ജോണ്‍സണ്‍ & ജോണ്‍സണ്‍ ബേബി പൗഡറിന്റെ വില്‍പ്പന നിര്‍ത്തുന്നു.. ടാല്‍ക്കം പൗഡര്‍ കാന്‍സറുണ്ടാക്കുമെന്ന് 19000 കേസുകള്‍
കൊറോണ പ്രതിസന്ധി മൂലം ടാൽകം പൗഡര്‍ ബിസിനസിന് വിരാമം ഇടാൻ ജോൺസൺ ആൻഡ് ജോൺസൺ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. അമേരിക്കയിലും കാനഡയിലും ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ ബേബി പൗഡര്‍ വില്‍പ്പന നിര്‍ത്തുകയാണെന്ന് കമ്പനി പ്രഖ്യാപിച്ചു. ഡിമാന്‍ഡ് കുറഞ്ഞതിനാലാണു പിന്‍മാറ്റമെന്നാണ് കമ്പനി വിശദീകരണം.എങ്കിലും ബേബി പൗഡറില്‍ കാന്‍സറിനിടയാക്കുന്ന രാസവസ്തുക്കളുണ്ടെന്നാരോപിച്ച് പല കോടതികളിലായുള്ള 19000 കേസുകളാണ് യഥാര്‍ത്ഥ കാരണമെന്ന് നിരീക്ഷകര്‍ പറയുന്നു.
ചില വ്യവഹാരങ്ങളില്‍ കമ്പനി വിജയം നേടിയെങ്കിലും പലതിലും തോറ്റു. 2018 ല്‍ ഒരു കേസില്‍ 22 വാദികള്‍ക്ക് 4.69 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടിവന്നു. അമേരിക്കയിലും കാനഡയിലും കോണ്‍സ്റ്റാര്‍ച്ച് അധിഷ്ഠിത ബേബി പൗഡര്‍ വില്‍ക്കുന്നത് തുടരുമെന്നും ടാല്‍ക്കം ബേബി പൗഡര്‍ മറ്റ് രാജ്യങ്ങളില്‍ ലഭ്യമാകുമെന്നും ജോണ്‍സണ്‍ & ജോണ്‍സണ്‍ അറിയിച്ചു.
ടാൽകം പൗഡറിലെ ആസ്ബറ്റോസ് ക്യാൻസറിനു കാരണമാകുന്നുണ്ട് എന്ന ആരോപണത്തെ തുടര്‍ന്ന് യുഎസിലും കാനഡയിലും ഒക്കെ ടാൽകം പൗഡര്‍ ബിസിനസ് കുത്തനെ ഇടിഞ്ഞിരുന്നു. കോടിക്കണക്കിന് രൂപ ഇതിനകം നഷ്ടപരിഹാരമായി നല്‍കേണ്ടിയും വന്നിട്ടുണ്ട്. 1980 മുതലാണ് പ്രധാനമായും ജെ ആന്റ് ജെ ഉത്പന്നങ്ങള്‍ക്കെതിരെ പരാതി ഉയര്‍ന്നു തുടങ്ങിയത്
വ്യാപകമായ പരാതിയെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ 33000 ബോട്ടില്‍ ബേബി പൗഡര്‍ കമ്പനി തിരിച്ചുവിളിച്ചിരുന്നു. ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ പൗഡറില്‍ യു.എസ് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയില്‍ കാന്‍സറിന് കാരണമാവുന്ന മാരക വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ജോണ്‍സണ്‍ ആന്റ് ജോണ്‍സന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഉല്‍പന്നം തിരിച്ചുവിളിക്കുന്ന സാഹചര്യം ഉണ്ടായത്.
എന്നാല്‍ ഉല്‍പന്നത്തിന്റെ ഗുണനിലവാരത്തിലും സുരക്ഷയിലും ആത്മവിശ്വാസമുണ്ടെന്നും കോടതിയില്‍ തെളിയിക്കുമെന്നും ജെ ആന്റ് ജെ അവകാശപ്പെടുന്നു. അതേസമയം മാധ്യമങ്ങള്‍ നടത്തിയ അന്വേഷണത്തില്‍ ജോണ്‍സന്‍ ആന്റ് ജോണ്‍സന്റെ പല രേഖകളിലും ടാല്‍ക്കം ഉല്‍പന്നങ്ങളെക്കുറിച്ച് ആശങ്കാകുലരാണെന്ന് കമ്പനി എക്‌സിക്യൂട്ടീവുകള്‍ തന്നെ വെളിപ്പെടുത്തിയെന്ന വിവരം പുറത്തുവന്നിട്ടുണ്ട്.
https://www.facebook.com/Malayalivartha