സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് കേരളത്തിലേക്കും; ആദ്യ സര്‍വ്വീസ് എറണാകുളം തിരുവനന്തപുരം റൂട്ടില്‍
സ്വകാര്യമേഖലയില്‍ സര്‍വ്വീസ് ആരംഭിച്ച തേജസ് ട്രെയിനിന് ലഭിച്ച സ്വീകാര്യതയെത്തുടര്‍ന്ന് എറണാകുളം തിരുവനന്തപുരം റൂട്ടിലടക്കം അടുത്ത 5 വര്‍ഷത്തിനകം സ്വകാര്യ ട്രെയിന്‍ സര്‍വ്വീസ് ആരംഭിക്കാന്‍ ഇന്ത്യന്‍ റെയില്‍വേ നീക്കം തുടങ്ങി. വിമാനക്കമ്പനികളടക്കം സര്‍വ്വീസ് നടത്താനുള്ള സ്വകാര്യ സംരംഭകരുടെ ആവേശം ഉള്‍ക്കൊണ്ട് അടുത്ത് തന്നെ സ്വകാര്യവല്‍ക്കരണ നയം പ്രഖ്യാപിക്കാനൊരുങ്ങുകയാണ് റെയില്‍വേ. വിമാനക്കമ്പനികളായ ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, യാത്രാ പോര്‍ട്ടലായ മേക്ക് മൈ ട്രിപ് എന്നിവയാണ് ട്രെയിന്‍ സര്‍വീസുകള്‍ ആരംഭിക്കാനുള്ള താല്‍പര്യം റെയില്‍വേയെ അറിയിച്ചത്. യാത്രാ കേറ്ററിങ് രംഗത്തുള്ള മറ്റു ചില കമ്പനികളും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
മെട്രോ നഗരങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുന്ന സര്‍വ്വീസുകള്‍ക്കു പുറമേ മുംബൈ - അഹമ്മദാബാദ്, മുംബൈ - പുണെ, മുംബൈ - ഔറംഗാബാദ്, മുംബൈ - മഡ്ഗാവ്, ഡല്‍ഹി - അമൃത്!സര്‍, ഡല്‍ഹി - ജയ്പുര്‍, ഹൗറ - പുരി, ചെന്നൈ - ബെംഗളൂരു, സെക്കന്ദരാബാദ് - വിജയവാഡ, ഹൗറ - പട്‌ന, ഹൗറ - ടാറ്റാനഗര്‍, ചെന്നൈ - മധുര എന്നിവയാണ് സ്വകാര്യവല്‍ക്കരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന മറ്റ് ഇന്റര്‍സിറ്റി റൂട്ടുകള്‍. ഡല്‍ഹി - ലക്‌നൗ തേജസ് എക്‌സ്പ്രസാണ് ഒക്ടോബര്‍ നാലിന് ആരംഭിച്ച ആദ്യ സ്വകാര്യ ട്രെയിന്‍. ട്രെയിന്‍ വൈകുന്നതിനനുസരിച്ച് യാത്രക്കാര്‍ക്ക് മണിക്കൂറിന് 100 രൂപ മുതല്‍ നഷ്ടപരിഹാരം, 25 ലക്ഷത്തിന്റെ ഇന്‍ഷുറന്‍സ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ നടത്തിപ്പുകാരായ ഐ ആര്‍ സി ടി സി പ്രഖ്യാപിച്ചിരുന്നു.
5 വര്‍ഷത്തിനുള്ളില്‍ 150 ട്രെയിനുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സ്വകാര്യപങ്കാളിത്തം സംബന്ധിച്ച ചട്ടക്കൂടു തയ്യാറായാല്‍ താല്‍പര്യമുള്ള സംരംഭകരുടെ യോഗം വിളിക്കാന്‍ റെയില്‍വേ തീരുമാനിച്ചിട്ടുണ്ട്. പങ്കാളിത്തം, ലാഭവിഹിതം തുടങ്ങിയവയെക്കുറിച്ച് വ്യക്തമാക്കുന്നതാവും നയം.
https://www.facebook.com/Malayalivartha