കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിക്ക് പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി
സംയോജിത ഗതാഗത സംവിധാനത്തിന്റെ ഭാഗമായി കെ എം ആര്‍ എല്‍ ആവിഷ്‌കരിച്ച വാട്ടര്‍ മെട്രോ പദ്ധതിക്ക് പരിസ്ഥിതി വനം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ഇത് സംബന്ധിച്ച് മന്ത്രാലയത്തിന് മുന്നില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയിരുന്നു. കേരളത്തിന്റെ സ്വപ്ന പദ്ധതിയായ കൊച്ചിവാട്ടര്‍ മെട്രോ പദ്ധതിയുടെ പുരോഗതിക്ക് നിര്‍ണായകമായ നടപടിയാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. കേരള തീരദേശ പരിപാലന അതോറിറ്റി കഴിഞ്ഞ ഫെബ്രുവരിയില്‍ പദ്ധതിക്ക് ശിപാര്‍ശ ചെയ്തിരുന്നു.
നദികളുടെയോ ജലസ്രോതസുകളുടെയോ ഒഴുക്കിനെ തടസപ്പെടുത്തുന്നതായ ഒരു ഇടപെടലും ഉണ്ടാകരുതെന്ന് മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ ദുരന്തനിവാരണ പദ്ധതിയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളും നടപ്പാക്കാന്‍ മന്ത്രാലയം അധികാരികളോട് ആവശ്യപ്പെട്ടു. ആധുനിക രീതിയിലുള്ളതും പരിസ്ഥിതി സൗഹൃദവുമായ ബോട്ടുകളാണ് പദ്ധതിയില്‍ ഉപയോഗിക്കേണ്ടത്.
വേഗമേറിയതും സുരക്ഷിതവുമായ ജലയാനങ്ങള്‍ ഉപയോഗിച്ച് വിശാല കൊച്ചി മേഖലയിലേയും പ്രാന്ത പ്രദേശങ്ങളിലേയും ജലഗതാഗതം ആധുനികവത്കരിക്കുന്ന പദ്ധതിയാണ് വാട്ടര്‍ മെട്രോ. വാട്ടര്‍ മെട്രോ പദ്ധതി ഈ വര്‍ഷം അവസാനം തുടങ്ങാനാണ് കെ എം ആര്‍ എല്‍ ഉദ്ദേശിക്കുന്നത്.
https://www.facebook.com/Malayalivartha