ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണി കയ്യടക്കാന്‍ ചൈന
അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാന്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് പകരം ഇലക്ട്രിക് വാഹനങ്ങളിറക്കാനുള്ള ഇന്ത്യയുടെ പദ്ധതി പുരോഗമിക്കുമ്പോള്‍ ലാഭ മോഹവുമായി ചൈനീസ് കമ്പനികള്‍ രംഗത്ത്. ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്ത് വളരെപ്പെട്ടെന്ന് മുന്നേറിയരാജ്യമാണ് ചൈന. ലിഥിയം, നിക്കല്‍, കോബാള്‍ട്ട്, മാംഗനീസ് തുടങ്ങിയ ലോഹങ്ങള്‍ ഘടകങ്ങളായുള്ള ലിഥിയം അയണ്‍ ബാറ്ററികളാണ് ഇലക്ട്രിക് വാഹനങ്ങളുടെ ഹൃദയം. ലിഥിയം അയണ്‍ ബാറ്ററി ഉത്പാദിപ്പിക്കുന്നതില്‍ ചൈന കൈവരിച്ച മികവാണ് ഇലക്ട്രിക് വാഹന നിര്‍മ്മാണ രംഗത്തെ മുന്നേറ്റത്തിന് കാരണം. ഈ ലോഹങ്ങള്‍ യഥേഷ്ടം ലഭ്യമാക്കുന്നതിന് വേണ്ടി ബൊളീവിയ, ചിലി, ഓസ്‌ട്രേലിയ, കോംഗോ തുടങ്ങിയ രാജ്യങ്ങളില്‍ ചൈന ഖനികള്‍ വാങ്ങിക്കൂട്ടിയിരുന്നു. ആഗോളതലത്തില്‍ തന്നെ ഇത്തരം ലോഹങ്ങളുടെ പ്രധാന വിതരണക്കാരായി ചൈനീസ് കമ്പനികള്‍ മാറിയിട്ടുണ്ട്. വരും നാളുകളില്‍ മിക്ക രാജ്യങ്ങള്‍ക്കും ഈ രംഗത്ത്് ചൈനയെ ആശ്രയിക്കേണ്ടിവരുമെന്നാണ് വിലയിരുത്തല്‍.
അധികം വൈകാതെ ഇന്ത്യയിലെ ഇരുചക്ര വാഹന വിഭാഗത്തിലെ ഡിമാന്‍ഡ് ചൈനയിലേതിനേക്കാള്‍ കൂടുമെന്നാണ് കരുതുന്നത്. ഇതര ഇലക്ട്രിക് വാഹനങ്ങളുടെ രംഗത്തും ഇന്ത്യയുടെ മുന്നേറ്റം അടുത്ത ദശകത്തില്‍ ഗണ്യമായുയരും. ഇത് മുന്നില്‍ കണ്ട് ഇലക്ട്രിക് വാഹന രംഗത്തെ ആഗോള ഭീമന്മാര്‍ വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തുമെന്നാണ് കരുതുന്നത്. ചൈനീസ് വാഹന നിര്‍മാതാക്കളായ എസ് ഐ സി മോട്ടോര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ എം ജി മോട്ടോര്‍ അടുത്ത വര്‍ഷം ഇന്ത്യയിലെ ഇലക്ട്രിക് കോംപാക്റ്റ് എ സ്യു വി വിപണിയിലെത്താനുള്ള തയ്യാറെടുപ്പിലാണ്. പ്രാദേശികമായി ഉല്‍പാദിപ്പിക്കുന്ന ആദ്യത്തെ ആഗോള ഇവികളില്‍ ഒന്നായിരിക്കും എം ജി മോട്ടോറിന്റേത്. ഇതിനായി എം ജി മോട്ടോര്‍ ഇന്ത്യ തങ്ങളുടെ പ്ലാന്റില്‍ 2,200 കോടി രൂപ മുതല്‍ മുടക്കി പുതിയ അസംബ്ലി ലൈന്‍ സ്ഥാപിച്ചുകഴിഞ്ഞു. എന്നാല്‍ ഇതിന്റെ ബാറ്ററികള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യും. ലോകത്തെ ഏറ്റവും വലിയ ലിഥിയം അയണ്‍ ബാറ്ററി ഉല്‍പ്പാദകരുടെ പട്ടികയിലുള്ള ചൈനീസ് കമ്പനിയായ സി എ ടി എല്ലില്‍ നിന്ന് ബാറ്ററികള്‍ വന്‍തോതില്‍ വാങ്ങുന്നതിന് എം ജി മോട്ടോര്‍ ഇന്ത്യ വൈകാതെ കരാര്‍ ഒപ്പിടും. ഡിമാന്‍ഡ് ഉയരുന്നപക്ഷം, സി എ ടി എല്‍ സഹകരണത്തോടെ ഇന്ത്യയില്‍ ബാറ്ററി അസംബ്ലിംഗ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്.
അതിരൂക്ഷമായ വായുമലിനീകരണം ചെറുക്കാന്‍ ചൈന നടപ്പാക്കിയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിക്കൂടിയാണ് നിരത്തുകളില്‍ ബസടക്കമുള്ള ഇലക്ട്രിക് വാഹനങ്ങള്‍ വന്‍തോതിലിറക്കിയത്. 2018 അവസാനത്തോടെ, ആഗോളവ്യാപകമായി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ എണ്ണം 300 ദശലക്ഷം കവിഞ്ഞപ്പോള്‍ അവയില്‍ ഭൂരിഭാഗവും ചൈനയിലാണ് ഓടിയിരുന്നത്. ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ ചൈനീസ് വിപണി ലോകത്തെവിടത്തേതിലും അനേക മടങ്ങ് വലുതാണ്. കഴിഞ്ഞ വര്‍ഷം മാത്രം 10 ലക്ഷത്തിലധികം ഇലക്ട്രിക് വാഹനങ്ങള്‍ ചൈനയില്‍ വില്‍പന നടത്തിയതായാണ് കണക്ക്. യൂറോപ്യന്‍ രാജ്യമായ നോര്‍വെയില്‍ കഴിഞ്ഞ വര്‍ഷം വിറ്റഴിച്ച വാഹനങ്ങളില്‍ 49 ശതമാനവും ഇലക്ട്രിക് വാഹനങ്ങളായിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനൊപ്പം ഇന്ധനചെലവിനുള്ള വന്‍തുക കൂടി ലാഭിക്കാന്‍ നോര്‍വെയ്ക്ക് കഴിഞ്ഞിരുന്നു. 2025ല്‍ നോര്‍വെയിലെ വാഹന വില്‍പനയില്‍ ഇലക്ട്രിക് വാഹനങ്ങളുടെ പങ്ക് 100 ശതമാനമായി ഉയരുമെന്നാണു ഭരണകൂടം കരുതുന്നത്. ഏറെ പിന്നില്‍ നിന്ന ശേഷം ചെറിയ ചുവടുവയ്‌പോടെ ഇന്ത്യയും ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ചൈനീസ് കമ്പനികളില്‍ ആവേശം പകരുന്നുണ്ട്.ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഉത്തേജനം നല്‍കുന്ന ബജറ്റാണ് ഇത്തവണ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചത്.
ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ജി എസ് ടി നിരക്ക് 5 ശതമാനമായി കുറച്ചു. മറ്റു വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജി എസ് ടി. കൂടാതെ 22 % സെസും. ഇതുകൂടാതെ മറ്റു സബ്‌സിഡികളും ആനുകൂല്യങ്ങളും വേറെയും. ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് 1.5 ലക്ഷം രൂപയുടെ അധിക ആദായനികുതി ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha