'ബി എസ് 6' ശുദ്ധിയുടെ പുതുവഴി
വാഹന എഞ്ചിന്‍ പുറന്തള്ളുന്ന മലിനീകരണ ബാഷ്പത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംവിധാനമാണ് ഭാരത് സ്‌റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് അഥവാ ബി എസ്. പെട്രോള്‍/ഡീസല്‍ വാഹനങ്ങളില്‍ നിന്നുള്ള പുകയിലെ കാര്‍ബണ്‍ മോണോക്‌സൈഡ്, നൈട്രജന്‍ ഓക്‌സൈഡ്, ഹൈഡ്രോ കാര്‍ബണ്‍ തുടങ്ങിയ വിഷ പദാര്‍ഥങ്ങളുടെ അളവ് സംബന്ധിച്ച മാനദണ്ഡങ്ങള്‍ ഭാരത് സ്‌റ്റേജ് പ്രകാരം നിര്‍വചിച്ചിട്ടുണ്ട്. ബി എസ് 1ല്‍ തുടങ്ങിയ പ്രക്രിയ നാലും കടന്ന് ആറിലേക്ക് പ്രവേശിക്കുകയാണ്. സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം, 2020 ഏപ്രില്‍ മുതല്‍ ബി എസ് 6 (ഭാരത് സ്‌റ്റേജ് ആറ്) നിലവാരമുള്ള വാഹനങ്ങള്‍ മാത്രമേ രാജ്യത്ത് വില്‍ക്കാവൂ എന്ന വ്യവസ്ഥ പ്രാബല്യത്തില്‍ വരുന്നത്.
1991ല്‍ രൂപീകരിച്ച് നടപ്പാക്കിയ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ക്ക് അനുസൃതമായിട്ടായിരുന്നു 1998 വരെ രാജ്യത്തെ വാഹന നിര്‍മ്മാണം. യൂറോപ്യന്‍ യൂണിയന്‍ മാനദണ്ഡങ്ങളനുസരിച്ചുള്ള ഭാരത് സ്‌റ്റേജ് എമിഷന്‍ സ്റ്റാന്‍ഡേഡ് 2000 ല്‍ രൂപപ്പെടുത്തി. അടുത്ത വര്‍ഷം ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ചെന്നൈ എന്നിവടങ്ങില്‍ ബി എസ് 2 നടപ്പിലാക്കി. 2005ഓടെ രാജ്യവ്യാപകമാക്കി. 2010ലാണ് ബിഎസ് 3 നിലവാരം നിഷ്‌കര്‍ഷിച്ചത്. 2010 ഒക്ടോബര്‍ മുതല്‍ ബി എസ് 3 മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ച് രാജ്യത്ത് വാഹനനിര്‍മ്മാണം നടന്നു. എന്നാല്‍ 2017 മാര്‍ച്ച് 31 ഓടെ സുപ്രീം കോടതി ഉത്തരവനുസരിച്ച് ഈ വാഹനങ്ങളും നിരത്തൊഴിഞ്ഞു. ഇതോടെ 96724 വാണിജ്യ വാഹനങ്ങളും 6.7 ലക്ഷം ഇരു ചക്ര വാഹനങ്ങളും, 40048 മുച്ചക്ര വാഹനങ്ങളും 16198 കാറുകളുമാണ് കോടതി ഉത്തരവനുസരിച്ച് അരങ്ങൊഴിഞ്ഞത്. ഇതുമൂലം 12000 കോടിയുടെ നഷ്ടം അന്ന് വാഹന നിര്‍മ്മാണ കമ്പനികള്‍ക്കുണ്ടായെന്നാണ് കണക്കുകള്‍. എന്‍ജിനുകളില്‍ ബി എസ് പരിഷ്‌കരണം വരുത്തുന്നതാകട്ടെ സാമ്പത്തിക നഷ്ടത്തിന് കാരണമാകും.
ബിഎസ് 4 വാഹനങ്ങളാണ് ഇപ്പോഴുള്ളത്. ബി എസ്3 വാഹനങ്ങളെക്കാള്‍ 80 ശതമാനം കുറവ് മലിനീകരണം മാത്രമേ ബി എസ് 4 വാഹനങ്ങള്‍ക്കുള്ളൂ. 2020 മാര്‍ച്ച് 31 ശേഷം ഇവ നിരത്തൊഴിയുമ്പോള്‍ നടപ്പില്‍ വരുന്ന ബി എസ് 6 ചട്ടങ്ങള്‍ ബി എസ് 4 ചട്ടങ്ങളേക്കാള്‍ കര്‍ശനമായിരിക്കും. ബി എസ് 4നെ അപേക്ഷിച്ച് ബി എസ് 6 ഗണത്തില്‍പ്പെടുന്ന വാഹനങ്ങളില്‍ മലിനീകരണ തോത് വളരെ കുറവായിരിക്കും. ബി എസ് 6 ന്റെ വരവോട് കൂടി പെട്രോള്‍, ഡീസല്‍ വാഹനങ്ങളില്‍ നിന്ന് പുറം തള്ളുന്ന നൈട്രജന്‍ ഓക്‌സൈഡിന്റെ അളവ് പകുതിയില്‍ അധികം കുറയും. അതേസമയം, ബി എസ് 6 നിലവാരത്തില്‍ ഒരു വാഹനം നിര്‍മ്മിക്കുക എന്നാല്‍ അതിന്റെ ആദ്യ ഘട്ടം മുതല്‍ മാറ്റങ്ങള്‍ ആവശ്യമാണ്. ഉപയോഗിക്കുന്ന ഘടകങ്ങളും സുരക്ഷാ സംവിധാനങ്ങളും അടക്കം ബി എസ് 6 നിലവാരത്തിലെത്തിക്കണം.
ബി എസ് 6 നിലവാരം കൈവരിക്കണമെങ്കില്‍ വാഹനം മാത്രമല്ല ഇന്ധനവും ആ നിലവാരത്തിലേക്കുയരേണ്ടതുണ്ട്. ബി എസ് 6 എത്തുമ്പോള്‍ ഇന്ധനവും നന്നായാല്‍ വാഹനങ്ങള്‍ മൂലമുണ്ടാകുന്ന വായു മലിനീകരണം ഗണ്യമായി കുറയും. എഞ്ചിന്‍ നിലവാരം വര്‍ദ്ധിക്കുന്നതിനൊപ്പം ഇന്ധന നിലവാരവും ഉയരണമെന്നര്‍ത്ഥം. നിലവിലുള്ള ബി എസ് 4 നിലവാരമുള്ള ഇന്ധനം 2010 ല്‍ ഇവിടെ സംസ്‌കരിച്ചു തുടങ്ങി. എന്നാല്‍ പൂര്‍ണമായും ഈ നിലവാരത്തിലുള്ള ഇന്ധനം ലഭ്യമാക്കാന്‍ ഇപ്പോഴും സാധിച്ചിട്ടില്ല. ഇന്ധന നിലവാരം വര്‍ദ്ധിപ്പിക്കാന്‍ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാരിനും വന്‍ മുടക്ക് മുതല്‍ ആവശ്യമാണ്.
ബി എസ് 4 ഇന്ധനവും ബി എസ് 6 ഇന്ധനവും തമ്മിലുള്ള പ്രധാന വ്യത്യാസം അതിലെ ഗന്ധകത്തിന്റെ അംശമാണ്. ബി എസ് 4 ഇന്ധനത്തില്‍ 50 പി പി എം സര്‍ഫര്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ ബി എസ് 6 ല്‍ 10 പി പി എം മാത്രം. ബി എസ് നാല് നിലവാരത്തില്‍ നിന്നും ബി എസ് 6് നിലവാരത്തിലെത്താന്‍ ആദ്യമായി ഇന്ധന നിര്‍മ്മാതാക്കള്‍ ഏകദേശം 50,000 കോടി രൂപ മുതല്‍ 80,000 കോടി രൂപവരെയെങ്കിലും അധിക നിക്ഷേപം നടത്തേണ്ടിവരുമെന്നാണ് കരുതുന്നത്. അതായത് 2020ഓടെ ബി എസ് 6 നടപ്പാക്കുക എന്നത് ഇന്ധനത്തിന്റെ കാര്യത്തില്‍ നടപ്പാകണമെന്നില്ല.
1991ലാണ് ആദ്യമായി ഇന്ത്യയില്‍ മലിനീകരണ നിയന്ത്രണ ചട്ടങ്ങള്‍ നിലവില്‍വന്നത്. ആദ്യം പെട്രോള്‍ വാഹനങ്ങള്‍ക്ക മാത്രം. അടുത്ത വര്‍ഷം ഡീസല്‍ എന്‍ജിനുകള്‍ക്കും ചട്ടങ്ങള്‍ വന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡാണ് ഇത് നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത്.
https://www.facebook.com/Malayalivartha