭിക്കും. ഇ ഓട്ടോകള്‍ക്ക് 50 ശതമാനവും മറ്റ് ഇ വണ്ടികള്‍ക്ക് 25 ശതമാനവുമാണ് ഇളവ് ലഭിക്കുക. 2022ഓടെ കേരളത്തില്‍ 10 ലക്ഷം വൈദ്യുത വാഹനങ്ങള്‍ പുറത്തിറക്കുകയാണ് ലക്ഷ്യം. ഇതില്‍ രണ്ടു ലക്ഷം ടൂവീലറുകളും 50,000 ഓട്ടോറിക്ഷകളും ആയിരം ചരക്കു വാഹനങ്ങളും കെ.എസ്.ആര്‍.ടി.സിക്കായി 3,000 ബസുകളും ഉള്‍പ്പെടുന്നു. ഇതിന്റെ ഭാഗമായി സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍ ലിമിറ്റഡ് (കെ.എ.എല്‍) പ്രതിവര്‍ഷം 8,000 ഇ ഓട്ടോകള്‍ നിര്‍മ്മിക്കാനുള്ള നടപടികളിലേക്ക് കടന്നിട്ടുണ്ട്. വൈദ്യുതി വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ രാജ്യത്ത് ആദ്യമായി അനുമതി ലഭിച്ച പൊതുമേഖലാ സ്ഥാപനമാണ് കെ എ എല്‍
ഇ വണ്ടികള്‍ക്ക് ബാറ്ററി ചാര്‍ജ് ചെയ്യാനുള്ള അടിസ്ഥാന സൗകര്യമൊരുക്കാന്‍ കെ. എസ്. ഇ. ബി 186 സ്ഥലങ്ങള്‍ തയ്യാറാക്കും. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവടങ്ങളിലെ സ്ഥലങ്ങളുടെ ആദ്യപട്ടിക കെ. എസ്. ഇ. ബി സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങള്‍ക്ക് പ്രത്യേക സോണുകള്‍ (ഇ.വി. സോണ്‍) രൂപീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. സെക്രട്ടേറിയറ്റ്, ടെക്‌നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, ടൂറിസം കേന്ദ്രങ്ങള്‍ എന്നിവയെയാണ് ഇതിനായി പരിഗണിക്കുന്നത്.
https://www.facebook.com/Malayalivartha