ചെറുനഗരങ്ങളെ ബന്ധിപ്പിച്ച് ആഭ്യന്തര വിമാന സര്‍വീസ് വരുന്നു
രാജ്യത്തെ ചെറു നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള ആഭ്യന്തര സര്‍വീസ് പദ്ധതിക്ക് (ആര്‍സിഎസ്) അടുത്ത മാസം 15നു തുടക്കമാകും. വ്യോമഗതാഗത ശൃംഖല വിപുലപ്പെടുത്താന്‍ ലക്ഷ്യമിട്ടു നടപ്പാക്കുന്ന പദ്ധതിയില്‍ ഭാഗമാകാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ തയ്യാറായി മുന്നോട്ടുവന്നതായി വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ അറിയിച്ചു.
സംസ്ഥാനങ്ങളും വിമാന കമ്പനികളും മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ കൂടി കണക്കിലെടുത്താവും പദ്ധതി നടപ്പാക്കുക. പദ്ധതി സംബന്ധിച്ച അഭിപ്രായങ്ങള്‍ അറിയിക്കാന്‍ ഈ മാസം 31 വരെ സമയമനുവദിച്ചിട്ടുണ്ട്. പദ്ധതിയില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ള സംരംഭകരില്‍ നിന്നു 15നു ശേഷം അപേക്ഷ ക്ഷണിക്കും. 200 മുതല്‍ 800 വരെ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിച്ചു വിമാന സര്‍വീസ് നടത്തുന്നതിന് 390 റൂട്ടുകളാണു വ്യോമയാന മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. 200 കിലോമീറ്റര്‍ എന്ന ചുരുങ്ങിയ ദൂരപരിധി കുറയ്ക്കണമെന്നു ചെറു സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തെ ഉള്‍നാടന്‍ മേഖലകളെ വ്യോമമാര്‍ഗം ബന്ധിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി, പരമാവധി ആളുകള്‍ക്കു പ്രയോജനം ലഭിക്കുംവിധം രൂപകല്‍പന ചെയ്യും. കൂടിയ യാത്രാനിരക്ക് 2500 രൂപയായി നിജപ്പെടുത്താന്‍ ശ്രമം നടത്തും.
സര്‍വീസ് നടത്തുന്ന വിമാന കമ്പനികള്‍ക്കു മൂന്നു വര്‍ഷത്തേക്കു സര്‍ക്കാര്‍ സബ്‌സിഡി നല്‍കും. മൂന്നു വര്‍ഷത്തിനു ശേഷവും നഷ്ടം നേരിടുന്ന റൂട്ടുകളില്‍ സര്‍വീസ് തുടരില്ല. പദ്ധതിയുടെ ഭാഗമായി 60 വിമാനത്താവളങ്ങള്‍ നവീകരിക്കും. ഇതില്‍ 50 എണ്ണം സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലുള്ളവയാണ്. ഇവയുടെ നവീകരണത്തിനു കേന്ദ്രം ഫണ്ട് അനുവദിക്കും
https://www.facebook.com/Malayalivartha