5ജി സേവനത്തില്‍ ചരിത്രനേട്ടവുമായി ചൈന
ലോകത്തെ ഏറ്റവും വലിയ 5ജി ശൃംഖലക്ക് തുടക്കം കുറിച്ച് ചൈന. രാജ്യത്തെ പ്രമുഖ 50 നഗരങ്ങളില്‍ അതിവേഗ 5ജി നെറ്റ്‌വര്‍ക്ക് അവതരിപ്പിച്ചതോടെയാണ് ചൈന ചരിത്ര നേട്ടം സ്വന്തമാക്കിയത്. ചൈന മൊബൈല്‍, ചൈന ടെലികോം, ചൈന യുണികോണ്‍ എന്നീ മൂന്ന് ടെലികോം സേവനദാതാക്കള്‍ ചേര്‍ന്നാണ് നവംബര്‍ ഒന്നിന് 5ജി സേവനം ആരംഭിച്ചത്. യുഎസും, ദക്ഷിണ കൊറിയയും ഉള്‍പ്പെടെ ഏതാനും രാജ്യങ്ങള്‍ ചില പ്രദേശങ്ങളില്‍ മാത്രം 5ജി സേവനം ലഭ്യമാക്കുമ്പോഴാണ് ചൈന വ്യാപകമായി 5ജി സേവനം ലഭ്യമാക്കി ചരിത്രം കുറിച്ചത്.
വാവെയ് ഉള്‍പ്പെടെ ചൈനീസ് ടെലികോം ഹാര്‍ഡ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് യു എസ് വിലക്കേര്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ ചൈനയുടെ നേട്ടത്തിന് രാഷ്ട്രീയമാനം കൂടിയുണ്ട്. ചൈനയിലെ 5ജി നെറ്റ്‌വര്‍ക്കിന്റെ പകുതിയിലേറെയും പ്രവര്‍ത്തിക്കുന്നത് വാവെയ് സാങ്കേതികവിദ്യയിലാണ്. എറിക്‌സണ്‍, നോക്കിയ, സെഡ്ടിഇ എന്നീ കമ്പനികളാണ് തൊട്ടുപിറകില്‍.
ബെയ്ജിങ്ങും ഹാങ്ഹായും ഉള്‍പ്പെടെയുള്ള 50 നഗരങ്ങളിലായി 12,000 ബേസ് സ്‌റ്റേഷനുകള്‍ ഒരുക്കിയാണ് കോടിക്കണക്കിനാളുകള്‍ക്ക് 5ജി സേവനം ലഭ്യമാക്കുന്നത്. ലോകത്ത് ഏറ്റവുമധികം ഇന്റര്‍നെറ്റ് ഉപയോക്താക്കളുള്ള ചൈനയില്‍ 2020 ആകുമ്പോഴേക്കും ഏകദേശം 11 കോടി 5ജി ഉപയോക്താക്കളുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍.
https://www.facebook.com/Malayalivartha