ബി എസ് എന്‍ എല്‍ ഏപ്രില്‍ ഒന്ന് മുതല്‍ 4ജിലേക്ക്
ഇന്ത്യാ ഡരിത്രത്തിലെ ഏറ്റവും വലിയ വിരമിക്കലിന് സാക്ഷ്യം വഹിച്ച ബി എസ് എന്‍ എല്‍ രക്ഷാ പാക്കേജിന്റെ ഭാഗമായി 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഇതോടെ ഏപ്രില്‍ ഒന്ന് മുതല്‍ രാജ്യവ്യാപകമായി 4ജി ലഭിച്ചു തുടങ്ങും. നിലവില്‍ കേരളത്തിലെ അടക്കം കുറച്ച് സ്ഥലങ്ങളില്‍ മാത്രം ലഭ്യമാക്കിയ 4ജിയുടെ മാതൃകയാകും നടപ്പാക്കുക ഇതിനുസരിച്ച് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കോര്‍പറേറ്റ് ഓഫിസ് നിര്‍ദേശം നല്‍കി കഴിഞ്ഞു. ടവറുകള്‍ ആധുനീകരിക്കാനുള്ള സമയം കണക്കിലെടുത്താണ് ഏപ്രില്‍ വരെ സമയം അനുവദിച്ചത്. ഇതോടെ രാജ്യത്തെ ഒരു ലക്ഷം ടവറുകള്‍ 4ജിയായി മാറും. നിലവിലുള്ള 50,000 ടവറുകള്‍ അപ്‌ഡേറ്റ് ചെയ്യും. 50,000 ടവറുകളില്‍ പുതിയ ഉപകരണങ്ങള്‍ സ്ഥാപിക്കും. 4ജി അവതരിപ്പിച്ച സ്ഥലങ്ങളില്‍ ഫോണ്‍ വിളികള്‍ക്ക് 2ജിയും ഡേറ്റ ഉപയോഗത്തിന് 4ജിയും എന്ന മാതൃകയാണ് നടപ്പാക്കിയത്.
ജി എസ് ടി അടക്കം 15,853 കോടി രൂപയാണ് 4ജിക്ക് ബി എസ് എന്‍ എല്‍ ചെലവ് പ്രതീക്ഷിക്കുന്നത്. ഇത് കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ഇതടക്കമുള്ള തുക ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ 701 ടവറുകളിലാണ് നിലവില്‍ 4ജി സേവനം നല്‍കുന്നത്. രാജ്യത്താകെ ചെറുതും വലുതുമായ 35000 ല്‍ പരം ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളാണ് ബി എസ് എന്‍ എല്ലിനുള്ളത്.
ഏറ്റവും പുതിയ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസമായി മൊബൈല്‍ വരിക്കാരുടെ എണ്ണത്തില്‍ നേട്ടം ജിയോക്കും ബി എസ് എന്‍ എല്ലിനും മാത്രമാണ്. സെപ്റ്റംബറില്‍ 7.35 ലക്ഷം വരിക്കാരെയാണ് ബി എസ് എന്‍ എല്ലിനു പുതുതായി കിട്ടിയത്. ലാന്‍ഡ് ഫോണ്‍ വരിക്കാരുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞ് 10,129,492 ആയി. മറ്റു കമ്പനികള്‍ ലാന്‍ഡ്‌ലൈന്‍ രംഗത്ത് എത്തിയെങ്കിലും ആധിപത്യം ബി എസ് എന്‍ എല്ലിനു തന്നെ.
സ്വയം വിരമിക്കല്‍ പദ്ധതി വഴി 50 ശതമാനത്തിലേറെ ജീവനക്കാര്‍ പുറത്തു പോയ ശേഷം പ്രവര്‍ത്തനം തുടരുന്ന ബി എസ് എന്‍ എല്‍ സേവനങ്ങളില്‍ പ്രതിസന്ധി തുടരുകയാണ്. പലയിടത്തും ജീവനക്കാരുടെ കുറവുണ്ടെന്ന് ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. റീചാര്‍ജ് അടക്കമുള്ള സേവനങ്ങള്‍ ഉപഭോക്തൃ സേവന കേന്ദ്രങ്ങളില്‍ നിന്നു ലഭിക്കുന്നില്ലെന്നാണ് പരാതി.
https://www.facebook.com/Malayalivartha