കൊച്ചി സ്റ്റാര്‍ട് അപ് വില്ലേജിന് ദേശീയ അംഗീകാരം
യുവ സ്റ്റാര്‍ട്ടപ് കമ്പനികളെ പരിപാലിക്കുന്ന ഇന്‍ക്യുബേറ്ററുകളെക്കുറിച്ചു നടത്തിയ സര്‍വേയില്‍ ഒന്നാം സ്ഥാനം കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജിന്. തലസ്ഥാനത്തെ കേരള സ്റ്റാര്‍ട്ടപ് മിഷന് രണ്ടാം സ്ഥാനവും നേടി.ഐടി സാങ്കേതിക രംഗത്തെ പ്രമുഖ മാസിക ഒന്‍ട്രപ്രനര്‍ ആണ് സര്‍വ്വേ നടത്തിയത്.ആദ്യമായിട്ടാണ് സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ് സംരംഭക സംവിധാനത്തിനു ദേശീയ അംഗീകാരം ലഭിക്കുന്നത്.
ഐഐടികളും ഐഐഎമ്മുകളും മറ്റനേകം പ്രമുഖ സര്‍വകലാശാലകളും നേരിട്ടു നടത്തുന്ന ബിസിനസ് ഇന്‍ക്യുബേറ്ററുകളെ പിന്തള്ളിയാണ് സ്റ്റാര്‍ട്ടപ് വില്ലേജും സ്റ്റാര്‍ട്ടപ് മിഷനും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐടി വകുപ്പ് രൂപീകരിച്ചതാണ് കൊച്ചിയിലെ സ്റ്റാര്‍ട്ടപ് വില്ലേജ്. സ്റ്റാര്‍ട്ടപ് വില്ലേജിനെയും അതുപോലുള്ള മറ്റ് ഇന്‍ക്യുബേറ്ററുകളെയും പരിപോഷിപ്പിക്കാനുള്ള ഭരണപരമായ സംവിധാനമാണ് തലസ്ഥാനത്തെ സ്റ്റാര്‍ട്ടപ് മിഷന്‍.
കൊച്ചി സ്റ്റാര്‍പ് വില്ലേജില്‍ നിന്നു ബിസിനസ് ലോകത്തേക്കു വിരിഞ്ഞിറങ്ങിയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 53 ആണെങ്കില്‍ സ്റ്റാര്‍ട്ടപ് മിഷന്റെ കീഴില്‍ 150 ചെറിയ കമ്പനികളും വളര്‍ച്ച പ്രാപിച്ചു. ടെക്‌നോപാര്‍ക്കിലെ ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേഷന്‍ സെന്ററിലെ കമ്പനികളും ഇതിലുള്‍പ്പെടുന്നു. ഇവയില്‍ ഭൂരിപക്ഷവും വിദ്യാര്‍ഥികളുടെ ചെറുകമ്പനികളാണ്.
പൊതു സ്വകാര്യ പങ്കാളിത്തമുള്ള ഇന്ത്യയിലെ ഏക ഇന്‍ക്യുബേറ്ററാണ് കൊച്ചി സ്റ്റാര്‍ട്ടപ് വില്ലേജ് എന്ന് ഒന്‍ട്രപ്രനര്‍ വിലയിരുത്തി. കേരളത്തിന്റെ സ്റ്റാര്‍ട്ടപ് നയം നടപ്പാക്കുന്നതും വിദ്യാര്‍ഥികള്‍ക്കിടയില്‍ സംരംഭക സംസ്‌കാരം വളര്‍ത്തുന്നതും സ്റ്റാര്‍ട്ടപ് മിഷന്റെ ചുമതലകളില്‍പ്പെടുന്നു.
അമിറ്റി സര്‍വകലാശാലയുടെ ഇന്‍ക്യുബേഷന്‍ കേന്ദ്രത്തിനാണു മൂന്നാം സ്ഥാനം. നാസ്‌കോം, ചെന്നൈ ഐഐടി, അഹമ്മദാബാദ് ഐഐഎം, മുംബൈ ഐഐടി എന്നിവയുടെ ഇന്‍ക്യുബേറ്ററുകള്‍ നാലും അഞ്ചും ആറും ഏഴും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മികച്ച 25 ഇന്‍ക്യുബേഷന്‍ സെന്ററുകളുടെ പട്ടികയും സര്‍വേയിലൂടെ കണ്ടെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha