സവാള വില വര്‍ദ്ധനവിന് പിന്നാലെ തക്കാളിവിലയും കുതിച്ചുയരുന്നു; ഇറക്കുമതി ചെയ്യാന്‍ കേന്ദ്ര നീക്കം
സവാള വില വര്‍ദ്ധന പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തീവ്രശ്രമം തുടരുന്നതിനിടെ രാജ്യത്ത് തക്കാളിയുടെ വിലയും കുതിച്ചു യരുന്നു. കൃഷി പ്രധാനമായുള്ള കര്‍ണാടക, മഹാരാഷ്ട്ര, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുണ്ടായ കനത്ത മഴമൂലം വിളനാശമുണ്ടായതാണ് സവാളയുടെയും തക്കാളിയുടെയും വില 300% വരെ കുതിച്ചുയരാന്‍ കാരണം. നവരാത്രി ദസറ ഉത്സവങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പേ തന്നെ തക്കാളിയുടെയും സവാളയുടെയും വില ക്രമാതീതമായി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ആഴ്ചയില്‍ 40 മുതല്‍ 60 രൂപ വരെ ഉണ്ടായിരുന്ന തക്കാളിയുടെ വില ഇന്നലെ 80 രൂപയിലേക്ക് കുതിക്കുകയായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി രാജ്യതലസ്ഥാനത്ത് സവാളയുടെ വില 80 രൂപയില്‍ തന്നെ തുടരുകയാണ്.
നിലവില്‍ ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ വിലയാണ് ഒരു കിലോഗ്രാം സവാളക്കുള്ളത്. 74 രൂപയാണ് ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന്റെ ഇന്നത്തെ വില. കഴിഞ്ഞ ഒന്നു രണ്ടാഴ്ചയായി തുടരുന്ന വിലക്കയറ്റമാണ് സവാളിയുടെ കാര്യത്തില്‍ ഡല്‍ഹി, മുംബൈ അടക്കമുള്ള സ്ഥലങ്ങളില്‍ നേരിടുന്നത്. സവാളവില 80 രൂപയിലേക്ക് കടന്നതിനെ തുടര്‍ന്ന് ഡല്‍ഹി സര്‍ക്കാര്‍ കിലോഗ്രാമിന് 24 രൂപയ്ക്ക് വില്‍പന തുടങ്ങിയിരുന്നെങ്കിലും വിലക്കയറ്റം പിടിച്ചുനിര്‍ത്താനായിട്ടില്ല. ഇതിനെതിരേ നടപടിയെടുക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും വില കുറയുന്നതിനുള്ള ഒരു സാഹചര്യവും സംജാതമായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നത്.
സവാള വിലയില്‍ അപകടം മണത്തുതുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ ഇറക്കുമതിക്കുള്ള നടപടി തുടങ്ങി. സര്‍ക്കാരിന്റെ പക്കല്‍ ആവശ്യത്തിന് കരുതല്‍ ശേഖരം ഉണ്ടെന്ന് കഴിഞ്ഞദിവസം വരെ ആവര്‍ത്തിച്ചിരുന്ന ഭക്ഷ്യപൊതുവിതരണ മന്ത്രാലയം ഒക്ടോബര്‍ അവസാന ആഴ്ചയിലെ ആവശ്യത്തിലേക്ക് 2000 ടണ്‍ ഇറക്കുമതിക്ക് ടെന്‍ഡര്‍ ക്ഷണിച്ചു. കിലോ ഗ്രാമിന് 25 രൂപ നിരക്കില്‍ സവാള എത്തിക്കാനാണ് ശ്രമം.
കേന്ദ്ര സര്‍ക്കാര്‍ വില പിടിച്ചു നിര്‍ത്താന്‍ കരുതലുണ്ടായിരുന്ന 56000 ടണ്‍ സവാളയില്‍ 18000 ടണ്‍ വിതരണം ചെയ്താണ് കഴിഞ്ഞ ദിവസങ്ങളില്‍ വിപണിയില്‍ ഇടപെട്ടത്. ഇതിന് പിന്നാലെ സവാള കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയും കൈവശംവയ്ക്കുന്നതിന് പരിധി നിശ്ചയിച്ചും സര്‍ക്കാര്‍ നിലപാട് കടുപ്പിക്കുകയും ചെയ്തിരുന്നു. വില 60 രൂപയിലേക്ക് താഴ്ന്നതായി സര്‍ക്കാര്‍ തന്നെ അറിയിച്ചെങ്കിലും ഭാവിയില്‍ പ്രതിസന്ധി കനക്കുമെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കേന്ദ്ര പൊതുമേഖല സ്ഥാപനമായ നാഫെഡ്, നാഷനല്‍ കോപറേറ്റീവ് കണ്‍സ്യൂമേഴ്‌സ് എന്നിവയുമായി ബന്ധപ്പെട്ട് സവാള വിപണിയിലെത്തിച്ച് വില നിയന്ത്രിക്കാന്‍ സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha