അമേരിക്ക ചൈന വ്യാപാര യുദ്ധം; നേട്ടമുണ്ടാക്കാനാവാതെ ഇന്ത്യ
അമേരിക്കയുമായുള്ള വ്യാപാരയുദ്ധം വര്‍ദ്ധിച്ചതോടെ ചൈനയില്‍ നിന്ന് പടിയിറങ്ങിയ കമ്പനികളില്‍ കൂടുതലും ചെന്നെത്തിയത് ഏഷ്യയിലെ മറ്റ് വികസ്വര രാജ്യങ്ങളിലേക്കാണ്. ഈ സാഹചര്യം ഏറ്റവുമധികം നേട്ടമുണ്ടാക്കുക ഇന്ത്യയ്ക്കായിരിക്കും എന്നാണ് പൊതുവേ കരുതിയിരുന്നത്. എന്നാല്‍, ഇതിന്റെ ഗുണം ഏറ്റവുമധികം ലഭിച്ചത് ഏഷ്യന്‍ വികസ്വര രാജ്യമായ വിയറ്റ്‌നാമിനാണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. നിക്ഷേപം താരതമ്യേന ഏറ്റവും സുഖകരവും സൗഹാര്‍ദ്ദവുമാണെന്നതാണ് വിയറ്റ്‌നാമിന്റെ പ്രത്യേകത. നിയമം, നികുതി എന്നിവയിലെ സുതാര്യതക്കുറവ്, ഉയര്‍ന്ന നികുതി വ്യവസ്ഥകള്‍ എന്നിവയാണ് ഇന്ത്യയ്ക്ക് തിരിച്ചടിയാകുന്നത്. ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശും ശ്രീലങ്കയും ഉള്‍പ്പെടെയുള്ള മറ്റ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളും ഇത്തരത്തില്‍ മാനുഫാക്ചറിംഗ് നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പരാജയപ്പെട്ടുകയാണ്.
ഇന്ത്യയുടെ നട്ടെല്ല് ഇപ്പോഴും കാര്‍ഷികഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലാണ്. സേവന മേഖലയെ ശക്തിപ്പെടുത്താനും ഇന്ത്യ ശ്രമിക്കുന്നു. എന്നാല്‍, ഏറെ സാദ്ധ്യതകളുള്ള മാനുഫാക്ചറിംഗ് രംഗത്ത് നിക്ഷേപം ആകര്‍ഷിക്കാന്‍ ഇന്ത്യയ്ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. നിക്ഷേപകര്‍ വരുമെന്നും അവര്‍ക്കായി ഒന്നും പ്രത്യേകിച്ച് ചെയ്യേണ്ടതില്ലെന്നുമുള്ള ധാരണ ഇന്ത്യന്‍ ഭരണകൂടത്തിനുണ്ടെന്നും അത് മാറ്റേണ്ടത് അനിവാര്യമാണെന്നും വിലയിരുത്തപ്പെടുന്നു. വൈദ്യുതി, ജല വിതരണം, മികച്ച ഗതാഗത സംവിധാനം തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കേണ്ടത് നിക്ഷേപം ആകര്‍ഷിക്കാന്‍ അത്യാവശ്യമാണ്. ചൈനയില്‍ നിന്നുള്ളവയടക്കമുള്ള മാനുഫാക്ചറിംഗ് കമ്പനികള്‍ ഉറ്റുനോക്കുന്നത് മത്സരക്ഷമതയിലാണ്. സര്‍ക്കാര്‍തല 'ഗിമ്മിക്കുകള്‍'ക്ക് നിക്ഷേപകരെ ആകര്‍ഷിക്കാന്‍ കഴിയില്ല. ലോകബാങ്കിന്റെ റിപ്പോര്‍ട്ടനുസരിച്ച് 2012ന് ശേഷം ഏറ്റവുമധികം നിക്ഷേപ സൗഹൃദ നിയമ പരിഷ്‌ക്കരണങ്ങള്‍ നടപ്പിലാക്കിയത് ആഫ്രിക്കന്‍ രാജ്യങ്ങളാണ്.
ചൈനയില്‍ നിന്ന് കൂടൊഴിയുന്ന കമ്പനികള്‍ ചേക്കേറുന്നത് കൂടുതലായും വിയറ്റ്‌നാമിലും സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലുമാണ്. എതോപ്യ അടുത്തിടെ മാത്രം സാക്ഷാത്കരിച്ചത് പത്തിലേറെ വ്യവസായ പാര്‍ക്കുകളാണ്. സബ്‌സഹാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ജി.ഡി.പിയേക്കാള്‍ 70 മടങ്ങ് വലുതാണ് ഇന്ത്യ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയുടെ ജി.ഡി.പി. എന്നാല്‍, ദക്ഷിണേഷ്യ 2012ന് ശേഷം നേടിയ മൊത്തം നിക്ഷേപത്തിന്റെ മൂന്നിലൊന്നിന് തുല്യ നിക്ഷേപം ഇക്കാലയളവില്‍ സബ്‌സഹാറന്‍ ആഫ്രിക്ക സ്വന്തമാക്കി.
https://www.facebook.com/Malayalivartha