സി എന്‍ ജി ബസിന് 650 കോടിയുടെ പദ്ധതിയുമായി കെ യു ആര്‍ ടി സി
സിഎന്‍ജി (കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ്) ബസുകള്‍ നിരത്തിലിറക്കാന്‍ 650 കോടി രൂപയുടെ പദ്ധതിയുമായി കേരള അര്‍ബന്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്‍ (കെയുആര്‍ടിസി). ഇന്ധനച്ചെലവും മലിനീകരണവും കുറവാണ് എന്നതാണ് കോര്‍പറേഷനെ ഇതിനു പ്രേരിപ്പിച്ചത്. പരീക്ഷണ ഓട്ടത്തിനുള്ള ബസുകള്‍ക്കു ടെന്‍ഡര്‍ ക്ഷണിച്ചു. പദ്ധതിക്കു സാമ്പത്തിക സഹായം ലഭ്യമാക്കാന്‍ ജര്‍മന്‍ വികസന ബാങ്കുമായി ചര്‍ച്ചകള്‍ തുടങ്ങി.
ആദ്യഘട്ടത്തില്‍ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്കുസര്‍വീസുകളാണു തുടങ്ങുക. രണ്ടാംഘട്ടത്തില്‍ കോഴിക്കോട്ടും മൂന്നാം ഘട്ടത്തില്‍ തിരുവനന്തപുരത്തും സര്‍വീസുകള്‍ തുടങ്ങും. എസി, നോണ്‍ എസി ബസുകള്‍ സര്‍വീസിനുണ്ടാകും.
നിലവിലുള്ള ബസുകള്‍ സിഎന്‍ജിയിലേക്കു മാറ്റുന്നത് അധികച്ചെലവാണെന്നാണു വിലയിരുത്തല്‍. ഡീസല്‍ എന്‍ജിന്‍ മാറ്റി സിഎന്‍ജിയാക്കാന്‍ 10 ലക്ഷത്തോളം രൂപയാണു ചെലവ്. ഡല്‍ഹി ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ഇതു പരീക്ഷിച്ചെങ്കിലും അറ്റകുറ്റപ്പണികള്‍ക്കു വന്‍ തുക ചെലവഴിക്കേണ്ടിവരുന്നുണ്ട്. അതുകൊണ്ടുതന്നെ പുതിയ സിഎന്‍ജി ബസുകള്‍ മാത്രം വാങ്ങിയാല്‍ മതിയെന്നാണു തീരുമാനം.
ജര്‍മന്‍ വികസന ബാങ്ക് അധികൃതരുമായി പദ്ധതി സംബന്ധിച്ചു നാളെ കൊച്ചിയില്‍ ചര്‍ച്ച നടത്തും. കൊച്ചി വാട്ടര്‍ മെട്രോ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കു ജര്‍മന്‍ ബാങ്കുമായി വായ്പാ കരാറുണ്ട്.
കഴിഞ്ഞ വര്‍ഷത്തെ ബജറ്റിലും ഇടതു സര്‍ക്കാരിന്റെ പുതിയ ബജറ്റിലും സിഎന്‍ജി ബസ് പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു.
പദ്ധതിയുടെ മുന്നോടിയായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ 15 സിഎന്‍ജി പമ്പുകള്‍ സ്ഥാപിക്കാന്‍ ഗതാഗത വകുപ്പു തീരുമാനിച്ചിട്ടുണ്ട്. ഡീസലിനെ അപേക്ഷിച്ചു സിഎന്‍ജി ലീറ്ററിനു 10 മുതല്‍ 15 രൂപവരെ കുറവാണ്. ഇന്ധനക്ഷമതയിലും നേരിയ മാറ്റമുണ്ടാകും.
https://www.facebook.com/Malayalivartha